ബീന ആന്റണി ‘ ആഭാ കര്‍പാല്‍’ ആയപ്പോള്‍

Feature

കൊച്ചി: ബീന ആന്റണി മലയാളികള്‍ക്കു സുപരിചിതയായ കലാകാരിയാണ്. ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും നമ്മളില്‍ ഭൂരിഭാഗവും കണ്ടു പരിചയിച്ചിട്ടുള്ള മുഖമാണ് ബീന ആന്റണിയുടേത്. മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ട യോദ്ധ മുതല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ബീന ആന്റണി. ടിവി സീരിയലുകളില്‍ ഇന്നും സജ്ജീവവുമാണ്.
ഇത്തരത്തില്‍ അറിയപ്പെടുന്ന ബീന ആന്റണിയെയാണ് ആഭാ കര്‍പാലായി ഒരു ഓണ്‍ലൈന്‍ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്.
ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള പരസ്യത്തില്‍ ഉപയോഗിക്കുന്ന തന്ത്രത്തെ ഡാര്‍ക്ക് പാറ്റേണ്‍ എന്നാണ് വിളിക്കുന്നത്.

ഓണ്‍ലൈനില്‍ കൂടുതല്‍ വില്‍പന സൃഷ്ടിക്കുന്നതിനും, സബ്സ്‌ക്രിപ്ഷനുകള്‍ നേടുന്നതിനും വേണ്ടി ഡിസൈനര്‍മാരും, ബിസിനസ് സ്ഥാപനങ്ങളും ചേര്‍ന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന യൂസര്‍ ഇന്റര്‍ഫേസുകള്‍ സൃഷ്ടിക്കും. ഈ യൂസര്‍ ഇന്റര്‍ഫേസുകളാണ് ഡാര്‍ക്ക് പാറ്റേണ്‍സ്. അനാവശ്യമായവ പര്‍ച്ചേസ് ചെയ്യാന്‍ ഓണ്‍ലൈനിലെത്തുന്ന ഒരാളെ പ്രേരിപ്പിക്കുന്നതാണ് ഡാര്‍ക്ക് പാറ്റേണ്‍സ്. ഈ തന്ത്രം പൊതുവേ പ്രയോഗിക്കുന്നത് ഇ കൊമേഴ്സ് വെബ്സൈറ്റുകളിലാണ്. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകളിലും ഉപയോഗിച്ചു വരുന്നു.

ഷോപ്പിംഗ് സ്റ്റോറുകളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമ്മളുടെ ഷോപ്പിംഗ് കാര്‍ട്ടില്‍ നമ്മള്‍ ആവശ്യപ്പെടാതെ തന്നെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ഇനങ്ങള്‍ ഡാര്‍ക്ക് പാറ്റേണ്‍ തന്ത്രത്തിനുള്ള ഉദാഹരണങ്ങളാണ്.

ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും നമ്മളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പട്ടികയില്‍ കയറിക്കൂടുന്ന സബ്സ്‌ക്രിപ്ഷനുകളുണ്ട്. അത് മ്യൂസിക്ക് ആകാം, സിനിമ ആകാം, ടിവി ഷോ ആകാം അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു പത്രത്തിന്റെയോ മാഗസിന്റെയോ ഇ വേര്‍ഷനാകാം. റദ്ദ് ചെയ്യാനുള്ള നൂലാമാലകള്‍ കാരണം ചിലര്‍ സബ്സ്‌ക്രൈബ് ചെയ്യാറുമുണ്ട്.
ഇപ്പോള്‍ 50 പേര്‍ വാങ്ങാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ‘ഉടന്‍ വിറ്റു തീരും’ എന്നൊക്കെയുള്ള മുന്നറിയിപ്പ് നല്‍കിയവയായിരിക്കും ഇത്തരം പരസ്യങ്ങള്‍.
എന്നാല്‍ വീണ്ടും കുറേ ആഴ്ചകളില്‍ വില്‍പ്പനയ്ക്കു കാണാനാവും ഇത്തരം ഉല്‍പ്പന്നങ്ങള്‍.
ഇതാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പൊതുവേ കാണുന്നത്.

Share this