അരങ്ങിന് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ (പുസ്തക പരിചയം)

Feature

(നാടക-സിനിമാ നടിയായ പൗളി വത്സന്റെ ആത്മകഥയായ ചോരനേരുള്ള പകര്‍ന്നാട്ടങ്ങള്‍ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു)

വാസുദ്ദീന്‍ സിദ്ദിഖി ബോളിവുഡിലെ ഒന്നാംനിര നടന്മാരിലൊരാളാണ്. സൂപ്പര്‍താരങ്ങളില്‍ നിന്നും വിഭിന്നമായി, അമരിഷ്പുരി, നസറുദ്ദീന്‍ ഷാ, ഓംപുരി, അനുപം ഖേര്‍ തുടങ്ങിയ പ്രഗത്ഭ നടന്മാരുടെ പിന്‍ഗാമിയായാണ് സിദ്ദിഖിയെ സിനിമാലോകം കണക്കാക്കുന്നത്. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണെങ്കിലും പട്ടിണി കിടന്നതിന്റെ പാട് ഇപ്പോഴും തന്റെ വയറിനു മുകളില്‍ ഒരു രേഖപോലെ കിടക്കുന്നുവെന്നു സിദ്ദിഖി പാതി തമാശയായി പറയാറുണ്ട്.
മികച്ച സഹനടിക്കുള്ള കേരള സര്‍ക്കാരിന്റെ 2017ലെ ചലച്ചിത്ര പുരസ്‌കാരം നേടിയ പൗളി വത്സന്റെ ആത്മകഥ വായിക്കുമ്പോള്‍ നവാസുദ്ദിന്‍ സിദ്ദിഖിയുടെ വാക്കുകള്‍ ഓര്‍ത്തുപോകും. ഇരുവരും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. പൗളിയും സിദ്ദിഖിയും ഏകദേശം രണ്ടു ദശാബ്ദങ്ങളുടെ കാലഭേദമുണ്ട്. ലിംഗത്തിന്റെയും കാലത്തിന്റെയും വ്യത്യാസം പൗളി വത്സനെ സിദ്ദിഖിയേക്കാള്‍ ഉയരത്തില്‍ നിര്‍ത്തുന്നുവെന്ന് ജോയി പീറ്റര്‍ കേട്ടെഴുതിയ ‘ ചോരനേരുള്ള പകര്‍ന്നാട്ടങ്ങള്‍ ‘ എന്ന ആത്മകഥ വായിക്കുമ്പോള്‍ ബോധ്യപ്പെടും.

മലയാളത്തില്‍ രംഗവേദിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തരായ പലരും ആത്മകഥ രചിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഒരു നടന്റെ ആത്മകഥ, എന്‍.എന്‍ പിള്ളയുടെ ഞാന്‍, കലാമണ്ഡലം രാമന്‍കുട്ടി നായരുടെ തിരനോട്ടം, ഒ. മാധവന്റെ ജീവിതച്ഛായകള്‍, പി.ജെ. ആന്റണിയുടെ എന്റെ നാടകസ്മരണകള്‍, തിക്കോടിയന്റെ അരങ്ങുകാണാത്ത നടന്‍, തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്നിവ അവയില്‍ ചിലതാണ്.

തിരശീലക്കു മുന്നിലെയും പിന്നിലെയും ജീവിതങ്ങള്‍ വെളിവാക്കിത്തന്നവയാണ് ആ പുസ്തകങ്ങള്‍. ബോളിവുഡിലെ നിത്യസുന്ദരിയായി അറിയപ്പെടുന്ന രേഖയും (അണ്‍ടോള്‍ഡ് സ്റ്റോറി) മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഷക്കീലയും തങ്ങളുടെ ആത്മകഥകള്‍ പുറത്തിറക്കിയിരുന്നു. ഈ രണ്ടു പുസ്തകങ്ങളുടെ ഗണത്തിലും ചോരനേരുള്ള പകര്‍ന്നാട്ടങ്ങള്‍ ഇല്ല. എന്നാല്‍ തുറന്നുപറച്ചിലുകള്‍ക്കു പോലും മാന്യത കല്പിക്കുന്നുണ്ട് പൗളി വത്സന്‍ എന്നതാണ്് വായനക്കാരന് അനുഭവപ്പെടുന്ന വ്യത്യാസം. രണ്ടാമത്തേത് മറ്റു രണ്ടു പേരും വെള്ളിത്തിരയിലെ ജീവിതമേ അനുഭവിച്ചിട്ടുള്ളു-നാടകം, അത് മറ്റൊരു ജീവിതമാണ്. അത് പൗളി വത്സനുണ്ട്.

