ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്; മോദിയെ വിമര്‍ശിച്ച് സിദ്ധാര്‍ഥ്

India

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനമുന്നയിച്ച് നടന്‍ സിദ്ധാര്‍ഥ്. അമേരിക്കന്‍ ന്ന്ദര്‍ശനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മോദി ഡല്‍ഹിയില്‍ തനിക്ക് ലഭിച്ച് സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഡല്‍ഹിയിലെ മറക്കാനാവാത്ത സ്വീകരണം’ എന്ന തലക്കെട്ടോടു കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇതിനെതിരേയാണ് സിദ്ധാര്‍ഥിന്റെ വിമര്‍ശം.

 


പരമോന്നത നേതാവ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും ചേര്‍ന്ന് നടത്തിയ സ്വീകരണത്തെക്കുറിച്ച് വീരവാദം മുഴക്കുകയാണെന്നും ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നതെന്നുമാണ് താരം പറഞ്ഞത്. മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ അമരീഷ് പുരിയുടെ ‘മൊഗാംബോ ഖുശ് ഹുഹാ’ എന്ന സംഭാഷണ ശകലത്തിന്റെ അകമ്പടിയോടെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

ഇതിനു മുന്‍പും മോദിയെ പല തവണ വിമര്‍ശിച്ച് താരം രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ സിദ്ധാര്‍ഥിന്റെ പ്രതികരണങ്ങള്‍ വലിയ വിവാദം തന്നെയാണ് സൃഷ്ടിച്ചിരുന്നത്.

Share this