പുരാതന അറബിക് തന്ത്രം എങ്ങനെ വെള്ളപ്പൊക്കത്തില്‍ നിന്നും സ്പാനിഷ് നഗരത്തെ രക്ഷിച്ചു

Feature

ആലികന്റ് (Alicante) എന്ന തെക്ക് കിഴക്കന്‍ സ്പാനിഷ് നഗരത്തില്‍ മഴ പെയ്യാറില്ല. അവിടെ മഴ വര്‍ഷിക്കുകയാണു ചെയ്യുന്നതെന്നു പറയേണ്ടി വരും. മാസങ്ങളോളം ആലികന്റില്‍ മഴ പെയ്യാറില്ല. പക്ഷേ, പെയ്തു തുടങ്ങിയാല്‍ അത് പേമാരിയായി മാറും. ചിലപ്പോള്‍ അത് വിനാശകരവുമാകും. അതോടൊപ്പം വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്. അവിടെയുള്ളവര്‍ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു. എങ്കിലും മഴയും പേമാരിയും വിതയ്ക്കുന്ന ദുരിതത്തില്‍നിന്നും കരകയറാന്‍ അവിടെയുള്ളവര്‍ ചെയ്തത് എന്താണെന്ന് അറിയുമോ. ജലസംഭരണിയുള്ള ഒരു പാര്‍ക്ക് നിര്‍മിച്ചു.
നഗരത്തിലെ താഴ്ന്ന പ്രദേശമായ സാന്‍ ജുവാനില്‍ അധികൃതര്‍ ഒരു പുതിയ പാര്‍ക്ക് നിര്‍മിക്കുകയുണ്ടായി. ലാ മാര്‍ജല്‍ (La Marjal) എന്നാണു പാര്‍ക്കിന്റെ പേര്. ഒരു പാര്‍ക്കിലെ പോലെ വിനോദത്തിനുള്ള സ്ഥലമാണിത്. എന്നാല്‍ അതോടൊപ്പം പ്രകൃതി സംരക്ഷണ കേന്ദ്രമായും അഥവാ നേച്ചര്‍ റിസര്‍വായും ഇതു മാറിയിരിക്കുകയാണ്. മഴവെള്ളം സംഭരിക്കുക, തുടര്‍ന്ന് റീസൈക്കിള്‍ ചെയ്യുക എന്നതാണു പാര്‍ക്കിന്റെ പ്രാഥമിക ലക്ഷ്യം. പാര്‍ക്കിലെ ജലസംഭരണിയുടെ പ്രവര്‍ത്തനം ഒരു ആല്‍ജിബെയോടു(aljibe) സാമ്യമുള്ളതാണ്. ആല്‍ജിബെ എന്നാല്‍ ജലസംഭരണി എന്നാണ് അര്‍ഥം. നിരവധി നൂറ്റാണ്ടുകള്‍ മുമ്പ് സ്‌പെയ്‌നിലെ അറബ് നിവാസികള്‍ വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യയാണിത്. ചുരുക്കിപ്പറഞ്ഞാല്‍ വെള്ളം സംഭരിക്കുന്നതിനുള്ള ഒരു വാസ്തുവിദ്യയാണ് ആല്‍ജിബെ.
പരമ്പരാഗത അറബ് മാതൃകയിലുള്ളതാണിത്. ഭാഗികമായോ മുഴുവനുമായോ ഭൂഗര്‍ഭ പാത്രമാണിത്. മഴവെള്ളം ശേഖരിച്ച് പ്രത്യേകമായി തീര്‍ത്ത ഒരു കുഴിയില്‍ സൂക്ഷിക്കുന്നു. ലാ മാര്‍ജല്‍ എന്ന പാര്‍ക്കിലും ഇതാണു ചെയ്യുന്നത്. ശേഖരിക്കുന്ന മഴവെള്ളം സമീപമുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വിടുന്നു. പിന്നീട് ഈ വെള്ളം പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ആലികന്റിലെയും ബാഴ്‌സലോണയിലെയും ഈ മഴവെള്ള സംഭരണിയാണ് 21-ാംനൂറ്റാണ്ടിലെ ആല്‍ജിബെയെന്നു യൂണിവേഴ്‌സിറ്റി ഓഫ് ആലികന്റിലെ പ്രഫസര്‍ ജോര്‍ജ് ഒല്‍സിന പറയുന്നു.എട്ട് നൂറ്റാണ്ടുകളോളം കാലം സ്‌പെയിനിലെ അറബ് ഭരണാധികാരികള്‍ ജലപരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും മാസ്റ്റര്‍മാരായിരുന്നു എന്നാണു പറയപ്പെടുന്നത്. എന്നാല്‍ ഈ അറിവ് പിന്നീട് നഷ്ടപ്പെടുകയായിരുന്നു.
സ്‌പെയ്‌നിലെ ആലികന്റിലെ പാര്‍ക്ക് ആല്‍ജിബെയുടേതിനു സമാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ക്കിലെ ജലസംഭരണിക്ക് 18 സ്വിമ്മിംഗ് പൂളില്‍ ഉള്‍ക്കൊള്ളുന്ന അത്രയും ജലം സംഭരിക്കാനാവും. എന്നാല്‍ ഇതുവരെ ഈ ജലസംഭരണി അതിന്റെ സംഭരണശേഷിയുടെ 30 ശതമാനം പോലും നിറഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. 2017ല്‍ ശക്തമായ മഴയുണ്ടായിട്ടു പോലും അതു നിറഞ്ഞില്ല.
ഈ പാര്‍ക്ക് മെഡിറ്ററേനിയന്‍ ചെടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വദേശികളും മൈഗ്രേറ്റ് ചെയ്ത് വരുന്നതുമായ പക്ഷികളെയും പാര്‍ക്കില്‍ കാണുവാന്‍ സാധിക്കും. ഏകദേശം 90 പക്ഷി വര്‍ഗങ്ങള്‍ ഇവിടെയുണ്ട്. 2015ലാണു പാര്‍ക്ക് പൊതുജനത്തിനായി തുറന്നു കൊടുത്തത്. 3.7 ദശലക്ഷം യൂറോയാണു പാര്‍ക്കും ജലസംഭരണിയും നിര്‍മിക്കാന്‍ ചെലവഴിച്ചത്. പക്ഷേ. പ്രതിവര്‍ഷം ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 50,000 യൂറോ ചെലവഴിക്കുന്നുണ്ട്.

Share this