ഇവരുടേത് വെല്ലുവിളികളെ അതിജീവിച്ചു നേടിയ വിജയം

Kerala

author

അധ്വാനിക്കാനുളള മനസും വെല്ലുവിളികളെ നേരിടാനുള്ള ആത്മധൈര്യവും ഉണ്ടെങ്കില്‍ ജീവിതവിജയം കരസ്ഥമാക്കാനാകുമെന്നു തെളിയിച്ചിരിക്കുകയാണു തൃക്കൂര്‍ കളളായി സ്വദേശികളായ അഞ്ച് ചെറുപ്പക്കാര്‍. പുത്തൂര്‍ പഞ്ചായത്തിലെ വല്ലൂരില്‍ കാഞ്ഞിരമറ്റം അക്വാപോണിക്‌സ് എന്ന അക്വാപോണിക് ഓര്‍ഗാനിക് ഫാം ആരംഭിക്കുമ്പോള്‍ ഇവര്‍ക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവും മാത്രമായിരുന്നു കൈമുതല്‍.

ഹൈടെക് രീതികള്‍ അവലംബിച്ചു പച്ചക്കറി, മത്സ്യകൃഷിയിലൂടെ പുതിയ ജീവിതവിജയമാണ് ഈ ചെറുപ്പക്കാര്‍ എത്തിപ്പിടിക്കുന്നത്. ഇന്ന് 50 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ വ്യാവസായിക അക്വാപോണിക് ഫാമിന്റെ ഉടമകളാണ് ഇവര്‍. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏറ്റവുംവലിയ അക്വാപോണിക് ഫാമും ഇതു തന്നെയാണെന്ന് ഈ ചെറുപ്പക്കാര്‍ പറയുന്നു.

തൊഴില്‍ വേറെ, ജീവിതം വേറെ

വ്യത്യസ്തമായ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരായിരുന്നു ഷിജു, ശ്രീജേഷ്, ഉമേഷ്, ജിജീഷ്, അവിനേഷ് എന്നിവര്‍. സ്വകാര്യ സ്ഥാപനങ്ങളിലെ ഭേദപ്പെട്ട ജോലിയുണ്ടെങ്കിലും ജീവിതത്തിലെ ബാധ്യതകള്‍ പരിഹരിക്കാന്‍ അത് അപര്യാപ്തമായിരുന്നു. അങ്ങനെയാണ് സമാന്തരമായി മറ്റൊരു വരുമാന മാര്‍ഗത്തെക്കുറിച്ചു ചിന്തിച്ചത്. അതു പുതിയ കൃഷിരീതിയിലാണ് എത്തി നിന്നത്.
തുടര്‍ന്ന് മൂന്നു വര്‍ഷം സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പരിശീലന ക്ലാസുകളില്‍ പങ്കെടുത്തു. അറുപതിലേറെ അക്വാപോണിക് ഫാമുകള്‍ സന്ദര്‍ശിച്ചു. സ്വാഭാവിക ജലസ്രോതസുകളിലെ മീന്‍ വളര്‍ത്തലിനെക്കുറിച്ച് പഠിച്ചു. അവസാനമാണ് ഓര്‍ഗാനിക് ഫാം എന്ന ആശയം യാഥാര്‍ത്ഥ്യമായത്.

 

റിസ്‌ക്കല്ല, ഹെവി റിസ്‌ക്

ഫിഷറീസ് വകുപ്പിന്റേയും കൃഷിഭവന്റേയും പിന്തുണയോടെയാണ് ഇവര്‍ അക്വാപോണിക് കൃഷി ആരംഭിക്കുന്നത്. അഞ്ചുപേരും സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി ബാങ്കില്‍ പണയപ്പെടുത്തി. അവസാനം 50 ലക്ഷം രൂപ ചെലവിലാണ് ഇവര്‍ അക്വാപോണിക് ഓര്‍ഗാനിക് ഫാം യാഥാര്‍ത്ഥ്യമാക്കിയത്.

അക്വാപോണിക് കൃഷിരീതി സമൂഹത്തിനും പ്രകൃതിക്കും മികച്ച സന്ദേശം നല്‍കുന്നുണ്ടെന്ന കാര്യവും ഈ ചെറുപ്പക്കാരെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരകമായി.

വിഷരഹിതമായ പച്ചക്കറി, മീന്‍ എന്നിവ ഏറ്റവും അടുത്ത് ലഭ്യമാക്കുന്നതിലൂടെ ആരോഗ്യപ്രദമായ ജീവിതശൈലി വളര്‍ത്തുന്നതിലും അക്വാപോണിക് കൃഷി സഹായകമാകും.

അക്വാപോണിക് കൃഷി
എന്ത്..? എങ്ങനെ..?

മണ്ണ്, വളം, കീടനാശിനി എന്നിവ ആവശ്യമില്ലാത്ത ഓര്‍ഗാനിക് കൃഷിരീതിയാണ് അക്വാപോണിക് കൃഷി. വിഷമടിച്ച് വളര്‍ത്തുന്ന പച്ചക്കറിയും ഫോര്‍മാലിനില്‍ സൂക്ഷിക്കുന്ന മത്സ്യവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരായിട്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണ് നമ്മളിന്ന്.