ഒരു ജന്മത്തില്‍ ഇരുജന്മം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണു നടീനടന്മാരെന്നു കേട്ടിട്ടുണ്ട്. എറണാകുളത്തെ വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്തിനടുത്ത് വളപ്പ് എന്ന ഗ്രാമത്തിലാണു പൗളി വത്സന്റെ ജനനം-പട്ടിണി വിട്ടുമാറാത്ത വീട്ടില്‍. പക്ഷേ തന്റെ ജീവിതം വിധിക്കു വിട്ടുകൊടുക്കാന്‍ ചെറുപ്പം മുതലേ അവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണു ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ആണ്‍കുട്ടികളുടെ വെല്ലുവിളി സ്വീകരിച്ച് സിഗരറ്റും വലിച്ച് സ്‌കൂളിലേക്ക് നടന്നുകയറിയത്. പക്ഷേ പന്തയത്തിന്റെ പണം കൊടുക്കാതെ എതിരാളികള്‍ വഞ്ചിച്ചു.

സഹപാഠികളില്‍ നിന്ന് പലപ്പോഴായി കടം വാങ്ങിയ 25 രൂപ തിരികെ കൊടുക്കാനായിരുന്നു സാഹസികമായ ആ നടപടിക്ക് പൗളി തയ്യാറായത്. കടം വാങ്ങിയതാകട്ടെ വീട്ടില്‍ അരി മേടിക്കാനും. പണം കിട്ടാതായപ്പോള്‍ കടുത്ത നിരാശ തോന്നിയെങ്കിലും പന്തയത്തില്‍ ജയിച്ചതിന്റെ ആനന്ദമായിരുന്നു മുന്നിട്ടു നിന്നിരുന്നതെന്നു പൗളി പറയുന്നു. ജീവിതത്തില്‍ അതിനു മുമ്പൊരിക്കലും സിഗരറ്റ് വലിച്ചിട്ടില്ലാത്ത പൗളിക്ക് അത് അഭിനയത്തിന്റെ മറ്റൊരു പാഠമായിരുന്നു; ജീവിക്കാന്‍ വേണ്ടി നടത്തിയ അഭിനയങ്ങളിലെ ഒരു വേഷം.

സ്‌കൂള്‍ പഠനസമയത്തു തന്നെ നാടകത്തട്ടില്‍ കയറിയ പൗളി അധികം താമസിയാതെ തന്നെ അമച്വര്‍നാടകങ്ങളിലും തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ചു തുടങ്ങി. പ്രൊഫഷണല്‍ നാടകങ്ങളുടെ പൂക്കാലമായിരുന്ന 80 കളില്‍ അന്നത്തെ പ്രശസ്തമായ നാടകട്രൂപ്പുകളില്‍ വേഷമിട്ടു. പി. ജെ ആന്റണിയുടെയും തിലകന്റെയും രാജന്‍ പി. ദേവിന്റെയും സേവ്യര്‍ പുല്‍പ്പാടിന്റെയും കുയിലന്റെയും സംഘങ്ങളില്‍ അഭിനയിച്ചു. മഹാരഥന്മാരുടെ കളരികള്‍ രംഗബോധത്തിന്റെ പാഠങ്ങള്‍ ചൊല്ലിത്തന്നു. തീരത്തിന്റെ ഭാഷയും ജീവിതം പകര്‍ന്നു നല്കിയ അനുഭവങ്ങളും അരങ്ങില്‍ തുണയായി. അമ്മയായും സഹോദരിയായും ഭാര്യയായും നൂറുകണക്കിനു വേദികളില്‍ തിളങ്ങി. പുരസ്‌കാരങ്ങള്‍ അനവധി തേടിയെത്തി.

നാടകത്തിനിടയില്‍ പ്രണയം വിരുന്നുവന്നു. പക്ഷേ ഹൃദയത്തില്‍ നിന്നിറങ്ങിപ്പോകാതെ ആ വസന്തകാലം അവിടെ കുടിപാര്‍ത്തു. കളിക്കൂട്ടുകാരനായ വത്സനെയാണ് അവര്‍ പ്രണയിച്ചത്. നാട്ടുകാരും വീട്ടുകാരും കഠിനമായി എതിര്‍ത്തിട്ടും മറ്റൊരു സമുദായക്കാരനായ വത്സന്റെ ജീവിത സഖിയാകാന്‍ തീരുമാനിച്ചു. വായനക്കാര്‍ക്കു തോന്നും അതു തെറ്റായ തീരുമാനമായിരുന്നെന്ന്. കാരണം ദുരിതപര്‍വത്തിലൂടെയാണ് പിന്നീടു പൗളിക്കു കടന്നു പോകേണ്ടി വന്നത്. കയ്പുനീര്‍ നിറഞ്ഞ ജീവിതം തനിക്ക് സമ്മാനിച്ച വത്സനെ പക്ഷേ ഒരിക്കല്‍ പോലും അവര്‍ കുറ്റപ്പെടുത്തുന്നില്ല. നാടകത്തിലെ മറ്റൊരു രംഗം തുടങ്ങുന്നതിനു മുമ്പുള്ള ഇരുളായിരുന്നിരിക്കണം അവരുടെ മനസിലുണ്ടായിരുന്നത്.

