ത്രികോണപ്പോരില്‍ കാസര്‍കോഡിന്റെ മനസ് ആര്‍ക്കൊപ്പം

Kerala

author
കേരളത്തിലെ ആദ്യ വിഐപി മണ്ഡലം ഏത്? ഉത്തരം ഒന്നേയുള്ളൂ. കാസര്‍കോട്. ആയില്ല്യത്ത് കുറ്റിയാരി ഗോപാലന്‍ നമ്പ്യാര്‍ എന്ന ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവിനെ 1957 മുതല്‍ 1967 വരെ മൂന്നു തവണ വിജയിപ്പിച്ച മണ്ഡലം. എ.കെ.ജി എന്ന മൂന്നക്ഷരത്തില്‍ ലോകം അറിയുന്ന പാവങ്ങളുടെ പടത്തലവന് കോട്ടയായി നിന്ന ലോക്‌സഭാ മണ്ഡലം. ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ മുന്നൂ പ്രാവശ്യം ഒഴികെ കമ്യൂണിസ്റ്റ് നേതാക്കളെ മാത്രം വിജയിച്ച പാരമ്പര്യം.

കാസര്‍കോഡിന്റെ രാഷ്ട്രീയം എന്നും ഇടതിനോട് ചേര്‍ന്നായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ മഞ്ചേശ്വരം, കാസര്‍കോഡ് നിയമസഭ മണ്ഡലങ്ങളില്‍ ഇടതിനു മൂന്നാംസ്ഥാനം മാത്രം. കണ്ണൂര്‍ ജില്ലയിലെ ചെങ്കോട്ടകളായ കല്ല്യാശ്ശേരി, പയ്യന്നൂര്‍ കയ്യൂരിന്റെ കരുത്തുള്ള തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് എന്നീ ഇടത് കോട്ടകള്‍ തകര്‍ത്ത് മുന്നേറി കാസര്‍കോഡ് മൂവര്‍ണ്ണക്കൊടിയോ, കാവിക്കൊടിയോ പാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സിറ്റിങ് എംപി സിപിഎമ്മിലെ പി. കരുണാകരന് പകരം മുന്‍ തൃക്കരിപ്പൂര്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ കെ.പി. സതീഷ്ചന്ദ്രന്‍ എന്ന ജനകീയ നേതാവിനെ ഇടതുപക്ഷം കളത്തിലിറക്കുമ്പോള്‍ തര്‍ക്കശാസ്ത്രത്തിലും വാക്ചാതുരിയിലും നിപുണനായ രാജ്‌മോഹന്‍ ഉണ്ണിത്താനെ യുഡിഎഫിനും രവീശ തന്ത്രി കുണ്ടാര്‍ എന്‍ഡിഎക്കും വേണ്ടി മത്സരിക്കുന്നു.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോഡ് മണ്ഡലത്തിനു പ്രത്യേകതകള്‍ ഏറെയാണ്. മലയാളം, കന്നട, തുളു, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി തുടങ്ങിയ സപ്തഭാഷകള്‍ സംസാരിക്കുന്നവരുടെ നാട്. സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും പഴയ ദക്ഷിണ കര്‍ണ്ണാടകത്തിന്റെ രാഷ്ട്രീയ അലയടികള്‍ ഇവിടെ കാണാം.

കൃഷിയിലും കാസര്‍കോടന്‍ ശൈലി വത്യസ്തമാണ്. പുകയില, അടയ്ക്ക, വെറ്റില, കശുമാവ് എന്നിങ്ങളെ വിവിധ കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവര്‍. വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയുടെ ദുരിതം പേറുന്ന ജനത. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മതവും രാഷ്ട്രീയവും സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം നന്നായി പ്രതിഫലിക്കുന്ന മണ്ഡലം. കേരള യാത്രകള്‍ക്ക് നേതാക്കള്‍ തുടക്കം കുറിക്കുന്ന ഈ മണ്ണില്‍ നിന്നും പുതിയ ചരിത്രം രചിച്ച് 30 വര്‍ഷമായി ഇളകാത്ത ഇടത്‌കോട്ട തകര്‍ക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്.

മൂന്നു പതിറ്റാണ്ടായി നടത്തി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കു വേണ്ടിയാണ് ഇടതുപക്ഷം വോട്ടഭ്യര്‍ത്ഥിക്കുന്നത്. ഇളകാത്ത പാര്‍ട്ടി ഗ്രാമങ്ങളുടെ ശക്തി അവരുടെ കരുത്തുമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം സൃഷ്ട്രിച്ച കൊലപാതക രാഷ്ട്രീയ വിരുദ്ധ മനസുകള്‍ ഇടതുപക്ഷത്തിന് വന്‍തിരിച്ചടി നല്‍കുമെന്ന് എതിര്‍ ക്യാമ്പുകള്‍ വിശ്വസിക്കുന്നു.

