ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് തെരഞ്ഞെടുപ്പും ചില സത്യങ്ങളും

India

Author

ലോക ക്രിക്കറ്റിന്റെ അവസാന വാക്ക് ഐസിസിയാണ്. ക്രിക്കറ്റ് നിയമങ്ങളുടെ കാര്യത്തില്‍ ലോര്‍ഡ്‌സിലെ മെറിബോണ്‍ ക്രിക്കറ്റ് ക്ലബും. എംസിസി നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ (ഐസിസി) അംഗീകരിക്കും. ഈ രണ്ട് അധികാര കേന്ദ്രങ്ങളുടെ കൂടിച്ചേരലാണ് ലോക ക്രിക്കറ്റിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഇവരെക്കാള്‍ സമ്പത്തിലും ശക്തിയിലും മുന്നിലുള്ളത് ബിസിസിഐ ആണെന്ന വാദവും ശക്തമാണ്.
സമ്പത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോളം വരില്ല ലോകത്തിലെ മറ്റ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുകള്‍. സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് ക്രിക്കറ്റിനെ വളര്‍ത്തിയ മാധവ്‌റാവു സിന്ധ്യയുടെ കാലമല്ല. ജഗ്‌മോഹന്‍ ഡാല്‍മിയയില്‍ തുടങ്ങി പണക്കൊഴുപ്പിന്റെ ഭരണം ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍, അനുരാഗ് താക്കൂര്‍ വഴി സി.കെ. ഖന്നയില്‍ ഇത് എത്തി നില്‍ക്കുന്നു.
സമ്പത്തിലും വിവാദങ്ങളിലും മുന്നിലാണെങ്കിലും കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും പരിശീലകരെ നിയമിക്കുന്നതിലും ബിസിസിഐക്ക് പലപ്പോഴും സ്വാര്‍ത്ഥ താത്പര്യമുണ്ടെന്നത് ഒരു യാഥാര്‍ഥ്യം. മേലാളന്‍മാരുടെ താത്പര്യത്തിനൊത്തു കളിക്കാരുടെ പാനല്‍ തയ്യാറാക്കുന്ന പരിശീലകരോട് അല്‍പ്പം സ്‌നേഹം കൂടുതലുണ്ട്. സെലക്ഷന്‍ കമ്മിറ്റി എന്ന പേരിലുള്ള സംഘം പലപ്പോഴും പക്ഷാപാതക്കാരുടെ കൂട്ടമായി മാറിയത് ചരിത്രം. എന്തിന്, പലപ്പോഴും ഒരു മികച്ച ഇന്നിങ്‌സ് പോലും ഓര്‍ക്കാനില്ലാത്തവരാണു സെലക്ഷന്‍ കമ്മറ്റിയുടെ തലപ്പത്ത് എത്തുന്നത്. ഇപ്പോഴത്തെ കാര്യം തന്നെയെടുക്കാം. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ മന്നവ ശ്രീകാന്ത് പ്രസാദ് (എം.എസ്.കെ പ്രസാദ്). മുന്‍ വിക്കറ്റ് കീപ്പര്‍. ഇന്ത്യയ്ക്കായി കളിച്ചത് 6 ടെസ്റ്റ്. 17 ഏകദിനം. ഇതിലെല്ലാം കൂടി 237 റണ്‍സ്!. മേഖലാ അടിസ്ഥാനത്തില്‍ വീതം വയ്ക്കുന്ന സെലക്ഷന്‍ കമ്മറ്റി അംഗത്വം നേടുന്നവര്‍ സ്വന്തം മേഖലയിലെ കളിക്കാരെ ടീമില്‍ കുത്തി നിറയ്ക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികം.
‘മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളും വളയും’ എന്ന പഴമൊഴി ഇവിടെ ഓര്‍ക്കുന്നത് നന്ന്. പണ്ടു മുതലേ വീതം വയ്പ്പും കൂട്ടലും കിഴിക്കലും നടത്തി ലഭിക്കുന്ന ടീമിനെ പരിശീലിപ്പിക്കാനാകും പരിശീലകരുടെ ദൗത്യം. ഇന്ത്യയുടെ ആദ്യ വിദേശ പരിശീലകന്‍ ജോണ്‍ റൈറ്റ്‌സിന്റെ കാലത്തിനു മുമ്പ് സെലക്ഷന്‍ കമ്മറ്റിയോട് തര്‍ക്കിക്കാനോ കളിക്കാരെ കുറിച്ച് അഭിപ്രായം പറയാനോ കോച്ചുമാരില്‍ പലരും തയ്യാറായിട്ടില്ലെന്നതാണു വസ്തുത.

