കെ.വി. തോമസ് ഔട്ട്; ഹൈബി ഈഡന്‍ ഇന്‍

India

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ രസതന്ത്രം നന്നായി അറിയാവുന്ന പ്രഫ. തോമസ് മാഷ് ഇത്തവണ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ എത്തില്ല. പകരം എറണാകുളം എംഎല്‍എയും യുവനേതാവുമായ ഹൈബി ഈഡന്‍ മത്സരത്തിനിറങ്ങും.തേവര എസ്എച്ച് കോളെജില്‍ രസതന്ത്രം അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ കെ.വി. തോമസ് 1984-ലാണ് എറണാകുളത്തിന്റെ പ്രതിനിധിയായി ആദ്യമായി പാര്‍ലമെന്റിലെത്തിയത്. കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി, സംയുക്ത പാര്‍ലമെന്റ് സമതി ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് 72-കാരനായ കെ.വി. തോമസ്.

കെ.വി. തോമസിനു സ്ഥാനാര്‍ഥിത്വം ഏറെ കുറേ ഉറപ്പായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകവും ഗ്രൂപ്പ് വൈര്യം മറന്ന് എ, ഐ ഗ്രൂപ്പുകളും ഹൈബിക്കായി ഒരുമിച്ചു വാദിച്ചപ്പോള്‍ തോമസിനെ പിന്തുണയ്ക്കാന്‍ ആരുമില്ലാതായി.

എന്‍ എസ് യു പ്രസിഡന്റായിരുന്ന കാലത്ത് തുടങ്ങി രാഹുല്‍ ഗാന്ധിയുമായി നല്ല അടുപ്പമുള്ള ഹൈബിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ തോമസിന്റെ നീക്കങ്ങള്‍ക്കു സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍ ഇത് മുന്നേ കണ്ട് തോമസ് മാഷും നീക്കം നടത്തിയിരുന്നു. പക്ഷേ ആ നീക്കം വിജയം കണ്ടില്ല.

2009 ല്‍ ഇതു പോലെ ലോക്സഭാ മത്സരത്തിനു ഹൈബി ഈഡന് ഏതാണ്ട് എറണാകുളം സീറ്റ് ഉറപ്പായിരുന്നു. അന്ന് എഐസിസി പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ പിന്തുണയോടെ കെ.വി. തോമസ് അവസാന നിമിഷം സ്ഥാനാര്‍ഥിയാവുകയും ചെയ്തു. പിന്നീട് 2014-ലും തോമസ് മാഷ് എറണാകുളത്ത് സ്ഥാനാര്‍ഥിയായി.

ഇക്കുറി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എത്തിയാല്‍ രാഹുല്‍ ബ്രിഗേഡിലുള്ള ഹൈബിക്കു വലിയ സ്ഥാനങ്ങള്‍ ലഭിക്കാനിടയുണ്ടെന്നു സൂചനയുണ്ട്. പിതാവ് ജോര്‍ജ്ജ് ഈഡനെ പോലെ ഹൈബി ഈഡനെയും എല്‍ഡിഎഫ് ഭയപ്പെടുന്നുണ്ട്. എറണാകുളത്തു നിന്ന് ലോകസഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു വിജയിച്ചിട്ടുള്ള വ്യക്തിയാണു ജോര്‍ജ് ഈഡന്‍. ഇപ്രാവിശ്യം പി. രാജീവെന്ന മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച ഇടതുപക്ഷത്തിന് എതിരേ കരുത്തനായ ഹൈബി എത്തുമ്പോള്‍ മത്സരത്തില്‍ തീപാറും.
ഹൈബിക്കായി സീറ്റ് വിട്ടു നല്‍കുമ്പോള്‍ കടുത്ത ദുഃഖമാണ് കെ.വി. തോമസ് രേഖപ്പെടുത്തിയത്. കുമ്പളങ്ങി ഏഴാം വാര്‍ഡ് പ്രസിഡന്റായി കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ താന്‍ ആകാശത്തു നിന്നും പൊട്ടിവീണ നേതാവല്ലെന്നും പറയുന്നു. ഹൈബി ജോര്‍ജ് ഈഡന്റെ മകനെന്ന പരിഗണനയില്‍ എത്തിയതാണ് എന്ന പരോക്ഷ കുറ്റപ്പെടുത്തലും തോമസ് നടത്തി. വരും നാളുകളില്‍ പശ്ചിമകൊച്ചിയില്‍ ശക്തമായ വേരുകളും സ്വാധിനവുമുള്ള കെ.വി. തോമസിന്റെ രാഷ്ട്രീയ നിലപാട് എറാണാകുളത്തെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഈ പ്രതികൂല ഘടകത്തെ ഹൈബിയും കോണ്‍ഗ്രസും ഏങ്ങനെ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Share this