ഒറ്റ റിക്രൂട്ട്‌മെന്റില്‍ 1.26 ലക്ഷം പേര്‍ക്ക് ജോലി; ചരിത്രം കുറിച്ച് ജഗന്‍ സര്‍ക്കാര്‍

India

അമരാവതി: രാജ്യത്ത് ആദ്യമായി ഒറ്റ റിക്രൂട്ട്‌മെന്റില്‍ 1.26 ലക്ഷം പേര്‍ക്ക് ജോലി നല്‍കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. പൊതു സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിക്കുന്ന വില്ലേജ് ആന്റ് വാര്‍ഡ് സെക്രട്ടറിയേറ്റിലേക്കാണ് ഇത്രയും യുവാക്കളെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സെക്രട്ടേറിയേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്തുടനീളം 2.8 ലക്ഷം വില്ലേജ് ആന്റ് വാര്‍ഡ് വൊളന്റിയര്‍മാരെയും നിയമിച്ചിട്ടുണ്ട്.

19.50 ലക്ഷം പേര്‍ക്ക് സെപ്തംബര്‍ ഒന്നിനും എട്ടിനും ഇടയില്‍ പരീക്ഷ നടത്തി. 1,98,164 പേര്‍ എഴുത്തുപരീക്ഷയില്‍ വിജയിച്ചു. ഇതില്‍ നിന്നുമാണ് 1,26,728 പേരെ നിയമിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒറ്റ റിക്രൂട്ട്മെന്റില്‍ 1.26 ലക്ഷം പേര്‍ക്ക് നിയമനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. എല്ലാവര്‍ക്കും സ്ഥിര നിയമനമാണ് നല്‍കിയത്.

തിങ്കളാഴ്ച വിജയവാഡയില്‍ വച്ച് നടന്ന ചടങ്ങില്‍ ജോലി ലഭിച്ചവര്‍ക്ക് അപ്പോയ്ന്‍മെന്റ് ലെറ്ററും മുഖ്യമന്ത്രി കൈമാറി. ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനമൊട്ടാകെ വില്ലേജ് ആന്റ് വാര്‍ഡ് സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. 1,158 വില്ലേജ് സെക്രട്ടേറിയേറ്റുകളും 3786 വാര്‍ഡ് സെക്രട്ടേറിയേറ്റുകളുമാണ് തുറക്കുന്നത്. ഓരോ സെക്രട്ടേറിയേറ്റിലും 10 മുതല്‍ 12 വരെ ജീവനക്കാരുണ്ടാകും. ഇതോടൊപ്പം ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും വനിതാ-ശിശുക്ഷേമ അസിസ്റ്റന്റും ഉണ്ടാകും.

തെരഞ്ഞെടുത്തവര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ താഴെതട്ടില്‍ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും തൊഴില്‍ എന്നതിലപ്പുറത്തേക്ക് ഇതൊരു സാമൂഹ്യ സേവനം എന്ന നിലയില്‍ കാണണമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിഞ്ഞു കിടക്കുന്ന തൊഴിലുകള്‍ നികത്തുന്നതിനായി ഇനി മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ 31 വരെ നിയമന പരീക്ഷകള്‍ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this