ക്രിക്കറ്റിന്റെ ഈറ്റില്ലത്തില്‍ 30 ന് ലോകകപ്പിന് തുടക്കം; പ്രതീക്ഷയോടെ ടീമുകള്‍

Sports

author

നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചരിത്രമാണ്. തെക്കേ ഇംഗ്ലണ്ട് പ്രദേശങ്ങളായ കെന്റിനും സസെക്‌സിനും ഇടയിലുള്ള പുല്‍മൈതാനങ്ങളില്‍ കന്നുകാലികളെ മേയ്ച്ചിരുന്ന ഇടയ ബാലന്‍മാരുടെ ജീവിതം വിരസമായിരുന്നു. പകലന്തിയോളം കാലികളെ മേയ്ച്ചിരുന്ന അവര്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും മറ്റുമാര്‍ഗങ്ങളില്ലായിരുന്നു. ഒരിക്കല്‍ ഒരു ബാലന്‍ എന്തോ സാധനമെടുത്ത് കൂട്ടുകാരനു നേരെ തമാശയ്ക്ക് എറിഞ്ഞു. തന്റെ നേരേ വന്ന സാധനം കൈയ്യിലെ വടികൊണ്ട് മറ്റേക്കുട്ടി തടത്തു. രസം കയറിയ ഇടയബാലന്‍മാര്‍ പരസ്പരം വീണ്ടും വീണ്ടും വടിക്ക് നേരെ പല സാധനങ്ങളും എറിഞ്ഞു. ഉരുണ്ട കല്ലോ കമ്പോ കൈയ്യില്‍ കിട്ടിയാല്‍ അവര്‍ എറിഞ്ഞു കളിച്ചു തുടങ്ങി. ദൂരെ ഒരിടത്ത് വടികൊണ്ട് എറിയുന്ന വസ്തു അടിച്ചെത്തിക്കുക എന്ന രീതിയില്‍ അവര്‍ തങ്ങളുടെ കളി പരിഷ്‌ക്കരിച്ചു. ഏറുകാര്‍ അടുത്തു നിന്നും പ്രയോഗം തുടങ്ങിയപ്പോള്‍ അടിക്കാനും എറിയാനും ഒരേ സ്ഥലങ്ങള്‍ അവര്‍ നിശ്ചയിച്ചു. നീളമുള്ള വടി അഥവാ ദണ്ഡ് ഉപയോഗിച്ച് കളിക്കുന്ന കളിയെന്ന് അര്‍ത്ഥം വരുന്ന ”ക്രൈക്കോ” എന്നവര്‍ ഈ കളിയെ വിളിച്ചു. ഇന്ന് ലോകത്ത് പ്രധാനമായും ബ്രിട്ടീഷ് കോമണ്‍വല്‍ത്ത് രാജ്യങ്ങളില്‍ ഏറ്റവും ജനകീയമായി മാറിയ ക്രിക്കറ്റ് എന്ന കളിയുടെ തുടക്കം ഇതായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആയിരുന്നു മേല്‍വിവരിച്ച സംഭവം. ”ക്രൈക്കോ” പിന്നീട് ”ക്രിക്കറ്റ് ”എന്ന പേരിലേക്ക് രൂപം മാറി. അടിക്കുന്ന ആളിന്റെ കൈയ്യില്‍ വടിക്ക് പകരം അല്‍പ്പം വീതി കൂടിയ തടിയും എറിയുന്നതിന് കച്ചിയോ ഉറങ്ങിയ പുല്ലോ നിറച്ച് തുണി കൊണ്ടു കെട്ടിയുണ്ടാക്കിയ പന്തുകളും ഉപയോഗിച്ചു തുടങ്ങി. കളി സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ പോയ്ന്റ് തീരുമാനിക്കുവാന്‍ അതിര്‍ത്തികള്‍ തീരുമാനിക്കപ്പെട്ടു. അതിര്‍ത്തിക്കുള്ളില്‍ ഉയര്‍ത്തിയടിക്കുന്ന പന്ത് പിടിച്ചെടുത്താല്‍ ബാറ്റ്മാന്‍ പുറത്താകും. പിന്നീട് പുറത്താക്കലിന് ബാറ്റ്‌സ്മാന്റെ പിന്നില്‍ മരക്കുറ്റിയോ രണ്ടു കമ്പുകളോ സ്ഥാപിക്കപ്പെട്ടു. കളിക്കാന്‍ നിശ്ചിത എണ്ണമായി തിരിഞ്ഞ് ടീമായി കളിതുടങ്ങി.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഘട്ടം വരെ ഇടയബാലന്‍മാരുടെ കളിയായിരുന്നു ക്രിക്കറ്റ്. പിന്നീട് വരേണ്യവര്‍ഗം ഇതിനെ ഏറ്റെടുത്തു. പൊതുവേ തണുപ്പ് കാലാവസ്ഥയുള്ള ബ്രിട്ടണില്‍ വെയില്‍കൊള്ളാന്‍ ഉപകരിക്കുന്ന കളിയായി ക്രിക്കറ്റ് മാറി. ഇക്കാലത്തൊന്നും ഈ കളിക്ക് ലിഖിത നിയമങ്ങളുണ്ടായിരുന്നില്ല. എന്നിരുന്നാലും ഇന്ന് ക്രിക്കറ്റിനെ നാണം കെടുത്തുന്ന വാതുവെയ്പ്പുകള്‍ അന്നേ ആരംഭിച്ചതിന് ചരിത്രമുണ്ട്. അധികൃതരില്‍ നിന്നും ആഢ്യന്‍മാരിലേക്ക് ക്രിക്കറ്റ് പരകായ പ്രവേശനം ചെയ്തതോടെ കളിക്ക് കൂടുതല്‍ ചിട്ടകള്‍ തീരുമാനിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടാകുമ്പോള്‍ കളിക്കാര്‍ക്ക് വെള്ള വസ്ത്രം നിര്‍ബന്ധമാക്കി. ഒരു ടീമില്‍ 11 പേര്‍ എന്ന നിയമം ഫുട്‌ബോളില്‍ നിന്നും കടമെടുത്തു. ബാറ്റ്‌സ്മാന്റെ പിന്നിലെ ഇരട്ട സ്റ്റബുകളുടെ ഇടയിലൂടെ പന്ത് പോകുന്നതിനെക്കുറിച്ച് തര്‍ക്കം മുറുകിയപ്പോള്‍ മൂന്നാമൊതു സ്റ്റംബ് കൂടി നിയമത്തിലുള്‍പ്പെടുത്തി. ഏറുകാരുടെ വശത്ത് ഒരു സ്റ്റംബിനു പകരം മൂന്നെണ്ണം തീരുമാനിക്കപ്പെട്ടു. പോയിന്റുകള്‍ ഇരു സ്റ്റബുകള്‍ക്കുമിടയില്‍ ക്രീസില്‍ ഓടിയെടുക്കുന്ന രീതിയെത്തിയതോടെ പോയിന്റിനു പകരം റണ്‍ എന്ന് പറഞ്ഞു തുടങ്ങി. അങ്ങനെ പടിപടിയായി ഒരു കളി രൂപപ്പെട്ടു.

