ചില രസകരമായ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍

Feature

 

കൊച്ചി: ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പലര്‍ക്കും ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം. 21 ദിവസം വീടിനുള്ളില്‍ കഴിയേണ്ടി വരികയെന്നത് പലര്‍ക്കും സാധിക്കുന്ന കാര്യമേയല്ല. ഡിസിപ്ലിന്‍ ശീലിച്ചിട്ടുള്ളവര്‍ക്കു പോലും വിരസമാണ് ലോക്ക്ഡൗണ്‍. പക്ഷേ, ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ സംഭവിച്ചേക്കാവുന്ന വലിയ വിപത്തിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നതാണ് നല്ലതെന്ന ബോധ്യമുണ്ട് ഭൂരിഭാഗം പേര്‍ക്കും.
ലോക്ക്ഡൗണ്‍ കാലത്തു ജോലിക്കു പോകേണ്ടി വരുന്ന ചിലരുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, പൊലീസ് സേനാംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ്.

ലോക്ക്ഡൗണിന് സ്‌കൂട്ടര്‍ ബ്രേക്ക്ഡൗണാകുമോ ?


കഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു മാധ്യമ പ്രവര്‍ത്തകനുണ്ടായ അനുഭവം രസകരമായിരുന്നു. കക്ഷി താമസിക്കുന്നത് അങ്കമാലിയിലാണ്. ജോലി കൊച്ചിയിലെ ഒരു പത്ര സ്ഥാപനത്തിലും. എഡിറ്റോറിയല്‍ വിഭാഗത്തിലാണ് ജോലി. വൈകുന്നേരമാണു ജോലി ആരംഭിക്കുന്നത്. സാധാരണ രാത്രി ഒരു മണിക്ക് അവസാനിക്കുന്ന ജോലി പക്ഷേ, ഇപ്പോള്‍ കൊറോണ കാലമായതിനാല്‍ പത്ത് മണിക്ക് അവസാനിക്കും. ബസ്, ട്രെയ്ന്‍ സൗകര്യമില്ലാത്തതിനാല്‍ കക്ഷി ഈയടുത്ത് പുതുതായി വാങ്ങിയ സ്‌കൂട്ടറിനാണ് അങ്കമാലിയില്‍നിന്നും കൊച്ചി നഗരം വരെ ജോലിക്കു വരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കടകളും ഭൂരിഭാഗം വ്യാപാര വാണിജ്യ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണല്ലോ. കക്ഷിയുടെ പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ ആദ്യ സര്‍വീസ് ചെയ്യേണ്ട സമയമാണിപ്പോള്‍. പക്ഷേ, സ്‌കൂട്ടര്‍ വാങ്ങിയ സ്ഥാപനം അടച്ചിരിക്കുകയാണ്. അതിനാല്‍ ആദ്യത്തെ സര്‍വീസ് നടത്താന്‍ സാധിച്ചിരുന്നില്ല. കക്ഷി കഴിഞ്ഞ ദിവസം അങ്കമാലിയില്‍നിന്നും കൊച്ചി നഗരത്തിലേക്കു സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നതിനിടെ വണ്ടിയുടെ സ്പീഡോ മീറ്റര്‍ ഉള്‍പ്പെടുന്ന ഡിസ്‌പ്ലേ ബോര്‍ഡില്‍ ഒരു ചുവന്ന പ്രകാശത്തോടെ സ്പാനറിന്റെ ചിത്രം തെളിയുന്നത് കണ്ടു. ഇതു കണ്ടതോടെ ആളെ ആകെ പേടിച്ചു. വണ്ടിക്ക് തകരാര്‍ സംഭവിച്ചതാണോയെന്ന സംശയം മനസില്‍ ഉടലെടുത്തു. വഴിയില്‍ കിടക്കേണ്ടി വരുമോ ? കോവിഡ് കാലമാണ്. ആരെയെങ്കിലും സഹായത്തിനു വിളിക്കാമെന്നു വിചാരിച്ചാലും ബുദ്ധിമുട്ടാണ്. ഇനി എന്തു ചെയ്യും ?
വണ്ടിയുടെ മെക്കാനിസത്തെ കുറിച്ചു വലിയ ധാരണയൊന്നുമില്ലാത്തതു കൊണ്ടു ആശങ്ക വര്‍ധിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഒരു സുഹൃത്തിനെ ഫോണെടുത്തു വിളിച്ചു. സ്‌കൂട്ടറിന്റെ സര്‍വീസ് സമയമായെന്ന്് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് ആ സ്പാനറിന്റെ ചിത്രം ചുവന്ന പ്രകാശത്തില്‍ തെളിഞ്ഞതെന്നും വാഹനം ഓടിക്കുന്നതില്‍ കുഴപ്പമില്ലെന്നും സുഹൃത്ത് പറഞ്ഞതോടെയാണു കക്ഷിക്ക് ആശ്വാസമായത്.