ഹാട്രിക്ക് വിജയം സ്വന്തമാക്കിയെങ്കിലും ഭൂരിപക്ഷത്തില്‍ വന്ന വ്യക്തമായ ഇടിവാണ് പി. കരുണാകരന് പകരം ജനകീയ നേതാവായ കെ.പി. സതീഷ്ചന്ദ്രനെ മത്സരിപ്പിക്കുവാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്.സൗമ്യ വ്യക്തിത്വമെന്ന നിലയില്‍ എതിരാളികള്‍ക്കു പോലും സമ്മതനായ നേതാവിനെ മത്സരിപ്പിക്കുന്നതിലൂടെ ആക്രമണ- കൊലപാതക രാഷ്ട്രീയത്തിന്റെ മുറിപ്പാട് മാറ്റാന്‍ സാധിക്കുമെന്നും സിപിഎം കണക്കു കൂട്ടുന്നു. തൃക്കരിപ്പൂര്‍ എംഎല്‍എയായി രണ്ടു വട്ടം പ്രവര്‍ത്തിച്ചപ്പോള്‍ നേടിയ ജനസമ്മതി കുടിയേറ്റ മേഖലയിലെ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ വരെ വിള്ളലുണ്ടാക്കുവാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ എല്ലാ ഭാഗത്തും സുപരിചിതന്‍. ഇതെല്ലാം നിലവില്‍ എല്‍ഡിഎഫ് കാസര്‍കോഡ് ജില്ലാ കണ്‍വീനറായ സതീഷ്ചന്ദ്രനു തുണയാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു.
എംപി നിര്‍ദ്ദേശിച്ച 251 ഓളം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചതും ജില്ലയുടെ സമഗ്ര വികസനത്തിനു സാധ്യമാകുന്ന തരത്തില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചതും നേട്ടമായി ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. വികസന പദ്ധതികളെക്കുറിച്ച് ഇടതുപക്ഷം വാചാലരാകുമ്പോള്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നവും പുകയില കര്‍ഷകര്‍ നേരിടുന്ന ദുരിതവും ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള വേര്‍തിരിവുമാണു കോണ്‍ഗ്രസും ബിജെപിയും മുഖ്യപ്രചാരണ ആയുധമാക്കുന്നത്.
കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഐ പക്ഷക്കാരനെന്ന് പരക്കെ അറിയപ്പെടുമ്പോഴും എല്ലാവരോടും അടുപ്പവും എതിര്‍പ്പും ഒരുപോലെയുള്ള നേതാവാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെക്ക് തിരുവനന്തപുരത്തു നിന്നും വടക്കന്‍ മണ്ണില്‍ അങ്കം കുറിക്കുമ്പോഴും ഉണ്ണിത്താനു തികഞ്ഞ ആത്മവിശ്വാസമാണ്. ഇതുവരെ മത്സരിച്ച രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടെങ്കിലും ഇത്തവണ വിജയം സുനിശ്ചിതമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പക്ഷം. അടിക്കടി ഇടതുപക്ഷത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞു വരുന്ന ഭൂരിപക്ഷം അവരുടെ ജനപിന്തുണ കുറയുന്നതിന്റെ ലക്ഷണമാണെന്നു യുഡിഎഫ് അവകാശപ്പെടുന്നു. ശക്തനായ സ്ഥാനാര്‍ത്ഥി കളത്തിലിറങ്ങിയതോടെ സജ്ജീവമായ പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിവരുന്നത്.
ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന രവീശ തന്ത്രി കുണ്ടാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ആണ് ബിജെപി നേതൃത്വത്തിലെത്തുന്നത്. രണ്ടാംസ്ഥാനത്തെത്തിയ അദ്ദേഹം ഇടക്കാലത്ത് കര്‍ണ്ണാടകത്തിലെ ബല്‍ത്തങ്ങാടി മേഖലയുടെ ചുമതല വഹിച്ചിരുന്നു. കന്നട വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലത്തില്‍ കുണ്ടാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ ഗുണം ചെയ്യുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു.

നാട്ടുകാരായ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം യുഡിഎഫ് ഉണ്ണിത്താനെ അവതരിപ്പിക്കുമ്പോള്‍ ഏറെ പ്രത്യേകതയുണ്ട്. 23 വര്‍ഷത്തിനു ശേഷമാണ് ഭൂരിപക്ഷ വിഭാഗത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെത്തുന്നത്. കടന്ന ഭാഷാ ന്യൂനപക്ഷത്തിനും തുളു വിഭാഗത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ.

ആദ്യ മൂന്ന് ലോകസഭ തെരഞ്ഞെടുപ്പിലും എകെജി വിജയിച്ചു. 1971 ല്‍ എകെജിക്ക് പകരമെത്തിയ ഇ.കെ.നായനാരെ കോണ്‍ഗ്രസിലെ യുവനേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളി പരാജയപ്പെടുത്തി. 1977 ല്‍ സിപിഎം നേതാവ് എ. രാമണ്ണറേയെ 5042 വോട്ടിന് മറികടന്ന് കടന്നപ്പള്ളി മണ്ഡലം നിലനിര്‍ത്തി. 1980 ല്‍ കോണ്‍ഗ്രസ് ജനപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി എത്തിയ ഇപ്പോഴത്തെ ബിജെപി നേതാവ് ഒ. രാജഗോപാലിനെ 73587 വോട്ടിന് മറികടന്ന് രാമണ്ണറേ മണ്ഡലം ഇടതുപക്ഷത്തെത്തിച്ചു. 1984 ല്‍ ഇ. ബാലാനന്ദനെ 11369 വോട്ടിന് തോല്‍പ്പിച്ച് ഐ. രാമറൈ മണ്ഡലം യു.ഡിഎഫ് പക്ഷത്താക്കി. 1989 ല്‍ രാമണ്ണ- രാമ റൈമാരുടെ മത്സരത്തില്‍ രാമണ്ണറൈ 1546 വോട്ടിന് വിജയം കണ്ടു. 1991 ല്‍ കെ.സി വേണുഗോപാലിനെ 9423 വോട്ടിന് മറികടന്ന് രാമണ്ണറേ മണ്ഡലം നിലനിര്‍ത്തി. 1996 ല്‍ ഐ. രാമറൈയെ 74730 വോട്ടിനും 1998 ലും 1999 ലും ല്‍ ഖാദര്‍ മങ്ങാടിനെ യഥാക്രമം 48240, 31758 വോട്ടുകള്‍ക്ക് മറികടന്ന് ടി. ഗോവിന്ദന്‍ ഹാട്രിക്ക് സ്വന്തമാക്കി എല്‍ഡിഎഫ് കോട്ടകാത്തു. 2004 ല്‍ എന്‍.എ മുഹമ്മദിനെ 107069, 2009 ല്‍ ഷാഹിദ കമാലിനെ 64427, 2014 ല്‍ ടി. സിദ്ധിഖിനെ 6921 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് സിപിഎം കേന്ദ്രക്കമ്മറ്റിയംഗവും എകെജിയുടെ മരുമകനുമായ പി. കരുണാകരന്‍ ഹാട്രിക്ക് തികച്ചു.

2014 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോഡ് നിയമസഭ മണ്ഡലങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തെ കൈവിട്ടത്. ഈ രണ്ടിടത്തും ഇടതുപക്ഷം മൂന്നാംസ്ഥാനത്തായി. എങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് കണക്കുകള്‍ പ്രകാരം സിപിഎമ്മിന് 72539 വോട്ടുകളുടെ മേല്‍ക്കൈയുണ്ട്.
പ്രധാന മൂന്നു മുന്നണികള്‍ക്കും വ്യക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലത്തില്‍ പോരാട്ടം ശക്തമാണ്. ആര്‍ക്കൊപ്പം വിജയമെന്ന് തീര്‍ത്തുപറയാവുന്ന അവസ്ഥയല്ല. മുമ്പെത്തെക്കാള്‍ മണ്ഡലത്തില്‍ മത്സരം മുറുകുമ്പോള്‍ വടക്കന്‍കാറ്റ് എങ്ങോട്ടെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

2014 ലെ തെരഞ്ഞെടുപ്പ് ഫലം

പി. കരുണാകരന്‍ (സി.പി.എം) 384964
ടി. സിദ്ധിഖ് (കോണ്‍ഗ്രസ്) 378043
കെ. സുരേന്ദ്രന്‍ (ബി.ജെ.പി) 172826
എന്‍.യു. അബ്ദുള്‍സലാം (എസ്.ഡി.പി.ഐ) 9713
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (ആംആദ്മി) 4996
കെ. മനോഹരന്‍ (സ്വത) 4194
ബഷീര്‍ ആലടി (ബി.എസ്.പി) 3104
കെ.കെ. അശോകന്‍ (ആര്‍.എം.പി) 3057
എന്‍. കണ്ണന്‍ (സ്വത) 2655
പി.കെ. രാമന്‍ (സ്വത) 1222
കരുണാരന്‍ (സ്വത) 1002
അബുബേക്കര്‍ സിദ്ധിഖ് (സ്വത) 880
കരുണാകരന്‍ കളിപ്പുരയില്‍ (സ്വത) 824
അബ്ബാസ് മുതലപ്പാറ (ടി.എം.സി) 632
നോട്ട – 6103

Share this