ബ്രിട്ടണിലെ കൗണ്ടികള്‍ തമ്മില്‍ ക്രിക്കറ്റ് കളി ആരംഭിച്ചതോടെയാണ് കളിക്ക് നിയമവും വ്യവസ്ഥകളും ഔദ്യോഗികമായി വരുന്നത്. നവീന കൗണ്ടി ക്ലബുകളുടെ തുടക്കം 1839 ല്‍ തുടക്കം കുറിച്ച സസെക്‌സ് ടീമാണ്. പിന്നീട് ബൗളിംഗ് രീതിയില്‍ ആം ബൗളിംഗ് എന്ന കൈമടക്കാതെയുള്ള രീതി കടന്നു വന്നു. അണ്ടര്‍ ആം പന്തുകളെക്കാള്‍ കൈമടക്കാതെ സുഗമമായി പന്ത് ഇരുവശങ്ങളിലേക്കും ചലിപ്പിച്ച് സ്വിങ് ചെയ്യുന്ന രീതികളും പന്ത് മണിബന്ധം ഉപയോഗിച്ച് ഫലപ്രദമായി തിരിക്കുന്ന സ്പിന്‍ തന്ത്രങ്ങളും ഇക്കാലത്ത് വികസിച്ചു വന്നു. ബൗളര്‍മാരെ ഫാസ്റ്റ്, മീഡിയം പേസര്‍, സ്പിന്നിര്‍ എന്നിങ്ങനെ തിരിച്ചു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ബൗളര്‍ സമ്പ്രദായത്തിലേക്കും കളിമാറി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടന്റെ എല്ലാ കോളനികളിലും സായ്പ്പിന്‍മാര്‍ ക്രിക്കറ്റ് കളി വ്യാപകമാക്കി. ആദ്യകാലത്ത് വെള്ളക്കാരന്‍ അതിര്‍ത്തി കടക്കുന്ന പന്തെടുക്കാന്‍ നിയോഗിക്കപ്പെട്ട ഇന്നത്തെ കോമണ്‍വല്‍ത്ത് രാജ്യങ്ങളിലെ നാട്ടുകാര്‍ പതുക്കെ കളി പഠിച്ചു. അവര്‍ കളിതുടങ്ങിയപ്പോള്‍ ടീമില്‍ ആളെക്കൂട്ടാന്‍ വെള്ളക്കാര്‍ നാട്ടുകാരെയും കളിക്ക് കൂട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രിക്കറ്റ് എല്ലാ ബ്രിട്ടീഷ് കോളനികളിലും ഒരു പ്രധാന മത്സരമായി മാറിക്കഴിഞ്ഞു. ടീമുകള്‍ രണ്ടു തവണ ബാറ്റ് ചെയ്യുന്ന ടെസ്റ്റ് ക്രിക്കറ്റ് ശൈലിയാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. പലപ്പോഴും ഇത് വിരസവും രസംകൊല്ലിയുമായി മാറി. ഇരു ടീമുകളും ബാറ്റിങ്ങിന് ഏറെ ദിവസങ്ങളെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒരു കളി പരമാവധി അഞ്ചു ദിവസമായി ചുരുക്കി. ഒരോവറില്‍ എട്ട് പന്തിനു പകരം ഓവറില്‍ ആറു പന്ത് എന്ന നിയമവും വന്നു. ഇക്കാലത്തൊന്നും അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് കളി ആരംഭിച്ചിരുന്നില്ല.
1844 ല്‍ ന്യൂയോര്‍ക്കിലെ സെന്റ് ജോര്‍ജ്ജ് ക്രിക്കറ്റ് ക്ലബില്‍ നടന്ന യു.എസ്.എയും കാനഡയും തമ്മിലുള്ള മത്സരമായിരുന്നു ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പര്യടനം വടക്കേ അമേരിക്കയില്‍ നടത്തി. 1862 ല്‍ ഇന്ന് ലോക ക്രിക്കറ്റിലെ പ്രമുഖരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ആദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റുമുട്ടി. 1865ല്‍ വില്ല്യം ഗില്‍ബര്‍ട്ട് ഗ്രേസ് തന്റെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ അരങ്ങേറി. അദ്ദേഹമാണ് ബാറ്റിങ്ങില്‍ പുതുതന്ത്രങ്ങളും ശൈലികളും ആവിഷ്‌ക്കരിച്ച് ക്രിക്കറ്റിനെ ഇന്നു കാണുന്ന ജനകീയ രൂപത്തിലെത്തിച്ചത്.
1877 ല്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമായി ഓസീസില്‍ നടന്ന രണ്ടു മത്സരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ തുടക്കമായി കണക്കാക്കുന്നത്. അധികം താമസിക്കാതെ 1882 ല്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയ്ക്ക് തുടക്കമായി. 1889 ല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക കൂടിയെത്തി. 1909 ല്‍ ഇമ്പീരിയല്‍ ക്രിക്കറ്റ് കോണ്‍ഫ്രന്‍സ് സ്ഥാപിതമായപ്പോള്‍ ലോക ക്രിക്കറ്റിന് ഒരു നേതൃത്വമായി. ടെസ്റ്റ് പദവി നേടിയ മൂന്നു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ, വെസ്റ്റീന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നിവയും ഇതില്‍ അംഗങ്ങളായി. ഇന്ത്യാ വിഭജനത്തിനു ശേഷം പാക്കിസ്ഥാനും ഈ സംഘടനയില്‍ അംഗത്വം. ലഭിച്ചു.
ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിനു ശേഷമാണ് ലോക ക്രിക്കറ്റില്‍ വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ക്രിക്കറ്റ് കളിക്കൊപ്പം വ്യവസായവും പരസ്യ മാര്‍ഗവുമെന്ന നിലയിലേക്ക് മാറി. മാറി എന്നു പറയുന്നതിനെക്കാള്‍ മാറ്റിയെന്ന വാക്കാകും ഉചിതം. ഓസ്‌ട്രേലിയന്‍ വ്യവസായ പ്രമുഖനായിരുന്ന കൊറി പാര്‍ക്കറാണ് ഈ മാറ്റത്തിന്റെ കാരണക്കാരന്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും പാര്‍ക്കറുടെ കമ്പനിയും തമ്മില്‍ കളിയുടെ ടെലിവിഷന്‍ സംപ്രേക്ഷണത്തെ കുറിച്ചുണ്ടായ തര്‍ക്കമാണ് ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയത്. ക്രിക്കറ്റ് താരങ്ങളുടെ വേതനക്കുറവ് മുതലെടുത്ത് പാര്‍ക്കര്‍ കളിയെ ഉഴുതുമറിച്ചു. സമാന്തര ക്രിക്കറ്റ് ലീഗായിരുന്നു പാര്‍ക്കറുടെ ആശയം. വര്‍ണ്ണവിവേചനത്തിന്റെ പേരില്‍ ലോക ക്രിക്കറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങളേയും കരിമ്പട്ടികയില്‍പ്പെട്ടവരും കൂടുതല്‍ പ്രതിഫലം മോഹിച്ചെത്തിയവരുമായ കളികാരെ സംഘടിപ്പിച്ച് ലോക സീരിയസ് എന്ന പേരില്‍ പാര്‍ക്കര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
അന്നു വരെ വെള്ളക്കുപ്പായത്തില്‍ മാത്രം കണ്ട കളികാര്‍ വര്‍ണ്ണ വസ്ത്രങ്ങളില്‍ കളത്തിലിറങ്ങി. ചുവന്ന പന്തിനു പകരം വെള്ളപ്പന്ത്, പകല്‍ രാത്രി മത്സരങ്ങള്‍. 60 ഓവര്‍ ഏകദിനങ്ങള്‍ തുടങ്ങി പാര്‍ക്കറുടെ ആശയം ലോകശ്രദ്ധ ആകര്‍ഷിച്ചു. ഇന്ന് കാണുന്ന ക്രിക്കറ്റ് യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ അറിയാത്ത ഈ വ്യവസായിയുടെ സംഭാവനയാണ്. 1979 ല്‍ ലോക ക്രിക്കറ്റ് സംഘടന പാര്‍ക്കറുടെ മത്സരങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചു.
അറുപതുകളുടെ തുടക്കത്തില്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ വിരസത ഒഴിവാക്കി ഏകദിന മത്സരങ്ങള്‍ക്ക് രാജ്യങ്ങള്‍ തുടക്കം കുറിച്ചിരുന്നു. ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകളാണ് ഇതിനു തുടക്കമിട്ടത്. 1971 ല്‍ മെല്‍ബണില്‍ നടന്ന ഇംഗ്ലണ്ട് ഓസീസ് ടെസ്റ്റ് മത്സരം മഴമൂലം തടസപ്പെട്ടപ്പോള്‍ വിരസത ഒഴിവാക്കാനും കളികാരുടെ പരിശീലനത്തിനും ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടത്തി. കൃത്യം 5 വര്‍ഷം പിന്നിട്ടപ്പോള്‍ ഇന്ന് കാണുന്ന ഏകദിന ലോകകപ്പ് മത്സരത്തിന് തുടക്കമായി. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ട് തന്നെയായിരുന്നു ആദ്യ വേദി. പ്രുഡന്‍ഷ്യല്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത മത്സരത്തിലെ വിജയികള്‍ക്ക് ആ കമ്പനിയുടെ പേരിലുള്ള ട്രോഫിയാണ് നല്‍കിയത്. 1983 വരെ ക്രിക്കറ്റ് ലോകകപ്പ് പ്രുഡന്‍ഷ്യല്‍ കപ്പ് എന്നാണ് അറിയപ്പെട്ടത്. പകല്‍ നടക്കുന്ന മത്സരം. 60 ഓവര്‍. കളിക്കാര്‍ക്കെല്ലാം വെള്ള വസ്ത്രം. ഇക്കാര്യങ്ങലെല്ലാം ടെസ്റ്റിന് സമാനം. അന്ന് ടെസ്റ്റ് പദവിയുണ്ടായിരുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവയ്ക്ക് പുറമേ ഈസ്റ്റ് ആഫിക്കയും ശ്രീലങ്കയും പങ്കെടുത്തു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡില്‍ നടന്ന കലാശമത്സരത്തില്‍ ഓസ്‌ട്രേലിയയെ 17 റണ്‍സിന് പരാജയപ്പെടുത്തി ക്ലൈവ് ലോയ്ഡ് നയിച്ച വെസ്റ്റീന്‍ഡീസ് ആദ്യ ലോകകപ്പ് ഉയര്‍ത്തി. 1979 ലും കരീബിയന്‍ സംഘം ലോഡ്‌സിന്റെ നേതൃത്വത്തില്‍ അതേ കളിക്കളത്തില്‍ 92 റണ്‍സിന് ആതിഥേയരെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി.