കോച്ചിനെക്കാള്‍ ക്യാപ്റ്റന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ടീമാണു പലപ്പോഴും ഇന്ത്യയുടേത്. തൊണ്ണൂറുകളില്‍ കപില്‍ദേവ്, മുഹമ്മദ് അസറുദ്ദീന്‍, രവി ശാസ്ത്രി എന്നിവര്‍ മൂന്ന് അധികാര കേന്ദ്രങ്ങളായി ടീമില്‍ നിലകൊണ്ടു. അന്നത്തെ ബി.സി.സി.ഐ നേതൃത്വത്തിന് താത്പര്യം അസറുദ്ദീനോടായിരുന്നു. അതിനാല്‍ തന്നെ ഏതാണ്ട് 10 വര്‍ഷത്തോളം അസര്‍ ഇന്ത്യയെ നയിച്ചു. മൂന്നു ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച ഏക ക്യാപ്റ്റനുമാണ് അദ്ദേഹം. അസര്‍ യുഗത്തിനു ശേഷം സൗരവ് ഗാംഗുലി എന്ന അതികായന്റെ ഊഴമായിരുന്നു. ‘ദാദ’ എന്ന വിളിപ്പേരിനെ അനുസ്മരിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. എങ്കിലും ടീമിന് പേരാട്ടവീര്യവും, എതിരാളികള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി നല്‍കുന്നതില്‍ ധൈര്യവും പകര്‍ന്നത് അദ്ദേഹമാണ്. ഇതിനിടെ ഇടയ്ക്കു സച്ചിന്‍ ടെന്‍ഡുക്കര്‍ ക്യാപ്റ്റന്റെ തൊപ്പി അണിഞ്ഞെങ്കിലും കളിയിലെ കേമത്തം നേതൃത്വത്തില്‍ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പിസത്തിനും അദ്ദേഹം ഒരിക്കലും തുനിഞ്ഞില്ല.

ഗാംഗുലിക്കു പിന്നാലെ കളിക്കളത്തിലും പുറത്തും മാന്യനായ രാഹുല്‍ ദ്രാവിഡെത്തി. കളികാരെ നിയന്ത്രിക്കുന്നതില്‍ ദ്രാവിഡിനു മിടുക്ക് കുറവായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ ധോണി സ്വന്തമായൊരു ടീം മെനഞ്ഞിരുന്നു. ഹര്‍ഭജന്‍ സിങ്ങിനെ പോലെ ചിലര്‍ എം.എസ്.കെയുടെ പ്രിയപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി എംഎസ്‌കെയുടെ ഇഷ്ടത്തിന്റെ കാര്യത്തില്‍ ഒരുപടി കൂടി മുന്നിലാണ്. കോലിക്ക് അനിഷ്ടമുണ്ടെന്ന കാരണത്താല്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച സ്പിന്‍ ബൗളര്‍ അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്നം നീക്കുന്നതില്‍ ചുക്കാന്‍ പിടിച്ചു എംഎസ്‌കെ. സഹതാരമായിരുന്ന വീരേന്ദ്രര്‍ സേവാഗ്, ഓസീസ് താരം ടോം മൂഡി എന്നിവരെ മറികടന്ന് രവി ശാസ്ത്രിയെ ഇന്ത്യയുടെ കോച്ചാക്കിയതില്‍ കോലിയുടെ പങ്ക് വളരെ വലുതാണ്. ഈ സ്വാതന്ത്ര്യവും വിധേയത്വവും മുതലക്കി ഇന്ത്യന്‍ ടീമിനെ കോലി ടീമാക്കി മാറ്റിയെന്ന ആരോപണം ശക്തമാണ്.

ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രിയുടെ പകരക്കാരനെ ഇന്ത്യ തേടുന്നത്. കോലിയെന്ന നായകന്റെ അപ്രീതിക്കു പാത്രമായ ആരെങ്കിലും കോച്ചായി എത്തുമെന്ന് നിലവിലെ സാഹചര്യത്തില്‍ കരുതാനാകില്ല. കോലിയെന്ന ലോക ഒന്നാം നമ്പര്‍ താരത്തെ പിണക്കി ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ ബി.സി.സി.ഐ ഒരിക്കലും മുതിരില്ല. മാത്രമല്ല, കോലിക്കായി കോടികള്‍ മുടക്കി പരസ്യം ചെയ്യുന്ന വമ്പര്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ വരെ പ്രശ്‌നത്തില്‍ ഇടപെടും. ഇതാണ് ഇന്ത്യയിലെ കായിക രംഗത്തിന്റ ശാപവും.

