കെ.എം. മാണി വിടവാങ്ങിയിട്ട് ഒരു വര്‍ഷം

Feature

ജെസി സുനീഷ്‌

 

കേരളത്തില്‍ മുന്‍ എംഎല്‍എ ഇല്ലാത്ത ഏക നിയമസഭാ മണ്ഡലം ഏത്?

ഈ ചോദ്യത്തിന് 2019 ഏപ്രില്‍ 9 ചൊവ്വാഴ്ച്ച വൈകുന്നേരം 4.55 വരെ ഉത്തരമുണ്ടായിരുന്നു.

1965 ല്‍ നിയമസഭ മണ്ഡലം രൂപീകൃതമായതു മുതല്‍ കരിങ്കോഴയ്ക്കല്‍ മാണി മാണിയെന്ന കെ.എം. മാണിയുടെ സ്വന്തം പാല എന്നതായിരുന്നു ഉത്തരം.

2019 ഏപ്രില്‍ 9 ന് 86 ആം വയസില്‍ ലോകത്തോട് വിടപറയുന്നതു വരെ പാലാക്കാര്‍ മറ്റൊരു നിയമസഭാ സാമാജികനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല.

കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ തലതൊട്ടപ്പനായി കെ.എം. മാണിയെന്ന ഏവരുടേയും മാണിസാര്‍ മാറിയത് വളരെ വേഗമായിരുന്നില്ല. കോണ്‍ഗ്രസ് മരങ്ങാട്ടുപള്ളി മണ്ഡലം പ്രസിഡന്റായി രാഷ്ട്രീയത്തില്‍ തുടക്കം. നല്ല പ്രാക്ട്രീസുണ്ടായിരുന്ന യുവ അഭിഭാഷകനെന്ന നിലയില്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്‍. പടിപടിയായി കോണ്‍ഗ്രസ് നേതൃനിരയിലേക്ക്.

1969 ല്‍ കെപിസിസി അംഗമായി. 1964 ല്‍ കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി. പി.സി ചാക്കോയുടെ മരണത്തെത്തുടര്‍ന്ന് കെ.എം. ജോര്‍ജ്ജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് പിറവിയെടുത്തപ്പോള്‍ മാണിയും കോട്ടയം ഡിസിസിയും ഏതാണ്ട് പൂര്‍ണ്ണമായും ആ പാര്‍ട്ടിക്കൊപ്പമായി. ത്രിവര്‍ണ്ണ പതാകയ്ക്ക് പകരം വെള്ളയും ചുവപ്പും കൊടിയുമായി കേരള കോണ്‍ഗ്രസ് മദ്ധ്യകേരളത്തിലെ നിര്‍ണ്ണായക ശക്തിയായി മാറിയത് ചരിത്രം.

മദ്ധ്യകേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടി എന്ന നിലയില്‍ എക്കാലത്തും കേരള കോണ്‍ഗ്രസിന്റെ അടിത്തറ കോട്ടയമാണ്. കോട്ടയത്തുകാരനായ നേതാവ് എന്ന നിലയില്‍ കെ.എം. ജോര്‍ജ്ജിനു ശേഷം ആര്‍. ബാലകൃഷ്ണപിള്ള അടക്കമുള്ള സീനിയര്‍ നേതാക്കളെ മറികടന്ന് കേരള കോണ്‍ഗ്രസിന്റെ അമരത്തെത്തി. പിന്നീട് ഇന്നലെ വരെ മദ്ധ്യകേരളത്തിലെ രാഷ്ട്രീയത്തില്‍ മാണി നിര്‍ണ്ണായക ശക്തിയായി.

രാഷ്ട്രീയത്തില്‍ തായം കളിക്കാന്‍ മാണിയോളം മിടുക്ക് ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും ഉണ്ടായിട്ടില്ല. വലത്തോട്ടും ഇടത്തോട്ടും ഒരുപോലെ കളം മാറിചവിട്ടിയും കാവിരാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയും പലപ്പോഴും വലിയ അനിശ്ചിതത്വങ്ങള്‍ സൃഷ്ട്രിച്ച നേതാവാണ് അദ്ദേഹം. 12 തവണ കേരളത്തില്‍ മന്ത്രിയായിട്ടുള്ള മാണി ധനമന്ത്രി എന്ന നിലയില്‍ 13 ബഡ്ജറ്റുകള്‍ക്ക് രൂപം നല്‍കി. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഏറ്റവും അധികം ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന ഖ്യാതി ഇപ്പോഴും അദ്ദേഹത്തിനു സ്വന്തമാണ്.

