കൊറോണ വൈറസ്: 100 ദിവസം പിന്നിടുന്നു

Top Stories

ജനീവ: ഏപ്രില്‍ 9 ാം തീയതി വ്യാഴാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ്-19 എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന കൊറോണ വൈറസിനെ കുറിച്ച് ലോകത്തിനു മുമ്പാകെ പരസ്യപ്പെടുത്തിയതിന്റെ 100-ാം ദിനം.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ അജ്ഞാതമായ ന്യൂമോണിയ കേസുകളുണ്ടെന്നാണ് ആദ്യം ഡബ്ല്യുഎച്ച്ഒ ലോകത്തെ അറിയിച്ചത്. അന്ന് പക്ഷേ, ലോകാരോഗ്യ സംഘടന ഈ രോഗത്തിനു കാരണമായ വൈറസിന് പേര് പോലും നല്‍കിയിട്ടില്ലായിരുന്നു. പിന്നീട് ഫെബ്രുവരി 12നാണ് ഡബ്ല്യുഎച്ച്ഒ SARS-CoV-2 എന്ന പേര് നല്‍കിയത്. ഔദ്യോഗികമായി കോവിഡ്-19 ലോകമെമ്പാടും 1.5 ദശലക്ഷം ആളുകളെ ബാധിക്കുകയും ഒരു ലക്ഷത്തിനടുത്ത് ആളുകളുടെ ജീവനെടുക്കുകയും ചെയ്തിരിക്കുന്നു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ കൊറോണ വൈറസ് പ്രതിസന്ധി 195 ദശലക്ഷം പേരുടെ തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന വിശ്വസിക്കുന്നു. കോവിഡ്-19 പ്രതിസന്ധിയില്‍ തകര്‍ന്ന ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു വീണ്ടെടുപ്പിനു ഇനി എത്ര വര്‍ഷങ്ങളെടുക്കുമെന്നത് ആര്‍ക്കും പറയാന്‍ സാധിക്കുന്നില്ല. കൊറോണ വൈറസ് ബാധ പ്രതിരോധിക്കാന്‍ ചികിത്സയോ വാക്‌സിനോ ഇല്ലാതെയാണ്് ഓരോ ദിവസവും കടന്നുപോകുന്നത്. അതു കൊണ്ടു തന്നെ ജീവിതം സാധാരണ നിലയിലേക്കു മടങ്ങാന്‍ ആവശ്യമായ കാലയളവ് നീളുകയും ചെയ്യും.
കൊറോണ വൈറസ് എന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിക്കു കാരണമായ ഒരു സൂക്ഷ്മ ജീവിയാണ്. എന്തു കൊണ്ടാണ് ആധുനിക ലോകത്തിന് ഈ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയാത്തത് ? ഈ ചോദ്യം ആധുനിക ലോകം കൈവരിച്ച ശാസ്ത്രീയ മുന്നേറ്റത്തെ കൂടി പരിഹസിക്കുന്നുണ്ട്.

Share this