കനത്ത പോളിങ് രേഖപ്പെടുത്തി പാല; ഇതുവരെയുള്ള കണക്ക് 33.10 ശതമാനം

Top Stories

പാലാ: ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ഇതുവരെ രേഖപ്പെടുത്തിയത് കനത്ത പോളിങ്. 11.45 വരെയുള്ള കണക്കുകള്‍ പ്രകാരം 33.10 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 11 മണിവരെ പോളിങ് 22.09 ശതമാനമായിരുന്നു. ഇതുവരെ 28,766 പുരുഷന്‍മാരും 26633 സ്ത്രീകളും ഉള്‍പ്പെടെ 55,399 പേര്‍ വോട്ടു ചെയ്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്തുള്ളത്.

അതേസമയം ചില ബൂത്തുകളില്‍ വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു. വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ തുടരും. 1,79,107 വോട്ടര്‍മാര്‍ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തില്‍. കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

Share this