പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

India

ന്യൂഡല്‍ഹി: പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102-ാമതാണ് ഇന്ത്യയുടെ സ്ഥാനം. റാങ്കിങ് കൂടുന്നതിനനുസരിച്ച് താഴെക്കു പോകുന്ന തരത്തിലാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണുള്ളത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് ഏറ്റവും പിന്നില്‍ (117). കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ 94-ാം സ്ഥാനത്താണുള്ളത്. 25-ാം റാങ്കിലാണ് ചൈനയുള്ളത്.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയില്‍ അതിസമ്പന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്താറില്ല. ജര്‍മന്‍ സന്നദ്ധസംഘടനയായ വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടനയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ചേര്‍ന്നാണു സൂചിക തയാറാക്കിയത്.

Share this