ഈസ്റ്ററിന് പെസഹവ്യാഴം മുതല്‍ ഒരുക്കം ആരംഭിച്ചു

 

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒന്നായിരുന്നു അതിഥി തൊഴിലാളികള്‍ നോണ്‍ വെജ് ഭക്ഷണം ലഭിക്കാത്തതിനാല്‍ കൊറോണ കാലത്ത് വിതരണം ചെയ്ത ഭക്ഷണപ്പൊതി വലിച്ചെറിഞ്ഞതായ വാര്‍ത്ത. ഇതിന്റെ സത്യാവസ്ഥ അറിയില്ല. എങ്കിലും അതിഥി തൊഴിലാളികളോട് ഒരു വിഭാഗത്തിന് വലിയ എതിര്‍പ്പുണ്ടാകാന്‍ ഈ സംഭവം കാരണമായിട്ടുണ്ട്. എന്നാല്‍ അതിഥി തൊഴിലാളികള്‍ മാത്രമല്ല, മലയാളികളില്‍ തന്നെ ഒരു വിഭാഗത്തിന് നോണ്‍ വെജ് കഴിക്കാന്‍ സാധിക്കാത്തത് വലിയ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. പലര്‍ക്കും ചോറ് ഇറങ്ങുന്നില്ലത്രേ.
കൊറോണയും, ലോക്ക്ഡൗണുമൊക്കെ നോണ്‍ വെജ് വിഭവം ലഭിക്കുന്നതിന് ഒരു പരിധി വരെ തടസം തീര്‍ത്തിട്ടുണ്ട്. ഇനി ലഭിച്ചാല്‍ തന്നെ അവ ശുദ്ധമാണോ എന്ന സംശയവും ഒരുവശത്തുണ്ട്. കാരണം കഴിഞ്ഞ ദിവസം ചീഞ്ഞ മത്സ്യം വലിയ തോതില്‍ പിടികൂടിയ വാര്‍ത്ത നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്.

വരാപ്പുഴയില്‍ ചെട്ടിഭാഗം മാര്‍ക്കറ്റ് നല്ല മത്സ്യം ലഭിക്കുന്ന പ്രമുഖ മാര്‍ക്കറ്റാണ്. പക്ഷേ, ലോക്ക്ഡൗണ്‍ കാരണം അവിടെ മത്സ്യം ലഭിക്കുന്നില്ല. അങ്ങോട്ടേയ്ക്ക് ആര്‍ക്കും പോകാനും സാധിക്കുന്നില്ല. അതു പോലെ പോര്‍ക്ക് ഇറച്ചി ലഭിക്കുന്ന പ്രമുഖ സ്ഥലമാണ് അങ്കമാലി. ഇപ്പോള്‍ പോര്‍ക്ക് വരവ് ഇല്ലാത്തതിനാല്‍ അങ്കമാലിയിലും സമീപപ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന ഫാമുകളില്‍നിന്നാണു പോര്‍ക്കിനെ മാര്‍ക്കറ്റിലും കടകളിലുമെത്തിച്ച് വെട്ടി, ഇറച്ചി വില്‍ക്കുന്നത്. അതു കൊണ്ടു തന്നെ നല്ല ഇറച്ചി ലഭിക്കുന്നുമുണ്ടെന്നു പറയപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അങ്കമാലിയില്‍ പോര്‍ക്ക് ഇറച്ചിക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ ഇറച്ചി വെട്ടി വില്‍പ്പന ആരംഭിച്ചാല്‍ രാവിലെ ഒരു പതിനൊന്നു മണിയോടെ തീരുകയാണ്. നേരത്തേ വൈകുന്നേരം വരെ കട തുറന്നു വയ്ക്കുമ്പോഴായിരുന്നു ഇറച്ചി തീര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ രാവിലെ തന്നെ തീരുകയാണ്. അതു പോലെ തന്നെയാണ് മത്സ്യത്തിന്റെ വില്‍പ്പനയും. പെസഹ വ്യാഴാഴ്ച മുതല്‍ തന്നെ ആളുകള്‍ മത്സ്യം സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങി. പലരും ശുദ്ധജലത്തില്‍ മത്സ്യകൃഷി ചെയ്യുന്നയിടത്തു നിന്നാണു മത്സ്യം ശേഖരിച്ചത്. പിലോപ്പി കിലോ 250 രൂപ വരെയും, കരിമീന്‍ കിലോ 800 രൂപ വരെയും ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഴല, കടമക്കുടി, വരാപ്പുഴ എന്നിവിടങ്ങളില്‍ കരിമീന്‍, ചെമ്മീന്‍ സുലഭമായി ലഭിക്കും.

show less

Summary: Few stories happened in lockdown days

 

Share this