ലോകത്ത് മറ്റൊരിടത്തും ഇത്തരത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ടീം തെരഞ്ഞെടുപ്പിലുണ്ടാകില്ല. കോച്ചിന് പൂര്‍ണ്ണ അധികാരം നല്‍കിയാണ് അവിടങ്ങളില്‍ ടീം തെരഞ്ഞെടുപ്പ്. ഉദാഹരണങ്ങള്‍ ധാരാളം. 2002 ഫുട്‌ബോള്‍ ലോകകപ്പ് സമയം. ബ്രസീല്‍ ടീമില്‍ റൊമാരിയോയെന്ന സൂപ്പര്‍ താരത്തെ കോച്ച് ലൂയി ഫിലിപ്പ് സ്‌കോളരി ഉള്‍പ്പെടുത്തിയില്ല. റൊമാരിയോയിക്കായി അന്നത്തെ ബ്രസീല്‍ പ്രസിഡന്റ് വരെ സ്‌കോളാരിയോട് ശിപാര്‍ശ ചെയ്തു പക്ഷേ കോച്ച് തീരുമാനം മാറ്റിയില്ല. ഇതിനു സമാനമായിരുന്നു 2010 ലോകകപ്പ് കാലത്ത് അര്‍ജന്റീന ടീമില്‍ നിന്നും യുവാന്‍ റോമന്‍ റിക്വല്‍മി എന്ന മികച്ച താരത്തെ കോച്ച് ഡിഗോ മറഡോണ പുറത്താക്കിയ സംഭവം. എന്നാല്‍ അത് ഇന്ത്യയിലായിരുന്നെങ്കില്‍ കോച്ച് പടിക്ക് പുറത്താകുമായിരുന്നു.

കോച്ച് എന്നാല്‍ ബി.സി.സി.ഐയുടേയും സെലക്ടര്‍മാരുടേയും നായകന്റെയും ആഞ്ജാനുവര്‍ത്തി എന്ന സാഹചര്യം മാറാതെ ഇന്ത്യന്‍ ക്രിക്കറ്റ് യഥാര്‍ത്ഥ വളര്‍ച്ച പ്രാപിക്കില്ലെന്നുപ്പ്.
പുതിയ കോച്ചിനെ തേടുമ്പോള്‍ ബി.സി.സി.ഐ മുന്നോട്ട് വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ആകര്‍ഷകമാണ്. 60 വയസ് തികയാത്ത രാജ്യാന്തര തലത്തില്‍ 30 ടെസ്റ്റ്, 50 ഏകദിനം മത്സര പരിചയം. 2 വര്‍ഷം കോച്ചിങ് പരിശീലനം. ഇതാണ് മാനദണ്ഡം. സഹപരിശീലകന് വയസ് 60. ബാക്കിയെല്ലാം മുഖ്യകോച്ചിന്റെ പകുതി പരിചയം.
കോച്ചിനുള്ള അപേക്ഷ 30 ന് അകം ബി.സി.സി.ഐയ്ക്ക് നല്‍കണം.

നിലവിലെ മാനദണ്ഡം ഇപ്പോഴത്തെ കോച്ച് രവിശാസ്ത്രിക്ക് വീണ്ടും അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവരീതിയില്‍ അപേക്ഷ നല്‍കാനാണ് സാധ്യത. കോലി അടക്കമുള്ളവരുടെ പിന്തുണയും ലഭിക്കും. ഇന്ത്യയില്‍ നിന്നും വീരേന്ദ്ര സേവാഗ് അപേക്ഷ നല്‍കിയാലും കോച്ചിങ് പരിശീലന പോരായ്മ ചൂണ്ടിക്കാട്ടി പരിഗണിക്കാതെ ഇരിക്കാം. വിദേശത്തു നിന്ന് ഇന്ത്യന്‍ സാഹചര്യം അറിയുന്ന ആരും ഈ മുള്‍കിരീടം ഏറ്റെടുക്കാന്‍ എത്തുമെന്ന് തോന്നുന്നില്ല. അഥവാ എത്തിയാല്‍ പരിശീലനത്തിന് ലഭിക്കുന്ന പ്രതിഫലം മാത്രമാകും മിക്കവരേയും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.

