ധവാനു പകരം നാലാം നമ്പറിലിറങ്ങിയത് രണ്ടുപേര്‍; ആശയക്കുഴപ്പമെന്ന് കൊഹ്ലി

Sports

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ശിഖര്‍ ധവാന്‍ പുറത്തായപ്പോള്‍ നാലാം നമ്പറില്‍ പകരമെത്തിയത് രണ്ടുപേര്‍. ധവാന്‍ പുറത്തായപ്പോള്‍ പകരമിറങ്ങേണ്ടത് ആരാണെന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഋഷഭ് പന്തും ശ്രേയസ് അയ്യരും ഡ്രസിങ് റൂമില്‍ നിന്ന് ഒരുമിച്ചിറങ്ങാന്‍ കാരണമെന്നാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോഹ്ലി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

’10 ഓവറിന് ശേഷം ഞങ്ങള്‍ തീരുമാനിച്ചത് ഋഷഭ് നാലാം നമ്പറില്‍ ഇറങ്ങണമെന്നായിരുന്നു. പക്ഷേ ഇതു അവരോട് സംസാരിച്ചപ്പോള്‍ എന്തോ തെറ്റിദ്ധാരണ വന്നു. ഇതോടെ രണ്ടു പേരും ആശയക്കുഴപ്പത്തിലാകുകയും നാലാം നമ്പറില്‍ ഇറങ്ങുകയും ചെയ്തു. രണ്ടു പേരും നടന്ന് ഗ്രൗണ്ടിലെത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ രസകരമായിരുന്നേനെ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ക്രീസില്‍ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്നേനെ’ എന്നാണ് കോഹ്ലി വ്യക്തമാക്കിയത്.

ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്ത കോഹ്ലിയുടെ തീരുമാനവും മത്സര ശേഷം ചോദ്യം ചെയ്യപ്പെട്ടു. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് രണ്ടാമത് ബാറ്റു ചെയ്യുന്നവരെ പിന്തുണയ്ക്കുന്നതാണെന്ന് അറിയാമായിരുന്നെന്നും ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത് ഒരു വെല്ലുവിളി പോലെ ചെയ്തതാണെന്നുമാണ് കോഹ്ലി ഇതിനു നല്‍കിയ വിശദീകരണം.

മാത്രമല്ല, സുരക്ഷിത മേഖലയില്‍ നിന്ന് ടീം പുറത്തുകടക്കണമെന്നും ട്വന്റി-20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശക്തമായ ടീമിനെ ഒരുക്കേണ്ടതുണ്ടെന്നും കോഹ്ലി പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Share this