സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചു; റിപ്പോര്‍ട്ട് ചെയ്തിട്ടും രണ്ട് ദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല

Top Stories

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായമായ ഒരു സ്ത്രീയെ വീടിന് തൊട്ടു മുന്‍പില്‍ വച്ചു സ്‌കൂട്ടറിലെത്തിയ രണ്ട് പുരുഷന്മാര്‍ കൊള്ളയടിച്ചു. രാജ്യ തലസ്ഥാനത്ത് നടന്ന സാഹസികമായൊരു കുറ്റകൃത്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയായിരിക്കുകയാണിത്. ജുലൈ രണ്ടാം തീയതി ചൊവ്വാഴ്ചയാണു സംഭവം അരങ്ങേറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈസ്റ്റ് നഗര്‍ ദില്ലിയിലുള്ള ലക്ഷ്മിനഗര്‍ ഏരിയയിലാണു കൊള്ളയടി നടന്നത്. മായാ ദേവി എന്ന സ്ത്രീയുടെ ബാഗാണു സ്‌കൂട്ടറിലെത്തിയവര്‍ തട്ടിപ്പറിച്ചു കൊണ്ടു പോയത്. സ്ത്രീയുടെ കൈയ്യില്‍നിന്നും ബാഗ് തട്ടിപ്പറിക്കുന്നതിനിടെ സ്ത്രീ നിലത്തു വീഴുകയും ചെയ്തു.
സംഭവത്തിനു ശേഷം സ്ത്രീ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചെങ്കിലും രണ്ട് ദിവസമായിട്ടും കേസൊന്നും രജിസ്റ്റര്‍ ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥനോ ബീറ്റ് സ്റ്റാഫോ എത്തിയില്ലെന്നു സ്ത്രീ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അന്വേഷിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ജസ്മീത് സിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Share this