Local business thrive

വഴിയോര കച്ചവടം പൊടി പൊടിക്കുന്ന ലോക്ക്ഡൗണ്‍ കാലം

Business

കൊച്ചി: കച്ചവടം കൂടുതല്‍ ലോക്കലാകുന്ന (local) കാഴ്ചയ്ക്കാണ് ലോക്ക്ഡൗണ്‍ കാലം വേദിയാകുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ വഴിയോരങ്ങളില്‍ പഴം, പച്ചക്കറി, മത്സ്യം എന്നിവയുടെ വ്യാപാരം പൊടി പൊടിച്ചു. പഴം, പൈനാപ്പിള്‍, ചക്ക, കടച്ചക്ക, കപ്പ, നെല്ലിക്ക, നാരങ്ങ തുടങ്ങിയവ വഴിയോരങ്ങളില്‍ ഉടനീളം വില്‍പ്പനയ്ക്കുണ്ട്. പൈനാപ്പിള്‍ അഞ്ച് കിലോ, കപ്പ അഞ്ച് കിലോ, നെല്ലിക്ക രണ്ടര കിലോ, നേന്ത്രപ്പഴം രണ്ടര കിലോ എന്നിവ വെറും 100 രൂപയ്ക്കാണു വില്‍ക്കുന്നത്. ഉള്ള ആറ് കിലോയ്ക്ക് 100 രൂപയാണ് ഈടാക്കുന്നത്.


പെട്ടി ഓട്ടോറിക്ഷയിലാണ് ഇവയൊക്കെ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഏതെങ്കിലുമൊരു പ്രധാന കവലയില്‍ വാഹനം നിറുത്തിയിട്ട് കച്ചവടം ചെയ്യുന്ന രീതിയാണു പൊതുവേ കണ്ടു വരുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ മേഖലയില്‍ വാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കുകയും വില്‍പ്പനയ്ക്കുള്ള സാധനങ്ങളുടെ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടു കച്ചവടം ചെയ്യുകയും ചെയ്യുന്ന കാഴ്ചയും പതിവാണ്. വരാപ്പുഴ പാലം ഇറങ്ങി വടക്കന്‍ പറവൂരിലേക്കു പോകുന്ന ദിശയില്‍ നിരവധി വഴിയോരക്കച്ചവടക്കാര്‍ അണിനിരന്നിട്ടുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളും ഇവിടെ വില്‍പ്പനയ്ക്ക് തയാറാക്കി വച്ചിരിക്കുന്നതു കാണുവാന്‍ സാധിക്കും. തിരക്കേറിയ ഒരു റൂട്ടാണിത്. അതിനാല്‍ തന്നെ സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ കച്ചവടം ഇവിടെ നടക്കാറുമുണ്ട്. അതു പോലെ വൈപ്പിന്‍ ഭാഗത്തേയ്ക്കു പോകുമ്പോള്‍ ഗോശ്രീ പാലം അവസാനിക്കുന്ന കാളമുക്ക് പ്രദേശത്തും വഴിയോര കച്ചവടമുണ്ട്. ഇവിടെ ഹാര്‍ബറും അതിനോടനുബന്ധിച്ചു മത്സ്യം ചില്ലറയായി വില്‍ക്കുന്ന കടകളുമുണ്ട്. പിടക്കണ പച്ച മത്സ്യം വാങ്ങാന്‍ നിരവധി പേര്‍ ഇവിടെയെത്താറുണ്ട്. ആളുകള്‍ കൂടുതല്‍ എത്തുന്നതിനാല്‍ ഇവിടെ പച്ചക്കറി വില്‍പ്പനയ്ക്ക് ചെറിയ വാഹനങ്ങളിലെത്തുന്നവരുമുണ്ട്. ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം മുതലാണ് ഇവിടെ വിപണി സജീവമായത്.

അങ്കമാലിയില്‍ പ്രധാന ജംഗ്ഷനു സമീപം ചെറിയ വാഹനങ്ങളിലാണു പച്ചക്കറികളും, പഴങ്ങളും വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. മലയാറ്റൂര്‍, മഞ്ഞപ്ര, തുറവൂര്‍, കാലടി പോലുള്ള മലയോര മേഖലകളില്‍നിന്നുമാണു നഗരത്തില്‍ പച്ചക്കറികളും പഴങ്ങളും വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. മൂവാറ്റുപുഴയിലെ വാഴക്കുളത്തുനിന്നുള്ള പൈനാപ്പിളും ഇവിടെ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.

Summary: Local market gains prominence.

Share this