1983 ല്‍ ഇംഗ്ലണ്ടില്‍ വീണ്ടും ലോകകപ്പ് എത്തുമ്പോള്‍ കരീബിയന്‍ സംഘത്തിന് എതിരാളികളില്ലെന്ന് എഴുതി. ക്ലൈവ് ലോയ്ഡ്, വിവിയന്‍ റിച്ചാഡ്‌സ്, ഗ്യാരി സബോഴ്‌സ്, ഗ്രീനിച്ച്, ഹെന്‍സ്, വില്ല്യം ഗോമസ്, മാല്‍ക്കം മാര്‍ഷല്‍, ഗാര്‍ണര്‍, ഹോള്‍ഡിങ് എന്നീ മഹാരഥന്‍മാരുടെ ടീമിനെ തോല്‍പ്പിക്കുക അക്കാലത്ത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. എന്നാല്‍ ”കപിലിന്റെ ചെകുത്താന്‍മാര്‍” എന്ന് ചരിത്രം പിന്നീട് വാഴ്ത്തിയ ഇന്ത്യന്‍ സംഘം പ്രുഡന്‍ഷ്യല്‍ കപ്പില്‍ അത്ഭുതം സൃഷ്ടിച്ചു. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെ പോലെ ലോര്‍ഡ്‌സിലെ പവലിയനില്‍ കപില്‍ദേവ് എന്ന ഇന്ത്യന്‍ നായകന്‍ മൂന്നാം ലോകകപ്പ് ഏറ്റുവാങ്ങി. കപ്പ് നേടുന്നവരുടെ പട്ടികയില്‍പ്പോലും അന്ന് ഇന്ത്യയ്ക്ക് സ്ഥാനമില്ലായിരുന്നു. സുനില്‍ ഗവാസ്‌ക്കര്‍, മെഹീന്ദര്‍ അമര്‍നാഥ്, കെ. ശ്രീകാന്ത്, രവി ശാസ്ത്രി, ദിലീപ് വംസര്‍ക്കാര്‍, മദന്‍ലാല്‍, റോജര്‍ ബിന്നി, ബിഷന്‍സിംഗ് സന്ധു, യശ്പാല്‍ ശര്‍മമ്, സന്ദീപ് പാട്ടീല്‍, കീര്‍ത്തി ആസാദ്, കിര്‍മാനി തുടങ്ങിയവരുടെ ഇന്ത്യന്‍ നിരയ്ക്ക് കപ്പ് നേടുന്നതിന് ഇന്ന് അഫ്ഗാനിസ്ഥാന് നല്‍കുന്ന സാദ്ധ്യത പോലും ആരും നല്‍കിയിരുന്നില്ല.
1987 ല്‍ ഇംഗ്ലണ്ടിന് പുറത്തു നടന്ന ആദ്യ ലോകകപ്പിന് ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ആതിഥേയരായി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായി. അത്തവണ സെമിഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും യഥാക്രമം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളോട് പരാജയപ്പെടുകയായിരുന്നു. വിജയികള്‍ക്ക് റിലയന്‍സ് കപ്പ് സമ്മാനിക്കപ്പെട്ടു.
