ബീഫ് വിറ്റതായി ആരോപണം; യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

India

ഖുന്ദി: ഉത്തരേന്ത്യയില്‍ ബീഫ് വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഖുന്ദി ജില്ലയിലാണ് സംഭവം. ആള്‍ക്കൂട്ട ആക്രമണത്തില്‍ കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ടു പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് നിരോധിക്കപ്പെട്ട മാംസം വിറ്റെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവിനെ പ്രദേശവാസികളില്‍ ചിലര്‍ മര്‍ദ്ദിച്ചതായി കറ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ഡിഐജി എ.വി ഹോംകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പരിക്കേറ്റ മൂന്ന് പേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Share this