Steffanie from france

കൊച്ചിക്ക് ലഭിക്കുന്നുണ്ട് ‘ സ്‌റ്റെഫാനിയുടെ ‘ കരുതല്‍

Feature

കൊച്ചി: എല്ലാ വര്‍ഷവും മാര്‍ച്ച് മാസം കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഫ്രാന്‍സില്‍നിന്നും പറന്നെത്തുന്ന പതിവുണ്ട് സ്റ്റെഫാനിക്ക്. കൊച്ചിയില്‍ വരുമ്പോഴൊക്കെ ഫോര്‍ട്ടുകൊച്ചിയിലെ പട്ടാളത്തുള്ള കാസാമിയ എന്ന ഹോംസ്റ്റേയിലാണു സ്റ്റെഫാനി കഴിയുന്നതും.

ഇപ്രാവിശ്യവും സ്റ്റെഫാനി മാര്‍ച്ച് മാസം ഫോര്‍ട്ടുകൊച്ചിയിലെ കാസാമിയയിലെത്തി. ഫോര്‍ട്ടുകൊച്ചി ചുറ്റിക്കറങ്ങി കാഴ്ചകളൊക്കെ കണ്ടു. പക്ഷേ, ഫ്രാന്‍സിലേക്ക് തിരിച്ചു പോകാന്‍ തയാറെടുക്കുമ്പോഴായിരുന്നു മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ സ്റ്റെഫാനി ഇവിടെ അകപ്പെട്ടു. എങ്കിലും നാട്ടിലേക്കു പോകാന്‍ സാധിക്കാതിരുന്നതിന്റെ നിരാശയില്‍ കഴിയാന്‍ സ്റ്റെഫാനി തയാറായില്ല. പകരം സാമൂഹിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. കാരണം ഫ്രാന്‍സിലെ സാമൂഹ്യസേവന സംഘടനയായ ‘Gabriel Association’ ല്‍ അംഗമാണു സ്റ്റെഫാനി. ഈ സംഘടനയുടെ ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും ഫോര്‍ട്ടുകൊച്ചിയിലിരുന്നു പാട്ട് പാടി ധനസമാഹരണം നടത്തി ആ പണം ഉപയോഗിച്ചു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയാണ് സ്റ്റെഫാനി ഇപ്പോള്‍. 2016 ല്‍ റിലീസ് ചെയ്ത മലയാളം സിനിമയായ ഗപ്പിയിലെ തനിയെ മിഴികള്‍ തുളുമ്പിയോ എന്ന ഗാനം സ്റ്റെഫാനിക്ക് മനപാഠമാണ്. ആദ്യം കമ്മ്യൂണിറ്റി കിച്ചണില്‍ എട്ട് ദിവസം ഭക്ഷണം നല്‍കാന്‍ സ്റ്റെഫാനി സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ ഫോര്‍ട്ട്‌കൊച്ചി, ചെല്ലാനം, കുമ്പളങ്ങി മേഖലകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണു വിതരണം ചെയ്യുന്നത്. ഇതിനോടകം 535 കിറ്റുകള്‍ വിതരണം ചെയ്തു.

തോംസണും സ്റ്റെഫാനിയും

സ്റ്റെഫാനിയെ മലയാളം പഠിപ്പിച്ചത് കാസാമിയ എന്ന ഹോം സ്റ്റേ നടത്തിപ്പുകാരിയായ ഉഷയുടെ മകന്‍ തോംസനാണ്. തേവര എസ്എച്ചില്‍ പ്ലസ് ടുവിനു പഠിക്കുന്ന തോംസണ്‍ ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. അധികാരി വളപ്പില്‍ ആറ് വര്‍ഷം തുടര്‍ച്ചയായി യേശുദാസിനൊപ്പം കച്ചേരിയില്‍ പങ്കെടുത്തിട്ടുണ്ട്. തോംസണ്‍ പ്ലസ് ടുവിന് ഫ്രഞ്ച് പഠിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ സ്റ്റെഫാനിയുമായി സംവദിക്കാന്‍ ഭാഷ തടസമാകാറില്ല. സ്റ്റെഫാനിക്ക് മലയാളം പാട്ടുകള്‍ പഠിപ്പിച്ചു കൊടുക്കുന്നതും തോംസനാണ്. തോംസനും സ്റ്റെഫാനിയും ചേര്‍ന്നാണു ഫ്രഞ്ച് സംഘടനയായ ഗബ്രിയേല്‍ അസോസിയേഷനു വേണ്ടി പാട്ടു പാടി ധനസമാഹരണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരു ഫ്രഞ്ച് ചാനല്‍ തോംസനെ ഇന്റര്‍വ്യു ചെയ്യുകയുമുണ്ടായി. തോംസന്‍ ഇപ്പോള്‍ ഗബ്രിയേല്‍ അസോസിയേഷനിലെ അംഗമാണ്.

സ്റ്റെഫാനിയുടെ സാമൂഹ്യ സേവനത്തെ അഭിനന്ദിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി (മേയ് 11) ഫോര്‍ട്ടുകൊച്ചിയിലെ കാസാമിയ ഹോം സ്റ്റേയിലെത്തുകയുണ്ടായി.

സ്റ്റെഫാനിയുടെ സാമൂഹ്യ സേവനത്തെ അഭിനന്ദിക്കുന്ന കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി

കാസാമിയ ഹോംസ്റ്റേ നടത്തുന്നത് ഉഷയാണ്. ഭര്‍ത്താവ് ആന്റണി മക്കളായ സാം, തോംസണ്‍ എന്നിവര്‍ ഉഷയെ സഹായിക്കുന്നു.

Summary: Stefanie from france is actively engaged in charity

Share this