അരൂരിന്റെ കരുത്ത് അന്തര്‍ദേശീയ തലത്തിലെത്തിച്ച് ചാക്കോ തരകന്‍

Kerala

Author Kunjumon

അരൂര്‍: അന്തര്‍ദേശീയ ശരീര സൗന്ദര്യ മത്സരത്തില്‍ മലയാളി യുവാവ് പത്താം സ്ഥാനത്തെത്തി. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തിലാണ് അരൂര്‍ പാറായില്‍ ചാക്കോ തകരന്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയത്. 62 രാജ്യങ്ങളില്‍നിന്നും 500-ാളം താരങ്ങള്‍ പങ്കെടുത്ത മത്സരത്തിലാണ് 28 കാരനായ യുവാവ് മിന്നുന്ന പ്രകടനം കാഴ്ചവച്ചത്.
രാജ്യാന്തര രംഗത്തെ മികച്ചവരില്‍ മികച്ചവര്‍ മാത്രം മാറ്റുരയ്ക്കുന്ന മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയില്‍നിന്നും രണ്ട് പേരാണു പങ്കെടുത്തത്. ബംഗാള്‍ സ്വദേശി സൗമ്യ സര്‍ക്കാരാണ് മറ്റൊരാള്‍. ബീച്ച് മോഡല്‍ ഫിസിക് വിഭാഗത്തില്‍ ആറടി ഉയരമുള്ളവരുടെ കാറ്റഗറിയിലാണ് ചാക്കോ തരകന്‍ മത്സരിച്ചത്. എട്ടു മാസത്തെ കഠിനമായ പരിശീലനത്തിനു ശേഷമാണ് രാജ്യാന്തര വേദിയിലെത്തുന്നത്. ആദ്യത്തെ മല്‍സരത്തില്‍ തന്നെ പത്താം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായാണ് ഈ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. ചിട്ടയായ പരിശീലനവും മാതാപിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയുമാണു കരുത്ത് പകര്‍ന്നതെന്നു ചാക്കോ തരകന്‍ പറഞ്ഞു.
2017, 18 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ കേരളയായിരുന്നു. 2019ല്‍ മിസ്റ്റര്‍ ഇന്ത്യയുമായി. എട്ട് വര്‍ഷം മുമ്പാണു ചാക്കോ തരകന്‍ ബോഡി ബില്‍ഡിംഗ് രംഗത്തേക്ക് പ്രവേശിച്ചത്.
അരൂര്‍ പാറായി ബംഗ്ലാവില്‍ മാത്യു തരകന്റെയും ടെസി തരകന്റെയും മൂന്നു മക്കളില്‍ ഇളയതാണു ചാക്കോ. എംബിഎ ബിരുദധാരിയാണ്.

Share this