പ്രതിസന്ധികളില്‍ തളരാതെ പാര്‍ട്ടിയെ നയിക്കുകയും അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്ത നേതാവാണ് കെ.എം. മാണി. രാഷ്ട്രീയ എതിരാളികള്‍ പോലും മാണിസാര്‍ എന്നു വിളച്ച് ബഹുമാനിക്കുന്ന പൊതുസ്വീകാര്യ വ്യക്തിത്വമായി മാറാന്‍ അദ്ദേഹത്തിന് എക്കാലവും സാധിച്ചിട്ടുണ്ട്. പിളര്‍പ്പും ലയനവും പുത്തരിയല്ലാത്ത കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ‘വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി’ എന്ന മാണി കേരള കോണ്‍ഗ്രസിന് ചാര്‍ത്തി നല്‍കിയ അലങ്കാരം തന്റെ കാല്‍ച്ചുവട്ടിലെ മണ്ണിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ തിരിച്ചറിവിന്റെ ശബ്ദമായിരുന്നു.

സന്തോഷവും ദുഃഖം മനസിലൊളിപ്പിക്കാതെ അത് മറയില്ലാതെ പ്രകടിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തി. ഒരുപക്ഷേ കേരളത്തില്‍ കെ.എം. മാണിയല്ലാതെ മറ്റാരും ഉണ്ടാകില്ല. മരണവീടുകളിലെത്തിയാല്‍ അദ്ദേഹത്തിന് നിയന്ത്രിക്കാനാകില്ല. വളരെ സന്തോഷമുള്ളിടത്തെത്തിയാല്‍ മതിമറന്ന് ചിരിക്കും. എങ്കിലും ഓരോ കാല്‍വെയ്പ്പുകളും കൃത്യമായി അളന്ന് വയ്ക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്.

അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും കെ.എം. മാണിയുടെ മുഖമുദ്രയായിരുന്നു. വടിപ്പോളീഷ് ഇട്ടു അലക്കി വൃത്തിയായി തേച്ചിടുന്ന ജൂബയും മുണ്ടും സ്ഥിരം വേഷം. ദിവസം മൂന്നു നേരം കുളിച്ച് വസ്ത്രം മാറുന്ന ശീലം. അലങ്കോലമാക്കാതെ വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസ് അങ്ങനെ എന്തിലും ഏതിലും ഒരു ‘മാണിടച്ച് ‘.

സ്വന്തം മണ്ഡലം എങ്ങനെ ഒരു എംഎല്‍എ നോക്കണം എന്നതിന് എല്ലാവര്‍ക്കും ഒരു പാഠപുസ്തമായിരുന്നു കെ.എം. മാണി. പാലയുടെ വികസനം അത് കെ.എം. മാണിയുടെ മാത്രം കാഴ്ചച്ചപ്പാടിലാണെന്ന് പറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല. കോട്ടയത്തെ ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ ആറിലും കേരള കോണ്‍ഗ്രസുകാര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് മാണിയെന്ന നേതാവില്‍ ജനം അര്‍പ്പിക്കുന്ന വിശ്വാസം ഒന്നുമാത്രമാണ്.

കര്‍ഷകപാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതാവ് അവതരിപ്പിച്ച ‘അദ്ധ്വാന വര്‍ഗ സിദ്ധാന്തം’ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. വിദേശത്തുപോലും ഈ സിദ്ധാന്തം അവതരിപ്പിച്ച് കൈയ്യടി നേടാന്‍ സാധിച്ചത് കെ.എം. മാണിയെന്ന ദീര്‍ഘദര്‍ശിയുടെ വിജയമാണ്.
ഐക്യജനാധിപത്യ മുന്നണിയില്‍ ഒരു സഖ്യകക്ഷി നേതാവ് എന്നതിനപ്പുറം ഒരു ലീഡറെന്ന സ്ഥാനമാണ് പലപ്പോഴും മാണി വഹിച്ചിരുന്നത്. കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും തര്‍ക്കങ്ങളുടലെടുക്കുമ്പോള്‍ മദ്ധ്യസ്ഥന്റെ റോളില്‍ അവതരിച്ചിരുന്നത് ഏവര്‍ക്കും പ്രിയപ്പെട്ട മാണിസാറായിരുന്നു.

കെ.എം. മാണിയെന്ന രാഷ്ട്രീയ ചാണക്യന്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ശൂന്യമായത് ഒരു നല്ല നേതാവിനെ മാത്രമല്ല, ഒരു തന്ത്രശാലിയെക്കൂടിയാണ്. പതിനട്ടടവും നന്നായി വശത്താക്കിയ മെയ് വഴക്കമുള്ള അഭ്യാസിയായിരുന്നു അദ്ദേഹം. ഇനി കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.എം. മാണിയെപ്പോലെ വളരെ മനോഹരമായി കാര്യങ്ങള്‍ നടത്തിപ്പോകാന്‍ സാധിക്കുന്ന ഒരു നേതാവ് ഉദയം ചെയ്യുമോയെന്ന് സംശയമാണ്.

 

Summary : First rememberance of K.M. Mani

Share this