ഷാരൂഖിന്റെ ‘ ഡര്‍ ‘ തനിക്ക് വേണ്ടി എഴുതിയത്: രാഹുല്‍ റോയ്

Entertainment

 

മുംബൈ: ഷാരൂഖ് വില്ലന്റെ റോളിലെത്തി തകര്‍ത്ത് അഭിനയിച്ച 1993 ലെ ഹിറ്റ് ചിത്രമായ ‘ഡര്‍’ ആദ്യം തനിക്ക് വേണ്ടിയാണ് എഴുതിയതെന്ന് നടന്‍ രാഹുല്‍ റോയ്. എന്നാല്‍ മറ്റൊരു ചിത്രത്തിനു ഡേറ്റ് നല്‍കിയിരുന്നതിനാല്‍ ഡറില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും ഇപ്പോള്‍ ആ നഷ്ടത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടന്മാരായ രാഹുല്‍ റോയ്, അനു അഗര്‍വാള്‍, ദീപക് തിജോരി എന്നിവരെത്തിയിരുന്നു. 1990 ലെ ഹിറ്റ് ചിത്രമായ ആഷിഖിലെ നടന്മാരായിരുന്നു ഇവര്‍. ആഷിഖിന്റെ 30 ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇവര്‍ കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കാനെത്തിയത്.
ആഷിഖിന്റെ വിജയത്തിനു ശേഷം തനിക്ക് ആറ് മാസത്തോളം യാതൊരു ഓഫറുകളും ലഭിച്ചില്ല. എന്നാല്‍ പെട്ടെന്ന് 49 ഓളം ഓഫറുകള്‍ വന്നു. ഇവയില്‍നിന്നും ഏത് തെരഞ്ഞെടുക്കണമെന്നും ഏതെല്ലാം ഒഴിവാക്കണമെന്നും അറിയില്ലായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
ഡര്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് കൊലപാതകിയുടെ വേഷത്തിലാണ് എത്തുന്നത്. ഷാരൂഖിന്റെ സിനിമാ ജീവിതത്തെ രൂപപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഡര്‍. സണ്ണി ഡിയോളും ജൂഹി ചാവ്ലയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Share this