അല്‍ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

Top Stories

ന്യൂഡല്‍ഹി: 2014-ല്‍ കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന അല്‍ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ക തിരികെയെത്തുന്നത്. കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അധ്യക്ഷന്‍ പി.സി.ചാക്കോയുടെ നേതൃത്വത്തിലാണ് അല്‍ക ലാംബയ്ക്കു പാര്‍ട്ടി അംഗത്വം നല്‍കിയത്. അഞ്ച് രൂപയുടെ അംഗത്വ രസീത് ലഭിച്ചെന്ന് അറിയിച്ചു കൊണ്ട് അല്‍ക ലാംബ ട്വീറ്റ് ചെയ്യുകയും ചെയ്തു.
‘ കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ വീണ്ടും അംഗമായി സ്വീകരിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അകലെയായിരുന്നെങ്കിലും അതിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് എനിക്കു വേര്‍പെടാന്‍ കഴിഞ്ഞില്ല. സോണിയഗാന്ധി ജി, രാഹുല്‍ഗാന്ധി ജി, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരോടും നന്ദിയുണ്ട്. ജനങ്ങള്‍ക്കും അവരുടെ പ്രശ്നങ്ങള്‍ക്കും ശബ്ദം പകരാന്‍ ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി നല്‍കാനാണു ഞാന്‍ അംഗമായത് ‘ അല്‍ക പറഞ്ഞു.
ഡല്‍ഹിയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് അല്‍കയുടെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ്.
സെപ്റ്റംബര്‍ ആറിനായിരുന്നു അല്‍ക ആം ആദ്മി പാര്‍ട്ടി വിട്ടതായി അറിയിച്ചത്.ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് എംഎല്‍എയായിരുന്നു അല്‍ക.

Share this