സൂപ്പര്‍ 30 (സിനിമ ആസ്വാദനം)

Entertainment

സംവിധാനം: വികാസ് ഭാല്‍
അഭിനേതാക്കള്‍: ഋത്വിക് റോഷന്‍, മൃണാല്‍ താക്കൂര്‍, ആദിത്യ ശ്രീവാസ്തവ
ദൈര്‍ഘ്യം: 154 മിനിറ്റ്

വിദ്യാഭ്യാസ വിദഗ്ധനും ഗണിതശാസ്ത്രജ്ഞനുമായ ആനന്ദ്കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഋത്വിക് റോഷന്‍ നായകനായ ചിത്രമാണ് സൂപ്പര്‍ 30. വികാസ് ഭാലാണ് 154 മിനിറ്റുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയത്തിനു വേണ്ടിയുള്ള വിശപ്പ് വേണമെന്ന് ഓരോരുത്തരെയും ഓര്‍മിപ്പിക്കുകയും പ്രചോദിപ്പിക്കുകയുമാണ് ഈ ചിത്രം.
ഐഐടി-ജെഇഇ എന്‍ട്രസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവരെ ബിഹാറിലെ പട്നയില്‍ 2002-ല്‍ സൂപ്പര്‍ 30 പ്രോഗ്രാമിലൂടെ പരിശീലിപ്പിച്ച് വിജയം കരസ്ഥമാക്കാന്‍ സഹായിച്ച വ്യക്തിയാണ് ആനന്ദ്കുമാര്‍. 2018 ആയപ്പോള്‍ ഇദ്ദേഹം പരിശീലിപ്പിച്ച 480 പേരില്‍ 422 പേരും പരീക്ഷ പാസായി. ആനന്ദ്കുമാറിന്റെ പ്രചോദനാത്മകമായ യാത്രയുടെ ഒരു സാങ്കല്‍പ്പിക വിവരണമാണു സൂപ്പര്‍ 30. സിനിമയില്‍ ആനന്ദായെത്തുന്നത് ഋത്വിക് റോഷനാണ്. ഹൃദയഭേദകമായ, പ്രചോദനാത്മകമായ നിരവധി നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട് സൂപ്പര്‍ 30. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ വിരസത സമ്മാനിക്കുന്ന രംഗങ്ങളുണ്ട്. ആനന്ദ്കുമാര്‍ എന്ന പരിശീലകന്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതാം എന്നു വിശദീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം രംഗങ്ങള്‍ വളരെ കുറവാണ്.
ചില രംഗങ്ങളില്‍ അമിതമായ നാടകീയത കടന്നുവരുന്നു. പശ്ചാത്തല സംഗീതം ചില രംഗങ്ങളില്‍ അനാവശ്യമായി ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. അനയ് ഗോസ്വാമിയുടെ ഛായാഗ്രഹണം വേറിട്ടു നില്‍ക്കുന്നതാണ്. ചില സംഭാഷണങ്ങള്‍ പിടിച്ചിരുത്തുന്നവയുമാണ്. ഋത്വിക് റോഷന്റെ മികവാര്‍ന്ന പ്രകടനം ചിത്രത്തിന്റെ ആകര്‍ഷണമാണ്. ആനന്ദ്കുമാര്‍ എന്ന കഥാപാത്രത്തിനു വേണ്ടിവരുന്ന ആത്മാര്‍ഥതയും ദൃഢനിശ്ചയവും നന്നായി പകര്‍ന്നു നല്‍കിയിരിക്കുന്നു ഋത്വിക് റോഷന്‍.
ഗ്രീക്ക് പുരാണത്തിലെ ഒരു ദേവന്റെ പോലുള്ള ലുക്കും, അത്ഭുതപ്പെടുത്തുന്ന നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ സാധിക്കുന്ന ഒരു നടനുമാണു ഋത്വിക്. ഋത്വിക്കിന്റെ ശരീര ഘടന ഒരു പാവപ്പെട്ടവനായ ആനന്ദ്കുമാറിന്റെ കഥാപാത്രവുമായി ചേര്‍ന്നുനില്‍ക്കുന്നതല്ലെങ്കിലും അതിന്റെ കുറവ് ഋത്വിക് അഭിനയത്തിലൂടെ നികത്തിയിരിക്കുന്നു.
ചിത്രത്തിലെ ആഖ്യാനരീതിക്ക് ചില്ലറ കുറവുകളുണ്ടെങ്കിലും ഒരു ഹ്യുമണ്‍ ഡ്രാമയാണ്, ജീവിതം സമ്മാനിച്ച നിരവധി വെല്ലുവിളികളെ നേരിട്ട് വിജയിച്ച ഒരു അധ്യാപകന്റെ കഥയാണ്. ലോകം ദര്‍ശിക്കേണ്ട ഒരു മാതൃക തന്നെയാണ്. അതു കൊണ്ടു തന്നെ ആ അധ്യാപകന്റെ കഥ പറയുന്ന ചിത്രം നമ്മള്‍ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടതുമാണ്.

Share this