അമേരിക്കയിലായിരുന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ തമിഴ് ഭാഷയില്‍ സംസാരിച്ചു; തമിഴിനെ പുകഴ്ത്തി മോദി

India

ചെന്നൈ: ഐക്യരാഷ്ട്രസഭയില്‍ താന്‍ തമിഴ് പറഞ്ഞതോടെ അമേരിക്കയിലാകെ തമിഴ് ചര്‍ച്ചാവിഷയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദം കത്തി പടരുമ്പോളാണ് തമിഴ് ഭാഷയെ പുകഴ്ത്തി മോദി രംഗത്തെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മോദി സംഘകാല കവി കനിയന്‍ പൂകുണ്ട്രനാരുടെ വരികള്‍ ഉദ്ധരിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല, അമേരിക്കയില്‍ ഹൗഡി മോദി പരിപാടിയിലും മോദി തമിഴ് സംസാരിച്ചിരുന്നു.

 


‘അമേരിക്കയിലായിരുന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ തമിഴ് ഭാഷയില്‍ സംസാരിച്ചു. ഇത് പ്രാചീന ഭാഷകളില്‍ ഒന്നാണെന്നും പറഞ്ഞു. ഇപ്പോള്‍ പോലും അമേരിക്കയില്‍ തമിഴ് ഭാഷയെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്’ എന്നാണ് മോദി പറഞ്ഞത്. ചെന്നൈ വിമാനത്താവളത്തില്‍വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണു മോദി തമിഴ്‌നാട്ടില്‍ എത്തിയത്.


 

‘വണക്കം’ എന്ന അഭിസംബോധനയോടെയാണ് മോദി പ്രസംഗം ആരംഭിച്ചതു തന്നെ. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് മോദിയുടെ തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ചുള്ള പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

Share this