സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യ- ചൈന ഉച്ചക്കോടി അവസാനിച്ചു

Top Stories

ചെന്നൈ: സുപ്രധാന തീരുമാനങ്ങളുമായി രണ്ടു ദിവസങ്ങളിലായി തുടര്‍ന്ന ഇന്ത്യ- ചൈന ഉച്ചക്കോടി അവസാനിച്ചു. ഒന്നരവര്‍ഷം മുന്‍പ് ചൈനയിലെ വുഹാനില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ത്യയില്‍ രണ്ടുദിവസം സംഗമിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചെറിയ പ്രശ്‌നങ്ങള്‍ ഊതിപ്പെരുപ്പിക്കില്ലെന്നും, കാതലായ തര്‍ക്കങ്ങളിലും ഭിന്നതകളിലും ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.

നേരത്തെ വ്യക്തമാക്കിയിരുന്ന പോലെ തന്നെ കശ്മീര്‍ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ചയായില്ല. മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും വ്യക്തമായ ധാരണയുണ്ട്. ഇരുരാജ്യങ്ങളും അവരവരുടെ പരമാധികാരം പരസ്പരം മാനിച്ചായിരുന്നു ചര്‍ച്ചകളെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോടു വ്യക്തമാക്കി.

ആഗോള ഭീകരതയുടെ വെല്ലുവിളികളെ നേരിടേണ്ടതു പ്രധാനമാണെന്നു ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യള്ള രാജ്യങ്ങളുടെ തലവന്മാരായ ഇരു നേതാക്കളും അംഗീകരിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാരകമ്മി പരിഹരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരാന്‍ ഉച്ചകോടിയില്‍ ധാരണയായി.

പ്രതിരോധ, സുരക്ഷാ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് ഷി ജിന്‍പിങ് താത്പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. അതിര്‍ത്തിയിലെ സൈനിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വരും. ഇന്ത്യന്‍ ഐടി, ഫാര്‍മ കമ്പനികളെ നിക്ഷേപത്തിനായി ചൈനയിലേക്ക് ക്ഷണിച്ചെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിനാണു തുടക്കമായതെന്നു ചര്‍ച്ചയ്ക്കു ശേഷം നരേന്ദ്ര മോദി പറഞ്ഞു. അര്‍ഥവത്തായ ചര്‍ച്ചകള്‍ നടന്നുവെന്നും ഇന്ത്യ നല്‍കിയ സ്വീകരണത്തില്‍ അതീവ സന്തോഷവാനാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി. ഇന്ത്യ- ചൈന ബന്ധത്തിന്റെ 70-ാം വാര്‍ഷികമായ അടുത്ത വര്‍ഷം വിശാലവും ആഴമേറിയതുമായ സാംസ്‌കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Share this