സൗജന്യ സേവനങ്ങളുമായി ഐടി മിഷന്‍ പവലിയനുകള്‍

Top Stories

 

തൃശൂര്‍: പൊതുജനത്തിന് പ്രയോജനകരമായി മാറുന്നു സംസ്ഥാന ഐടി മിഷന്റെ താല്‍ക്കാലിക സൗജന്യ സേവനകേന്ദ്രങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു തൃശൂര്‍ ജില്ലയിലെ തേക്കിന്‍കാട് മൈതാനിയില്‍ നടന്നു വരുന്ന പ്രദര്‍ശനത്തിലാണു ഐടി മിഷന്റെ സേവനകേന്ദ്രങ്ങള്‍ തുറന്നത്.
എം-കേരള ആപ്പിന്റെ പ്രവര്‍ത്തനവും പ്രയോജനവും സ്റ്റാളിലെത്തിയ പൊതുജനത്തിന് പുതിയ അനുഭവമായി. മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന അപ്പ് വഴി സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സംവിധാനം പലര്‍ക്കും കൗതുകമേകുന്ന കാര്യമായിരുന്നു.
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഏറ്റവുമധികംപേര്‍ ഉപയോഗപ്പെടുത്തുന്നത്. കുട്ടികള്‍ക്കുള്ള ആധാര്‍ എന്റോള്‍മെന്റിനും വലിയ തിരക്കാണ്. നിലവില്‍ ആധാര്‍ കാര്‍ഡിലെ പിഴവുകള്‍ തിരുത്തുന്നതിനും പവലിയനില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം, കെ-ഫൈ ഇന്റര്‍നെറ്റ് വൈ-ഫൈ ഹോട്ട് സ്‌പോട്ട് എന്നിവയും പവലിയനില്‍ ഒരുക്കിയിരുന്നു.

അക്ഷയ, ആധാര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവര്‍ക്ക് പ്രത്യേകം കണ്ടറുകളും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30 മുതല്‍ വൈകിട്ട് എട്ടരവരെ ഐടി മിഷന്റെ പവലിയനില്‍ ഐ.ടി. മിഷന്റെ സേവന, സംവിധാനങ്ങള്‍ ലഭ്യമാകുന്നുണ്ട്.

Share this