തൃശൂരില്‍ താമര ചിഹ്നത്തില്‍ സുരേഷ്‌ഗോപി

Top Stories

 

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കുന്നു. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏറ്റവും അധികം ബിജെപി അണികളെ കുഴപ്പത്തിലാക്കിയ മണ്ഡലമാണു തൃശൂര്‍. സംസ്ഥാനത്തെ ഒട്ടുമിക്ക ബിജെപി നേതാക്കളുടേയും പേര് ഉയര്‍ന്നു കേട്ട മണ്ഡലം. അവസാനം സഹികെട്ട തൃശൂരിലെ ബിജെപിക്കാര്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് നാടെങ്ങും താമര ചിഹ്നവും വരച്ചു.
സുരേന്ദ്രനെന്ന് ഏറെക്കുറെ ഉറപ്പിച്ചപ്പോഴാണ് മുന്നണിയില്‍ ബിഡിജെഎസിന് സീറ്റ് കൈമാറിയത്. തുഷാര്‍ വെള്ളപ്പള്ളി തൃശൂരിലെത്തി വോട്ടു ചോദ്യവും തുടങ്ങി. അണികള്‍ താമര മായ്ച്ച് കുടം വരച്ചു. ഒരു റൗണ്ട് മണ്ഡലമാകെ ഓടിത്തീര്‍ത്ത് രണ്ടാം ഘട്ടത്തിലേക്ക് സ്ഥാനാര്‍ത്ഥി പ്രവേശിക്കുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിന് കൂടുതല്‍ ഗ്ലാമര്‍ നല്‍കി വയനാട്ടില്‍ രാഹുല്‍ഗാന്ധിയെത്തി.
ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന വയനാട്ടില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി തുഷാര്‍ വെള്ളപ്പാള്ളി കച്ചമുറുക്കി ചുരം കയറി. അതോടെ ഒഴിവ് വന്ന തൃശൂരില്‍ അണികളെ കൂടുതല്‍ പരീക്ഷിക്കാതെ മികച്ച സ്ഥാനാര്‍ത്ഥിയെ ബിജെപി ദേശീയ നേതൃത്വം കണ്ടെത്തി രാജ്യസഭാംഗമായ സിനിമതാരം സുരേഷ്‌ഗോപി.
കൊലത്തും തിരുവനന്തപുരത്തും സുരേഷ്‌ഗോപിയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും തൃശൂരിലേക്ക് കടന്നു വരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. തൊണ്ണൂറുകളിലെ സുരേഷ്‌ഗോപി ചിത്രങ്ങളിലെ ഒരു മാസ് എന്‍ട്രി പോലെയായി സ്ഥാനാര്‍ത്ഥിത്വവും.
എന്‍ഡിഎ അണികളാണ് വീണ്ടും വെട്ടിലായിരിക്കുന്നത്. അവര്‍ക്ക് ഇനി താമര വരയ്ക്കണം. ഒരാഴ്ച്ച കൊണ്ട് താമര മായ്ച്ച് കുടും വരച്ചതു മുഴുവന്‍ മാറ്റണം. എന്നാലും സാരമില്ല സൂപ്പര്‍ താരമെത്തിയല്ലോയെന്ന് ബിജെപിക്കാര്‍ പറയുന്നു. തൊട്ടടുത്ത മണ്ഡലമായ ചാലക്കുടിയില്‍ സിനിമതാരം ഇന്നസെന്റ് വീണ്ടും മത്സരിക്കുന്നുണ്ട്. ഒരു ജില്ലയില്‍പ്പെടുന്ന രണ്ട് ലോകസഭ മണ്ഡലങ്ങളില്‍ പ്രമുഖ സിനിമതാരങ്ങള്‍ ഒരേ സമയം മത്സരിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
ബിജെപിയുടെ മലയാളികളായ മൂന്ന് രാജ്യസഭ എംപിമാരില്‍ രണ്ടുപേരെ ഇത്തവണ ലോകസഭയിലേക്ക് മത്സരിപ്പിക്കുന്നുയെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്രമന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്താണ് ജനവിധി തേടുന്നത്.

Share this