മുംബൈയുടെ ‘കാലി പീലി ‘ ടാക്‌സി ഓട്ടം അവസാനിപ്പിക്കുന്നു

Feature

മുംബൈയുടെ ചരിത്രത്തില്‍  ‘കാലി പീലി ‘ പത്മിനി ടാക്‌സികള്‍ക്കു വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.  എന്നാല്‍ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള  ‘കാലി പീലി ‘ ടാക്‌സി ഓട്ടം അവസാനിപ്പിക്കുന്നു. 2020 ജൂണ്‍ മാസത്തോടെ ഈ കാറുകള്‍ക്ക് നിരത്തൊഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

നഗരവാസികളുമായി ഇത്രയധികം സഹകരിച്ച മറ്റൊരു വാഹനമുണ്ടാകില്ലെന്നു തന്നെ പറയേണ്ടി വരും. മെട്രോ ട്രെയ്‌നിലെത്തി നില്‍ക്കുന്നതാണു നഗരത്തിന്റെ ഗതാഗത പരിഷ്‌കാരം. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പു പത്മിനി ടാക്‌സിയായിരുന്നു നഗരവാസികളുടെ ഏറ്റവും വലിയ ആഢംബര വാഹനം. ഫിയറ്റ് 1100 മോഡല്‍ കാറിന്റെ പ്രാദേശിക പതിപ്പാണ് പ്രീമിയര്‍ പത്മിനി കാര്‍. ഇത് ആദ്യം അറിയപ്പെട്ടിരുന്നത് പ്രീമിയര്‍ പ്രസിഡന്റ് എന്നായിരുന്നു. പ്രീമിയര്‍ പത്മിനി കാറുകള്‍ കൊല്‍ക്കത്തയിലും ഡല്‍ഹിയിലും പ്രസിദ്ധിയാര്‍ജ്ജിച്ച മോഡലായിരുന്നു ഒരുകാലത്ത്.

നിരവധി ബോളിവുഡ് സിനിമകളിലും കാലി പീലി കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കാലി എന്നാല്‍ കറുപ്പ് നിറവും പീലി എന്നാല്‍ മഞ്ഞ നിറവുമെന്നാണ് അര്‍ഥം. മേവാറിലെ റാണി പദ്മാവതിയുടെ പേരിലുള്ള പത്മിനി ടാക്‌സി 1927 മുതല്‍ പ്രീമിയര്‍ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മ്മിച്ചു തുടങ്ങിയത്. 1960 മുതല്‍ പദ്മിനി കാര്‍ മുംബൈ തെരുവുകളില്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ ഇപ്പോള്‍ മുംബൈയിലെ തെരുവുകളില്‍ 50 മുതല്‍ 60 വരെ ടാക്‌സി ക്യാബുകളായി ചുരുങ്ങി. ഈ ടാക്‌സികള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള ഒരു പ്രധാന കാരണം സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, റിപ്പയര്‍ ടൂളുകള്‍ എന്നിവയുടെ അഭാവമാണ്.

1990കളുടെ അവസാനത്തോടെ പത്മിനി കാറുകളുടെ നിര്‍മാണം കമ്പനി നിറുത്തി. ഒരു ടാക്‌സിയുടെ പരമാവധി ആയുസ്സ് 20 വര്‍ഷമാണെന്ന് ആര്‍ടിഒ നിയമങ്ങള്‍ പറയുന്നതിനാല്‍, പത്മിനി ടാക്‌സികള്‍ വിപുലീകരിക്കാന്‍ സാധ്യതയില്ല. പത്മിനി ടാക്‌സിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും നൊസ്റ്റാള്‍ജിയയും കാരണം ഈ ക്യാബിനെ ഇഷ്ടപ്പെടുന്ന പഴയ ഉപഭോക്താക്കളുണ്ട്. അവരാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്.

Share this