സമൂഹത്തിനു മേലുള്ള അടിച്ചേല്‍പ്പിക്കലല്ല ഭാഷ, അതൊരു സംസ്‌കാരമാണെന്ന് മറന്നു പോകരുത്

Feature

സന്ധ്യ ലിജേഷ്‌

നാനത്വത്തില്‍ ഏകത്വമെന്ന സുന്ദരലയനമാണ് നമ്മുടെ കാലാതീത നിധി. വിവിധ വൈവിധ്യങ്ങളിലും ബഹുസ്വരതയിലും വേരുറപ്പിച്ചാണ് ഇന്ത്യ നിലകൊള്ളുന്നതു തന്നെ. വിവിധ ഭാഷകളും വേഷ വൈവിധ്യങ്ങളും യഥാര്‍ത്ഥത്തില്‍ ഒരു സംസ്‌കാരത്തെ തന്നെയാണ് പ്രതിനിധികരിക്കുന്നത്. സ്വാഭിമാനവും പരസ്പര ബഹുമാനവും ഇന്ത്യന്‍ ഭാഷകളുടെ മനോഹര മുഖമുദ്ര കൂടിയാണ്. ഇതിനിടെ, രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞ്, ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കാമെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നതു വ്യാപകമായ വിമര്‍ശനത്തിനു കാരണമായിരിക്കുകയാണ്.

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ ശക്തമായ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയുടെ ഘടകകക്ഷിയായ അണ്ണാ ഡിഎംകെ പോലും ഉള്ളിലെ നീരസം മറച്ചുവച്ചിട്ടില്ല. കാരണം ഭാഷയാണ് തമിഴ്നാട് ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളുടെ നിവനില്‍പ്പിന്റെ തന്നെ അടിത്തറ. ഇതില്‍ കൈ കടത്തിയാല്‍ കേന്ദ്രമെന്ന പരിഗണനയൊന്നും ഒരു രാഷ്ട്രീയ കക്ഷിയും വ്യക്തികളും വകവച്ചു കൊടുക്കുകയില്ല.

വിഷയത്തില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും പ്രതിഷേധപാതയിലാണ്. ഭാഷ കൊണ്ടു മാത്രം ഒന്നായി ചേര്‍ന്ന സംസ്‌കാരവും സംസ്ഥാനവുമായി വളര്‍ന്ന നാടാണ് നമ്മുടെ കേരളം. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രമാര്‍’ എന്ന് ഉറക്കെ ചൊല്ലാനുള്ള ധൈര്യം സമ്മാനിച്ചതും നമ്മെ ഒന്നാക്കിയ ഭാഷയുടെ മഹത്വം ഒന്നു മാത്രമാണ്.

നാവില്‍തൊട്ട മലയാളത്തിന്റെ രുചിയില്‍നിന്നാണു മലയാളി മറ്റു ഭാഷകളുടെ അനന്തവിഹായസ്സിലേക്കു നമുക്ക് ചിറകതുകള്‍ മുളച്ചു പറന്നുയര്‍ന്നത്.  വൈകിയെങ്കിലും, ആറു വര്‍ഷംമുന്‍പ്  മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി കൈവരികയുംചെയ്തു.  മലയാളത്തിന്റെ പ്രൗഢിയും അന്തസ്സും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാം തുടരുകയുമാണ്.

ഏറ്റവുമൊടുവില്‍, ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തെത്തുടര്‍ന്ന് കെഎഎസ് പരീക്ഷ ഉള്‍പ്പെടെ, പിഎസ്സി നടത്തുന്ന എല്ലാ പൊതു പരീക്ഷകളുടെയും ചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ ധാരണയായതും ഭാഷയ്ക്കുവേണ്ടിയുള്ള മുന്നേറ്റത്തിലെ വിജയമാണ്. ഇതിനിടയിലാണ് ഒരു രാജ്യം, ഒരു ഭാഷാ വിവാദം തലപൊക്കിയിരിക്കുന്നത്.

ഒരു ഭാഷയ്ക്കും ഇന്ത്യയില്‍ രാഷ്ട്രഭാഷ എന്ന സ്ഥാനം നല്‍കിയിട്ടില്ല. ഭരണഘടന അംഗീകരിച്ച 22 ഭാഷകളില്‍ ഒന്നു മാത്രമാണു ഹിന്ദി. ദേശീയ ഭാഷയെന്ന ആവശ്യത്തിനു ഭരണഘടനാ സാധുതയില്ലെന്ന് വിവിധ കോടതികളും നിരീക്ഷിച്ചിട്ടുണ്ട്. ഭാഷയിലൂടെ രൂപപെട്ട സംസ്‌കാരം പോലും മറന്ന് പുതിയ ഭാഷയെ ചേര്‍ത്തു പിടിക്കാന്‍ സമൂഹം ധാരണയിലെത്തില്ല, എടുത്തു പറഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ഹിന്ദിയടക്കം ഒട്ടേറെ ഭാഷകള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനില്‍ക്കണം. ഒരു ഭാഷ മാത്രം മതി, ഒരു ദേശം മാത്രം മതി, ഒരു ഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങള്‍ എതിര്‍ക്കപ്പെടണമെന്ന് മലയാളത്തിന്റെ കഥാകൃത്ത് എം.ഡി തന്നെ നിശീഥമായി വിമര്‍ശിച്ച് രംഗത്തെത്തുകയുണ്ടായി.

ഒറ്റ പൊതുഭാഷ കൊണ്ടു രാജ്യത്തെ ഏകീകരിച്ചുനിര്‍ത്താമെന്നുള്ളത് വെറുമൊരു ധാരണ മാത്രമാണ്. ഒരു സമൂഹത്തിന്റെ കരുത്താണ് ഭാഷ. അതൊരു സംസ്‌കാരം തന്നെയാണെന്ന് അംഗീകരിച്ചേ മതിയാകൂ. മാത്രമല്ല ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകള്‍ക്കെല്ലാം രാജ്യത്ത് ഒരേ സ്ഥാനവും ഒരേ അന്തസ്സുമാണുള്ളത്. നാം ഏകശിലപോലെ ഒത്തുനിന്നാലേ നമ്മുടെ ദേശത്തിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും അര്‍ഹിക്കുന്ന അന്തസ്സും അംഗീകാരവും എവിടെ നിന്നായാലും ലഭിക്കുകയുള്ളൂ എന്ന കാര്യം നാം വിസ്മരിക്കരുത്.

 

 

Share this