1992 ല്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആതിഥേയരായ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കപ്പിനു വേണ്ടി നടന്ന മത്സരത്തില്‍ ഒമ്പത് ടീമുകള്‍ ലീഗ് കം നോക്കൊട്ട് അടിസ്ഥാനത്തില്‍ മത്സരിച്ചു. ലോകകപ്പില്‍ നടാടെ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതും അഞ്ചാം ലോകകപ്പിലാണ്. പരമ്പരാഗത വെള്ള വസ്ത്രവും ചുവന്ന പന്തും ഒഴിവാക്കി കളര്‍ വസ്ത്രങ്ങളും വെള്ളപന്തും എത്തി. സ്റ്റബുകളില്‍ ക്യാമറ ഘടിപ്പിക്കപ്പെട്ടതും ഈ ലോകകപ്പിലാണ്. പാക്കിസ്ഥാന്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടു. എങ്കിലും ആദ്യ റൌണ്ടില്‍ ഇന്ത്യയോട് പരാജയപ്പെട്ടത് വിജയത്തിലും അവര്‍ക്ക് കല്ലുകടിയായി. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ലോകകപ്പ് വീണ്ടും കിട്ടാക്കനിയായി. അന്താരാഷ്ട്ര വിലക്ക് മാറി ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തിയതും അത്തവണയായിരുന്നു.
1996 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. പ്രമുഖ കമ്പനിയായ വില്‍സ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തു. ക്രിക്കറ്റിലെ പരമ്പരാഗത ശൈലിയെക്കാള്‍ ആക്രമോത്സുകതയ്ക്ക് മുന്‍തൂക്കം നല്‍കി എത്തിയ ശ്രീലങ്ക ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കപ്പുയര്‍ത്തി. സെമി ഫൈനലില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ഈഡന്‍ഗാര്‍ഡനില്‍ കാണികള്‍ കളി തടസപ്പെടുത്തി. കാണികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കളി അവസാനിപ്പിച്ച് ഇന്ത്യയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയത് ഇന്ത്യയ്ക്ക് തീരാകളങ്കമായി. ഇത്തവണയും ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക് നിരയെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്.
1999 ല്‍ ലോകകപ്പ് ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. കളര്‍ വസ്ത്രങ്ങള്‍ വന്നെങ്കിലും ലോകകപ്പുകളില്‍ ഓരോ ഡിസൈന്‍ വസ്ത്രങ്ങളാണ് ടീമുകള്‍ അണിഞ്ഞത്. ഇത് പാടെ മാറി, മാത്രമല്ല കളികാര്‍ക്ക് നമ്പര്‍ നല്‍കുന്ന രീതിയും ആരംഭിച്ചു. ഓരോ ലോകകപ്പിലും വിവിധ ട്രോഫികള്‍ ഉപയോഗിക്കുന്ന രീതി മാറി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഔദ്യോഗിക ട്രോഫി നിലവില്‍ വന്നു. ഒരു ഘട്ടത്തില്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്ന് കരുതിയ ഓസ്‌ട്രേലിയ സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ആദ്യ ഐ.സി.സി കപ്പില്‍ മുത്തമിട്ടു. ഈ ലോകകപ്പിലും പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ സാധിച്ചത് മാത്രമായിരുന്നു ഇന്ത്യയുടെ ആശ്വാസം.
2003 ല്‍ ദക്ഷിണാഫ്രിക്കയാണ് ലോകകപ്പിന് വേദിയായത്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിലെത്തി. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ ഓസ്‌ട്രേലിയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞു ഇന്ത്യ. നായകന്‍ റിക്കി പോണ്ടിംഗിന്റെ ബാറ്റിങ് കരുത്തില്‍ ഓസീസ് കപ്പ് നിലനിര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ ഇത്തവണയും ഇന്ത്യ പരാജയപ്പെടുത്തി. ലോകകപ്പിലെ അപരാജിത റിക്കോര്‍ഡ് ഉറപ്പിച്ചു.
