ഷെഹനായ്…; മനംമയക്കുന്ന ആലാപനം, ഒപ്പം ടൊവീനോയുടെ ചുവടുകളും

Entertainment

കൊച്ചി: ‘നീ ഹിമ മഴയായ് വരൂ…’ എന്നു തുടങ്ങുന്ന പ്രണയം തുളുമ്പുന്ന ഗാനത്തിനു ശേഷം എടക്കാട് ബറ്റാനിയനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ‘ഷെഹനായ്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ നേരത്തേ തന്നെ റിലീസ് ചെയ്തിരുന്നു.

 

തീവണ്ടി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവിനോ- സംയുക്ത ജോടികള്‍ ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ഇവരുടെ വിവാഹ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനത്തിന്റെ വീഡിയോ ഒരുക്കിയിരിക്കുന്നത്. ആദ്യമായി നൃത്ത രംഗത്ത് ടൊവീനോ എത്തുന്നതും എടക്കാട് ബറ്റാലിയനിലാണ്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സിതാര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഒക്ടോബര്‍ 18-ന് ചിത്രം റിലീസ് ചെയ്യും.

രഞ്ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്.

Share this