ആര്‍ട്ടിക്കിള്‍ 15 (സിനിമ ആസ്വാദനം)

Entertainment

ആര്‍ട്ടിക്കിള്‍ 15
സംവിധാനം: അനുഭവ് സിന്‍ഹ
അഭിനേതാക്കള്‍: ആയുഷ്മാന്‍ ഖുറാന, സയാനി ഗുപ്ത
ദൈര്‍ഘ്യം: 130 മിനിറ്റ്

മത്വം, സമൂഹത്തില്‍ നിന്നും വിവേചനം പിഴുതെറിയുക തുടങ്ങിയ വളരെ പ്രസക്തമായ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു, അനുഭവ് സിന്‍ഹയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15’.
ആയുഷ്മാന്‍ ഖുറാന നായകനായി അഭിനയിക്കുന്ന ഈ ചിത്രം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ തടയുന്നു ആര്‍ട്ടിക്കിള്‍ 15. ഈ കാലഘട്ടത്തില്‍, നമ്മുടെ സമൂഹം ധ്രുവീകരിക്കപ്പെടുകയും വര്‍ഗ വിഭജനം മൂലമുണ്ടാകുന്ന വിള്ളലുകള്‍ കൂടുതല്‍ ആഴത്തിലാവുകയും ചെയ്യുമ്പോള്‍ ഇതു പോലൊരു ചിത്രത്തെ ധീരമായ ദൗത്യമെന്നു വേണം വിശേഷിപ്പിക്കാന്‍. നമ്മളിലൊരാളെ പോലെ ശരിയായ കാര്യം ചെയ്യാന്‍ പാടുപെടുന്ന ഒരു മനുഷ്യനെക്കുറിച്ചുള്ള കഥയാണ് ആര്‍ട്ടിക്കിള്‍ 15.

അയന്‍ രഞ്ജന്‍ (ആയുഷ്മാന്‍ ഖുറാന) ലാല്‍ഗാവ് പൊലീസ് സ്റ്റേഷന്റെ ചുമതലയേറ്റെടുത്തിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്. ലാല്‍ഗാവ് ഗ്രാമത്തിലെ മൂന്ന് പെണ്‍കുട്ടികളെ ഒരുദിവസം കാണാതാവുന്നു. പെണ്‍കുട്ടികള്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകര്‍ അയനെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ പിറ്റേ ദിവസം രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയാണ്. ഈ ഭയാനകമായ സാഹചര്യത്തില്‍ അയന്‍ തിരിച്ചറിയുന്നു സമൂഹത്തില്‍ നിലനില്‍ക്കുന്ന അസുഖകരമായ സത്യങ്ങള്‍. ജാതി അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങളും വിവേചനവും തടയാന്‍ അദ്ദേഹത്തിന് സാധിക്കുമോ ?
മുള്‍ക്ക് എന്ന ചിത്രമായിരുന്നു അനുഭവ് സിന്‍ഹ ഇതിനു മുന്‍പ് സംവിധാനം ചെയ്ത ചിത്രം. മുസ്ലിം കുടുംബത്തിന് രാജ്യത്തോടുള്ള കൂറ് ബോധപൂര്‍വ്വം തെളിയിക്കപ്പെടേണ്ടി വരുന്നതായിരുന്നു മുള്‍ക്ക്. ഇത് കാണിക്കുന്നത് രാജ്യത്തുള്ള ഇസ്ലാമോഫോബിയയെ ആണെന്നും സംവിധായകന്‍ ഇതിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 15 എന്ന പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത് ജാതി വിവേചനത്തിന്റെ ഭീകരതയെയാണ്.
രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മരത്തില്‍ കെട്ടി തൂക്കിക്കൊല്ലുകയും ചെയ്ത 2014 ലെ ബദുവന്‍ ബലാത്സംഗ കേസിനെ പശ്ചാത്തലമാക്കിയുള്ളതാണു കഥ. സിനിമയുടെ തുടക്കം മുതല്‍ തന്നെ ഒരു പിരിമുറുക്കം സൃഷ്ടിക്കുകയും കാഴ്ചക്കാരില്‍ ഉടനീളം ഉദ്വേഗം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ സിനിമയിലെ ട്വിസ്റ്റ് വളരെ കൃത്യതയോടെയുള്ളതാണ്. പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കഥയുടെ മൂഡിന് കൂടുതല്‍ ത്രില്ല് നല്‍കുന്നു.
പതിഞ്ഞ താളത്തിലാണു സിനിമ തുടങ്ങുന്നത്. എന്നാല്‍ രണ്ടാം പകുതിയോടെ ചിത്രത്തിന് ഗതിവേഗം കൈവരുന്നു. ചിത്രത്തിന്റെ പ്രത്യേക എന്നു പറയുന്നത് അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. ആയുഷ്മാന്‍ ഖുറാന വളരെ മികവോടെ അഭിനയിച്ചിരിക്കുന്നു. പെര്‍ഫോമന്‍സ് വിത്ത് പാര്‍ എക്സലന്‍സ് അഥവാ സമര്‍ഥമായ പ്രകടനം എന്നു വേണം ആയുഷ്മാന്‍ ഖുറാനയുടെ അഭിനയത്തെ വിശേഷിപ്പിക്കാന്‍. സഹതാരങ്ങളായെത്തുന്ന മനോജ് പഹ്വയും, കുമുദ് മിശ്രയും, സയാനി ഗുപ്തയും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു.
മികച്ച പ്രകടനങ്ങളും ശക്തമായ തിരക്കഥയും ചിത്രത്തെ ആകര്‍ഷകമാക്കുന്നു. ഒരു സോഷ്യല്‍ ത്രില്ലര്‍ തന്നെയാണ് ആര്‍ട്ടിക്കിള്‍ 15.

Share this