നാടകം താല്‍ക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ചായക്കടയില്‍ അരിയിടിച്ചു കൊടുക്കുന്ന ജോലിയെടുക്കേണ്ടി വന്നു. രണ്ട് സ്പൂണ്‍ ചായയുടെ ബലത്തില്‍ പൗളി ആദ്യകുഞ്ഞിന് ജന്മം നല്കി. ” വീടിന്റെ ചെറ്റയില്‍ പിടിച്ച് പിടിച്ച് പതുക്കെ ഇഴഞ്ഞാണു ഞാന്‍ പ്രാഥമികാവശ്യങ്ങള്‍ക്കു മറപ്പുരയില്‍ പോലും പോയിരുന്നത്. ദാഹം തീര്‍ക്കാന്‍ കുളിക്കാന്‍ വച്ചിരുന്ന വെള്ളം ആരും കാണാതെ കോരിക്കുടിക്കും. ” പൗളി പറയുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് അധികകാലമാകുന്നതിനു മുമ്പേ അവര്‍ക്ക് ക്ഷയം പിടിപെടുന്നുമുണ്ട്. വളപ്പിലെ സ്വന്തം വീട്ടില്‍ സ്വര്‍ഗതുല്യമായിരുന്നില്ല പൗളിയുടെ ജീവിതം. പക്ഷേ അവിടെ സമാധാനമുണ്ടായിരുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും തൊഴിലെടുത്ത് സംരക്ഷിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാം നേരെ തിരിച്ചായിരുന്നു. അസ്ഥിയും തോലുമാത്രമായിത്തീര്‍ന്ന തന്റെ രൂപത്തെ നാടകസമിതിയില്‍ നിന്നും വന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പൗളി പറയുന്നു.

പൗളി വത്സന്‍ സിനിമയിലെത്തപ്പെട്ടതിന്റെയും ദീര്‍ഘമായ വിവരണം പുസ്തകത്തിലുണ്ട്. ഈ.മ.യൗ, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിലെ അഭിനയത്തിനാണ് അവര്‍ക്കു സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖിയെ പോലെയോ ആശാരിപ്പണിക്കാരനായിരുന്ന ഹാരിസണ്‍ ഫോര്‍ഡിനെ പോലെയോ മറീനാ ബീച്ചിലെ ബെഞ്ചില്‍ കിടന്ന് രാവു വെളുപ്പിച്ചിരുന്ന സാക്ഷാല്‍ ബിഗ് ബിയെ പോലെയോ പൗളി വത്സന്റെ ജീവിതം മാറിമറിഞ്ഞിട്ടില്ല. ഇപ്പോഴും ചതുപ്പുനിലത്തിനരികില്‍ പണിതീരാത്ത വീട്ടിലാണ് അവരുടെ താമസം. നാടകത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും സിനിമയില്‍ പൂര്‍ണപങ്കാളിത്തമായിട്ടില്ല. ” മാനം അപ്പോള്‍ നന്നായി തെളിഞ്ഞിരുന്നു. മഴ തോര്‍ന്ന് പ്രസന്നമായ മാനം” എന്നെഴുതിയാണു പൗളി തന്റെ ജീവിതകഥയ്ക്ക് അര്‍ദ്ധവിരാമമിടുന്നത്. സുഖിനോ ഭവന്തു എന്ന നാടകത്തിലഭിനയിച്ചതിന്റെ സ്മരണ. കാര്‍മേഘങ്ങളില്ലാത്ത പുതിയൊരു ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കട്ടെയെന്ന് ആശംസിക്കാം.

ആത്മകഥയുടെ കേട്ടെഴുത്ത് നിര്‍വഹിച്ച ജോയ് പീറ്റര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. അക്ഷരങ്ങളില്‍ ഒരിക്കല്‍ പോലും വൈകാരികത ചോര്‍ന്നുപോകുന്നില്ല. പൗളി വത്സന്റെ ജീവിതം പോലെ കഠിനമല്ല എഴുത്ത് ഭാഷ. ഒരു നാടകം കാണുന്ന അനുഭവം പകര്‍ന്നുതരുന്നുണ്ട് ചോരനേരുള്ള പകര്‍ന്നാട്ടങ്ങള്‍. അത്തരമൊരു കേട്ടെഴുത്ത് ഉണ്ടായിരുന്നില്ലെങ്കില്‍ പൗളി വത്സനെന്ന നടിയെ ഒരുപക്ഷേ ആരും അറിയാതെ പോകുമായിരുന്നു. പ്രണത പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന് 150 രൂപയാണ് വില.

Share this