അടുത്ത കോച്ച് ആരാകമമെന്ന് അപേക്ഷ ക്ഷണിച്ചു കാത്തിരിക്കുന്ന ബി.സി.സി.ഐ മേലാളന്‍മാര്‍ക്ക് മികച്ച കോച്ചിനെ സ്വയം കണ്ടെത്താന്‍ സാധിക്കില്ലേ എന്ന ചോദ്യവും ശക്തമാണ്. മുമ്പ് ബി.സി.സി.ഐ നേരിട്ട് കോച്ചുമാരെ നിയമിക്കുന്നതായിരുന്നല്ലോ പതിവ്. അജിത് വഡേക്കര്‍, അന്‍ഷുമാന്‍ യെക്ക്‌വാദ് അടക്കം മികച്ച കോച്ചുമാരെ നിയമിച്ച ചരിത്രവുമുണ്ട്. ഈ വഴിക്ക് ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്. അല്ലാതെ യു.പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്ന ലാഘവത്തോടെയല്ല ലോകത്തെ ഒരു മികച്ച ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തേടേണ്ടതെന്ന് മുന്‍താരങ്ങളില്‍ പലരും ഇതിനോടകം അഭിപ്രായപ്പെട്ടു കഴിഞ്ഞു.

വാല്‍ക്കഷ്ണം: ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചിനായി മുമ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ മനഃപ്പൂര്‍വം അപേക്ഷ നല്‍കാതിരുന്ന ഒരാളുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ കഴിഞ്ഞ 5 വര്‍ഷമായി പരിശീലിപ്പിക്കുന്ന കോച്ച്. ലോകകപ്പില്‍ അണ്ടര്‍ 19 ടീമിനെ 2015 ല്‍ റണ്ണറപ്പും കഴിഞ്ഞ വര്‍ഷം ചാംപ്യന്‍മാരുമാക്കിയ വ്യക്തി. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ അടക്കം ഇന്ന് ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും തിളങ്ങുന്ന ജൂനിയര്‍ താരങ്ങളെ കണ്ടെത്തിയ റിക്രൂട്ട്‌മെന്റ് ജനറല്‍. ഇന്ത്യയ്ക്കായി 164 ടെസ്റ്റും 344 ഏകദിനവും കളിച്ചയാള്‍. ടെസ്റ്റില്‍ 13288 റണ്‍സും ഏകദിനത്തില്‍ 10889 റണ്‍സും നേടിയ താരം. ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറിയടക്കം 36 സെഞ്ചറികളും 63 അര്‍ദ്ധ സെഞ്ചറികളും ഏകദിനത്തില്‍ 12 സെഞ്ചറികളും 83 അര്‍ദ്ധ സെഞ്ചറികളും നേടിയ വന്‍മതില്‍. നിരവധി ടെസ്റ്റ്/ ഏകദിന മത്സരങ്ങളില്‍ ടീം താത്പര്യത്തിന് വില നല്‍കി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞ ത്യാഗി. ഇതിനെല്ലാം പുറമേ ടെസ്റ്റില്‍ ഒരു വിക്കറ്റും ഏകദിനത്തില്‍ നാല് വിക്കറ്റും നേടിയിട്ടുള്ള ഓഫ് സ്പിന്നര്‍. കളിക്കളത്തില്‍ ‘ആശ്രയിക്കാവുന്ന മാന്യന്‍’ എന്നും വിളിപ്പേരുള്ള താരം. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്. പക്ഷേ അദ്ദേഹത്തെ ക്ഷണിക്കാന്‍ ബി.സി.സി.ഐക്കോ ടീം നായകനോ താത്പര്യം കാണില്ല. മേലാളന്‍മാരുടെ അടിയാളനായി ദാസ്യവേല ചെയ്യാന്‍ അടിമുടി മാന്യനായ ദ്രാവിഡിനും താത്പര്യം കാണില്ല. അതിനാല്‍ അദ്ദേഹം അപേക്ഷ ഇത്തവണയും നല്‍കാനിടയില്ല. അഥവാ നല്‍കിയാല്‍ ആ അപേക്ഷ തള്ളിക്കളയാന്‍ ബി.സി.സി.ഐക്ക് സാധിക്കുകയുമില്ല.

Share this