സാഹോ (സിനിമ ആസ്വാദനം)

Entertainment

സാഹോ 

സംവിധാനം: സുജീത്
അഭിനേതാക്കള്‍: പ്രഭാസ്, ശ്രദ്ധ കപൂര്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, ചുങ്കി പാണ്ഡേ, മന്ദിര ബേദി, അരുണ്‍ വിജയ്
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 51 മിനിറ്റ്

ബാഹുബലി എന്ന രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ നടന്‍ പ്രഭാസിനു സമ്മാനിച്ചൊരു അത്ഭുതകരമായ താരമൂല്യമുണ്ട്. അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവുമായെത്തിയ ചിത്രമാണു സാഹോ. ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്തതിനു ശേഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പ്രഭാസ് സാഹോ എന്ന പുതിയ ചിത്രവുമായെത്തിയിരിക്കുന്നത്. നിരവധി വിദേശരാജ്യങ്ങളില്‍ ചിത്രീകരിച്ച ചിത്രം 350 കോടി രൂപ ബജറ്റിലെടുത്തതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമായി ചിത്രം റിലീസ് ചെയ്തിരിക്കുന്നത് 9000 സ്‌ക്രീനുകളിലാണ്.
വലിയ താരനിരയുള്ള ചിത്രമാണു സാഹോ. ശ്രദ്ധ കപൂര്‍, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, ചുങ്കി പാണ്ഡേ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. പോരാളി, നര്‍ത്തകന്‍, രസികനായ കാമുകന്‍, കോപാകുലനായ ചെറുപ്പക്കാരന്‍ എന്നീ വേഷങ്ങളിലെത്തി പ്രേക്ഷകനെ രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയുമാണ് ഈ ചിത്രത്തില്‍ പ്രഭാസ്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു ഹോളിവുഡ് ആക്ഷന്‍ ചിത്രത്തെ അനുകരിച്ചിരിക്കുന്ന ഇന്ത്യന്‍ ചിത്രമാണു സാഹോ എന്നു പറയാം. പ്രഭാസ് എന്ന നടന്റെ പൗരുഷം പ്രകടിപ്പിക്കാന്‍ അനുയോജ്യമാം വിധമുള്ളതാണു ചിത്രത്തിന്റെ തിരക്കഥ. പ്രഭാസ് ഇക്കാര്യത്തില്‍ ഫലപ്രദമാവുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആകര്‍ഷണമെന്നത് ആക്ഷന്‍ രംഗങ്ങളാണ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. കെന്നി ബേറ്റ്‌സിനെ കൂടാതെ ഹോളിവുഡിലെ സ്റ്റണ്ട് മാസ്റ്ററായ പെങ് സാങും, ഇന്ത്യയിലെ മുന്‍നിര ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കാന്‍ 75 കോടി രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
റോയ് (ജാക്കി ഷെറോഫ്)ഭരിക്കുന്ന വാജി നഗരത്തിന്റെ പശ്ചാത്തലത്തിലാണു ചിത്രം ഒരുങ്ങുന്നത്. റോയിയുടെ സര്‍വാധിപത്യം ഇഷ്ടപ്പെടാത്തവര്‍ നഗരത്തിലെ ക്രൈം സിന്‍ഡിക്കേറ്റിലുണ്ട്. അവര്‍ റോയിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു. റോയിയുടെ എതിര്‍ ഗ്യാങിനെ നയിക്കുന്ന വ്യക്തിയാണ് ദേവരാജ്(ചുങ്കി പാണ്ഡേ). ദേവരാജില്‍നിന്നും വലിയ തോതില്‍ പണം കവര്‍ച്ച ചെയ്യപ്പെടുന്നു. ഈ കേസ് അന്വേഷിക്കാന്‍ അശോക് (പ്രഭാസ്) എന്ന രഹസ്യ പൊലീസുകാരനെ നിയോഗിക്കുന്നു. പ്രഭാസിനെ സഹായിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥയായി ക്രൈംബ്രാഞ്ചില്‍നിന്നും അമൃതനായര്‍ (ശ്രദ്ധ കപൂര്‍) എത്തുന്നു.
ഒരു തെലുങ്ക് മാസ് മസാല ചിത്രത്തിന് ആവശ്യമുള്ള എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. ആക്ഷനും, പാട്ടും, നൃത്തവും ഒക്കെ കൂടി ചേര്‍ന്നൊരു ചിത്രമാണു സാഹോ. കണ്ടു പഴകിയ ക്ലീഷേ ഫോര്‍മുല ഈ ചിത്രത്തിലും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ഒരു വ്യത്യാസമുള്ളത് എന്തെന്നു വച്ചാല്‍ പുതിയ കാലത്തിന്റെ അഭിരുചിക്കനുസരിച്ച് ആ ഫോര്‍മുല പുനസംഘടിപ്പിച്ചിരിക്കുന്നു എന്നു മാത്രം. പ്രഭാസിനെ ആരാധിക്കുന്നവര്‍ക്കു ചിത്രം ഒരു വിരുന്ന് തന്നെയാണ്.

Share this