2007 ലെ കരീബിയന്‍ ലോകകപ്പ് ഒരുപക്ഷേ മറക്കാനാകും ഇന്ത്യ ആഗ്രഹിക്കുന്നത്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണന്‍ എന്നീ ലോകോത്തര ബാറ്റ്മാന്‍മാരുമായെത്തിയ ടീം പ്രാഥമിക റൌണ്ടില്‍ പുറത്ത്. ശ്രീലങ്കയെ കലാശക്കളിയില്‍ തകര്‍ത്ത് ഓസ്‌ട്രേലിയ ആദ്യമായി ഹാട്രിക്ക് തികച്ചു.
2011 ല്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ സംയുക്ത ആതിഥേയരായ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ രണ്ടാം തവണ ലോകകിരീടത്തിന് അവകാശികളായി. എം.എസ്. ധോണിയുടെ ടീം ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് മറികടന്നു. സെമിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചെത്തി നേടിയ വിജയം എന്നത് കൂടുതല്‍ തിളക്കം നല്‍കി.
2015 ലെ ലോകകപ്പില്‍ ഓസീസ് വീണ്ടും ചാംപ്യന്‍മാരായി. സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് നിലവിലെ ചാംപ്യന്‍മാരായിരുന്ന ധോണിയുടെ ഇന്ത്യ പുറത്തായി. ഫൈനലില്‍ ചിരവൈരികളായ ന്യൂസിലാന്‍ഡിനെയാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇത്തവണയും പാക്കിസ്ഥാനെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മറികടന്ന് അവര്‍ക്കെതിരേ ലോകകപ്പിലെ വിജയക്കുതിപ്പിന് അടിവരെയിട്ടു.
ഇത്തവണ ലോകകപ്പ് ഇംഗ്ലണ്ടിലേക്ക് തിരികെ എത്തുമ്പോള്‍ കിരീട പ്രതീക്ഷയോടെയാണ് ഇന്ത്യ എത്തുന്നത്. ആതിഥേയര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം വിജയ സാധ്യത ഇന്ത്യയ്ക്കാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കും കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. 30 ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ജൂലൈ 14 ന് കലാശപ്പോരാട്ടം വരെ ഇംഗ്ലീഷ് മൈതാനങ്ങള്‍ക്ക് തീപിടിക്കും. ഒരിക്കല്‍ക്കൂടി ഉപഭൂഖണ്ഡത്തിലേക്ക് കപ്പുമായി തങ്ങളുടെ പോരാളികളെത്തുന്നത് കാത്തിരിക്കുകയാണ് ഇന്ത്യ. വരും ദിവസങ്ങളില്‍ ക്രിക്കറ്റിലെ പുതിയ സിംഹാസനം ആര്‍ക്ക് എന്ന ചര്‍ച്ച മുറുകും. കഴിഞ്ഞ ലോകകപ്പിലെ പ്രമുഖരില്‍ ഭൂരിഭാഗവും വിരമിച്ച സാഹചര്യത്തില്‍ ഒട്ടേറെ യുവതാരങ്ങളെ അണിനിരത്തിയാണ് ടീമുകള്‍ സജ്ജരായിരിക്കുന്നത്. ലോകകപ്പില്‍ ഒരിക്കലും വിജയതേരോട്ടം തുടരാന്‍ ഇന്ത്യയും ഇന്ത്യയെ മറികടക്കാന്‍ സാധിച്ചിട്ടില്ലെന്ന നാണക്കേട് ഒഴിവാക്കാന്‍ പാക്കിസ്ഥാനും ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലെ പ്രശസ്തമായ ഓള്‍ഡ്ട്രാഫോര്‍ഡിലിറങ്ങുമ്പോള്‍ കളി 100% യില്‍ അധികം ചൂടിലാകും. നമുക്ക് കാത്തിരിക്കാം ലോകക്രിക്കറ്റിലെ പുതുരാജാവിന്റെ പിറവിക്ക്. കലാശപ്പോരാട്ടത്തിനു ശേഷം സ്റ്റേഡിയത്തില്‍ ”ജനഗണമനയെന്നു” ആരംഭിക്കുന്ന ദേശിയഗാനം ഉയര്‍ന്നു കേള്‍ക്കണമെന്നാണ് ഓരോ ഇന്ത്യാക്കാരനും ആഗ്രഹിക്കുന്നത്.

Share this