Kaniha direct a shortfilm

സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ച് നടി കനിഹ

Top Stories

ചെന്നൈ: ക്യാമറയ്ക്കു മുന്‍പില്‍ നിന്നു പരിചയിച്ച കനിഹ ഇനി സംവിധായികയുടെ തൊപ്പി ധരിച്ചു ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കും. മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടി കനിഹയുടെ സംവിധാനത്തില്‍ തയാറായ ഹ്രസ്വ ചിത്രം മാ (Maa ) മേയ് 10ന് യൂ ട്യൂബില്‍ റിലീസ് ചെയ്തു.

രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു മുന്‍പായിരുന്നു കനിഹ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. ഭാഗ്യത്തിനു ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പിന്നെയും അവശേഷിക്കുകയായിരുന്നു. അത് ലോക്ക്ഡൗണിനിടെ താരം ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റിലിരുന്നു ചെയ്യുകയും ചെയ്തു. മേയ് 10ന് മാതൃദിനത്തില്‍ തന്നെ മാതാവ് എന്ന അര്‍ഥമുള്ള മാ എന്ന ചിത്രം റിലീസ് ചെയ്യാനും സാധിച്ചെന്നു കനിഹ പറഞ്ഞു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത, ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ഹരിഹരന്റെ പഴശിരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതയാണു കനിഹ. തന്റെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു ഒരു ചിത്രം സംവിധാനം ചെയ്യുക എന്നു കനിഹ പറഞ്ഞു. ഫിലിം മേക്കിംഗിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും കനിഹ പറഞ്ഞു. സംവിധാനം ഏറെ വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നു താരം പറഞ്ഞു. ഇനി കനിഹയുടെ അടുത്ത ലക്ഷ്യം ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്യുക എന്നതാണ്. തന്റെ ഹ്രസ്വ ചിത്രത്തെ മമ്മൂട്ടിയും സംവിധായകന്‍ രഞ്ജിത്തും അഭിനന്ദിച്ചതായി കനിഹ പറഞ്ഞു.

Summary: Kaniha releases her directorial debut

Share this