രക്ഷാപ്രവര്‍ത്തനത്തില്‍ തിളങ്ങി ഡ്രോണ്‍ ഓപറേറ്റര്‍മാര്‍

Feature

ശങ്കകള്‍ തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ പ്രതീക്ഷ നല്‍കി കൊണ്ടാണ് അവരെത്തിയത്. ചെറു ഇരമ്പല്‍ ശബ്ദത്തോടെ അവരുടെ കൈവശമുള്ള ഡ്രോണുകള്‍ പറന്നുയര്‍ന്നത് മനുഷ്യരും അതു പോലെ ജീവനുള്ള ഏതൊരു ജീവിയെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും വടക്കന്‍ കേരളത്തിലെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അവിടെ നടന്ന രക്ഷാദൗത്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് ഈ സംഘമായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ വടക്കന്‍ കേരളം പ്രകൃതി ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരില്‍ ഒരു വിഭാഗമായിരുന്ന സ്‌കൈ ലിമിറ്റ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പ്. 250-ാളം വരുന്ന ഡ്രോണ്‍ ഓപറേറ്റര്‍മാരുടെ ഒരു കൂട്ടായ്മയാണിത്. ഇവര്‍ എല്ലാവരും സ്വന്തമായി ഡ്രോണ്‍ കൈവശമുള്ളവരാണ്. പലരും സ്റ്റുഡിയോ നടത്തുന്നവരോ ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവരുമാണ്. വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലുമാണ് ഇവരില്‍ ഭൂരിഭാഗവും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. ഈ രണ്ട് ജില്ലകളിലുമായിരുന്നു പ്രകൃതി ദുരന്തം ഏറ്റവും രൂക്ഷമായുണ്ടായതും.

പ്രളയമുണ്ടായ സ്ഥലങ്ങളില്‍ മനുഷ്യരും കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും ഉള്‍പ്പെടെ വീടുകളിലോ കൂടുകളിലോ അകപ്പെടുകയോ സഹായം ലഭിക്കാതെ വന്ന സാഹചര്യമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ഫയര്‍ഫോഴ്സ് അടക്കുമുള്ള റെസ്‌ക്യു ഓപറേറ്റര്‍മാരെ അറിയിക്കാന്‍ ഇവര്‍ക്കായി. ദുരന്ത സ്ഥലങ്ങളിലേക്ക് ഡ്രോണ്‍ പറത്തി വീഡിയോ ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിച്ചു കൊണ്ടിരുന്നു. ഡ്രോണില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയിലൂടെയാണു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. റൊട്ടേറ്റ് ചെയ്യാന്‍ സാധിക്കുന്ന ക്യാമറയായതിനാല്‍ ഒരു സ്ഥലത്തിന്റെ അല്ലെങ്കില്‍ വീടിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങളും ഒപ്പിയെടുക്കാന്‍ സാധിച്ചിരുന്നു. അതിലൂടെ ദുരന്തമേഖലയിലെ യഥാര്‍ഥ അവസ്ഥ അറിയാനും കൃത്യസമയത്ത് സാധിച്ചു. ഇത്തരത്തില്‍ ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം എവിടെയൊക്കെയാണ് ആവശ്യമായി വേണ്ടി വരുന്നതെന്നു മനസിലാക്കുവാന്‍ സാധിച്ചത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സ്വകാര്യ സംഘങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വരെ ഇവര്‍ വീഡിയോ ദൃശ്യങ്ങള്‍ കൈമാറി. കേരളത്തിലെമ്പാടുമുള്ളവര്‍ ഈ ഗ്രൂപ്പിലുണ്ടെങ്കിലും കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്നവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ഇവര്‍ കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. തുടര്‍ന്ന് ഇവരുടെ സേവനം ആവശ്യമുള്ളവര്‍ക്കു ബന്ധപ്പെടാന്‍ പ്രസിദ്ധപ്പെടുത്തി. നടന്‍ ടൊവിനോ തോമസും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഗ്രൂപ്പിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ പോസ്റ്റിട്ടു. ഇതേ തുടര്‍ന്ന് തിരച്ചിലില്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗ്രൂപ്പിലെ 60-ാളം ഡ്രോണ്‍ ഓപറേറ്റര്‍മാര്‍ക്ക് വിളി വരികയും ചെയ്തു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുള്ള ആളുകളെ രക്ഷപ്പെടുത്താന്‍ കയറിന്റെ അറ്റം ഡ്രോണ്‍ ഉപയോഗിച്ച് ഇടാമോ എന്നു വരെ ചോദിച്ച് വിളി വന്നു. കയറില്‍ പിടിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
കോട്ടയം സ്വദേശി വി.എസ്. സൂരജാണ് വാട്സ് ആപ്പ് ഗ്രൂപ്പിനു തുടക്കമിട്ടത്. ലൂസിഫര്‍, മധുരരാജ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് സൂരജ്. ഇദ്ദേഹം 2018ല്‍ പ്രളയമുണ്ടായപ്പോള്‍ മാതൃകപരമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന വ്യക്തിയാണ്. ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലുമായിരുന്നു സൂരജ് പ്രവര്‍ത്തിച്ചത്. ഭക്ഷണം, മരുന്ന് എന്നിവ ഡ്രോണിലൂടെ വിതരണം ചെയ്യാന്‍ അന്നു സൂരജിനു സാധിച്ചു.

Sooraj

വി.എസ്.സൂരജ്

വിവാഹ ചടങ്ങുകളില്‍ ഷൂട്ടിംഗിനു വേണ്ടിയാണു ഡ്രോണുകള്‍ പൊതുവേ ഇന്ന ഉപയോഗിച്ചുവരുന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ഫാന്റം വിഭാഗത്തിലുള്ള ഡ്രോണുകളാണ് പൊതുവേ എല്ലാവരും ഉപയോഗിക്കുന്നത്. ഇവയ്ക്ക് രണ്ട് മുതല്‍ രണ്ടര കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ വഹിക്കാനാവും. പിന്നെയുള്ള 12 ലക്ഷത്തോളം വില വരുന്ന ഡ്രോണുകളാണ്. അത് കൂടുതലും സിനിമകളുടെ ചിത്രീകരണത്തിനാണ് ഉപയോഗിക്കുന്നത്. ഈ ഗ്രൂപ്പില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഫാന്റം വിഭാഗത്തിലുള്ളവയാണ്. ഈ ഡ്രോണുകള്‍ ബാറ്ററിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബാറ്ററിയുടെ ഒറ്റ ചാര്‍ജിംഗില്‍ 20 മിനിറ്റ് വരെ ഡ്രോണിനു പറക്കാന്‍ സാധിക്കും. അതു കഴിഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്താല്‍ വീണ്ടും 20 മിനിറ്റ് ഡ്രോണിനു പറക്കാന്‍ സാധിക്കും. കനത്ത മഴയുണ്ടെങ്കില്‍ ഡ്രോണ്‍ പറപ്പിക്കാറില്ല. വെള്ളം കയറിയാല്‍ നശിച്ചു പോകാന്‍ സാധ്യതയുള്ളതിനാലാണിത്. ഒരു ഡ്രോണിന് 500 മീറ്റര്‍ അടി ഉയരത്തില്‍, 2 കിലോമീറ്റര്‍ വരെ ചുറ്റളവില്‍ പറക്കാന്‍ സാധിക്കും.

Share this