പബ്ജി കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല; തട്ടിക്കൊണ്ടു പോകല്‍ നാടകവുമായി പതിനാറുകാരന്‍

India

ഹൈദരാബാദ്: പബ്ജിയ്ക്ക് അടിമയായ പതിനാറുകാരന്‍ സ്വയം തട്ടിക്കൊണ്ടുപോകല്‍ നാടകം ചമച്ച് മാതാപിതാക്കളില്‍ നിന്നും ആവശ്യപ്പെട്ടത് മൂന്നു ലക്ഷം രൂപ മോചനദ്രവ്യം. മുഴുവന്‍ സമയവും ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കുന്നതിനാല്‍ മകന് പഠനത്തില്‍ ശ്രദ്ധ കുറയുന്നതായി മാതാപിതാക്കള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മകന്റെ കയ്യില്‍ നിന്നും ഇവര്‍ ഫോണ്‍ എടുത്തു മാറ്റിയതിലുള്ള ദേഷ്യമാണ് നാടകീയ രംഗങ്ങള്‍ക്കു വഴിവച്ചത്.

ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയാണെന്നാണു പറഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ നേരെ മുംബൈയിലേക്കു യാത്ര തിരിച്ച ഈ പതിനാറുകാരന്‍ യാത്രയ്ക്കിടെ മറ്റൊരാളുടെ ഫോണില്‍ നിന്ന് അമ്മയെ വിളിച്ച് ആള്‍മാറാട്ടം നടത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ അഭിനയിച്ചത്. മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി മൂന്നു ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ആവശ്യം.

തുടര്‍ന്ന് ഒക്ടോബര്‍ 12ന് ഹൈദരാബാദില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിങിനെക്കുറിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നു തന്നെ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Share this