മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019; പുതുക്കിയ ലൈസന്‍സ് നിബന്ധനകള്‍ ഇവയാണ്

Top Stories

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ വര്‍ധിപ്പിക്കുക മാത്രമല്ല മോട്ടോര്‍ വാഹന ഭേദഗതി ബില്‍ 2019ലൂടെ ചെയ്തിരിക്കുന്നത്. വാഹനം തിരിച്ചുവിളിക്കുന്നതും റോഡ് പണിയുന്നതിനെ കുറിച്ചുമുള്ള കാര്യങ്ങളടക്കം ബില്ലില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനെപ്പറ്റിയും പുതുക്കുന്നതിനെപ്പറ്റിയുമെല്ലാം ബില്ലില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചിരിക്കുകയാണിപ്പോള്‍ കേരളാ പൊലീസ്. പുതിയ നിയമത്തെപ്പറ്റി ആളുകളെ കൂടുതല്‍ ബോധവത്കരിക്കാന്‍ സാഹായിക്കുന്നതാണിത്.

ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകള്‍ ഇവയാണ്;

  1. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിന്റെ കാലാവധി ഇനി മുതല്‍ 5 വര്‍ഷമാണ്.
  2. ഹസാര്‍ഡസ് ലൈസന്‍സിന്റെ കാലാവധി – 3 വര്‍ഷമാണ്.

നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിന്റെ കാലാവധികള്‍ ഇനി പറയുന്ന പ്രകാരമായിരിക്കും;

  1. 30 വയസിനു മുമ്പ് എടുക്കുകയാണെങ്കില്‍ 40 വയസു വരെ കാലാവധി
  2. 30 നും 50 നും ഇടയിലുള്ളവര്‍ക്ക് -10 വര്‍ഷം
  3. 50നും 55 നും ഇടയിലുള്ളവര്‍ക്ക് – 60 വയസു വരെ
  4. 55 ന് മുകളില്‍ – 5 വര്‍ഷം വീതം

കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസന്‍സ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതല്‍ ഇല്ല, അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസന്‍സ് അസാധുവാകും. കൂടാതെ ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പ് പുതുക്കാനായി നല്‍കാവുന്നതാണ്.

കാലാവധി തീര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ടെസ്റ്റ് പാസായാല്‍ മാത്രമെ പുതുക്കി നല്‍കുകയുള്ളൂ. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

Share this