അക്വാപോണിക് കൃഷിയിലൂടെ വിഷമില്ലാത്ത പച്ചക്കറിയും മത്സ്യവും ഓരോ വീട്ടുമുറ്റത്തും ലഭ്യമാക്കാം.

ജലത്തിന്റെ കുറഞ്ഞ ഉപയോഗമാണ് ഈ കൃഷി രീതിയുടെ മറ്റൊരു പ്രത്യേകത. എത്ര വരള്‍ച്ചയുള്ള പ്രദേശത്തും അക്വാപോണിക് ഫാം പ്രവര്‍ത്തിക്കാനാവും. മണ്ണിനു പകരം കരിങ്കല്‍ മെറ്റലാണ് ഈ കൃഷിയില്‍ ഉപയോഗിക്കുന്നത്.

മീന്‍ വളര്‍ത്തുന്ന സംഭരണിയിലെ വെള്ളം മാറ്റാതെതന്നെ ഏറെനാള്‍ ഉപയോഗപ്പെടുത്താമെന്നതും ഇതിന്റെ സവിശേഷതയാണ്. വെള്ളം മാറ്റാതെ, ടാങ്കിലെ മീനിന്റെ അവശിഷ്ടമായ അമോണിയയും തീറ്റയുടെ അവശിഷ്ടവും വലിച്ചെടുത്ത് ഫില്‍ട്രേഷന്‍ ടാങ്കുകളില്‍ വെള്ളം കടത്തിവിട്ട് അമോണിയ നൈട്രേറ്റ് ആക്കുകയും പച്ചക്കറി കൃഷിക്ക് നൈട്രേറ്റ് ഉപയോഗപ്പെടുത്തുകയും ഫില്‍റ്ററിങിനു ശേഷം ശുദ്ധമാകുന്ന വെള്ളം വീണ്ടും മത്സ്യ ടാങ്കിലെത്തുകയും ചെയ്യുന്നതാണ് അക്വാപോണിക് രീതി.

 

പ്രതിബന്ധങ്ങള്‍ കടന്ന് മുന്നോട്ട്

സാമ്പത്തിക പ്രശ്‌നങ്ങളെ ഒരുവിധം തരണം ചെയ്താണ് ഇവര്‍ ആദ്യഘട്ടം കൃഷി ആരംഭിച്ചത്. ഓര്‍ഗാനിക് ഫാമിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായ സമയത്താണ് പ്രളയമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ ഫാമിന് 18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഈ ചെറുപ്പക്കാര്‍ പറയുന്നു.

വിളവെടുക്കാറായ 7500 മത്സ്യങ്ങള്‍ ഫാമില്‍നിന്ന് ഒഴുകിപ്പോയി. അര കിലോഗ്രാം തൂക്കമുള്ളതായിരുന്നു മീനുകള്‍. അഞ്ച് ടാങ്കുകള്‍ക്ക് കേടുപാട് സംഭവിച്ചു. കുളത്തിലെ ഷീറ്റുകള്‍ക്കും ഫില്‍ട്രേഷന്‍ യൂണിറ്റുകള്‍ക്കും മോട്ടറുകള്‍ക്കും കേടുപാടു സംഭവിച്ചു. ബാറ്ററികളും ഇന്‍വെര്‍ട്ടറും റെയ്ന്‍ ഷെല്‍റ്ററുകളും നശിച്ചു.

ഫാമിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നില്ല. പ്രളയക്കെടുതിയുടെ തുച്ഛമായ നഷ്ട പരിഹാരം മാത്രമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. വ്യവസായങ്ങളെ സഹായിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ ‘ഉജ്ജീവന സഹായ നിധി’യില്‍ ഫിഷറീസ് വകുപ്പിനെ ഉള്‍പ്പെടുത്താതിരുന്നതും ഇവര്‍ക്ക് തിരിച്ചടിയായി.

ഭീമമായ ബാങ്ക് ലോണ്‍ ബാക്കി നില്‍ക്കുമ്പോള്‍ ഒരു പിന്മാറ്റം ഈ ചെറുപ്പക്കാര്‍ക്ക് അസാധ്യമായിരുന്നു. പലരില്‍നിന്നും കടം വാങ്ങിയും കുടുംബാംഗങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയും ഇവര്‍ വീണ്ടും ഫാം തുറന്നു.

വിളവെടുപ്പുകാലം വരവായ്

ആന്ധ്രയിലെ വിജയവാഡയില്‍ നിന്ന് 20,000 മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരാനായത് ഈ ചെറുപ്പക്കാര്‍ക്ക് വലിയ നേട്ടമായി. ഫിഷറീസ് വകുപ്പിന്റെ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ വിജയവാഡയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഫാമില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കൂ.

അക്വാപോണിക്കിന്റെ ഫലഭൂയിഷ്ഠമായ നിലത്ത് പച്ചക്കറികള്‍ വളര്‍ന്നു പന്തലിച്ചു. തക്കാളിയും വഴുതന, പടവലം, ചീര തുടങ്ങിയവയും കള്ളായിയിലെ ഫാമില്‍ വിളഞ്ഞു കിടക്കുകയാണ്.

Share this