ക്രൂയ്സ് കപ്പലിന്റെ 11-ാം നിലയില്‍നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിനെ പുറത്താക്കി

Top Stories

 

ലണ്ടന്‍:ക്രൂയ്സ് കപ്പലായ സിംഫണി ഓഫ് സീസിന്റെ 11-ാം നിലയില്‍നിന്നും ചാടിയ യാത്രക്കാരന്‍ 27-കാരന്‍ നിക്കോളേ നയ്ദേവിനെയും അയാളുടെ സുഹൃത്തുക്കളെയും കപ്പല്‍ യാത്ര നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.
രണ്ടാഴ്ച മുന്‍പാണു സംഭവം നടന്നത്. റോയല്‍ കരീബിയന്‍ ക്രൂയ്സ് കപ്പല്‍ ബഹാമാസിലെ നസാവുവില്‍ ഡോക്ക് ചെയ്തിരിക്കുകയായിരുന്നു. ഈ സമയത്ത് കപ്പലിന്റെ പാര്‍ശ്വത്തിലുള്ള വെള്ളത്തിലേക്ക് നയ്ദേവ് ചാടി. ഈ സമയത്ത് അയാളുടെ സുഹൃത്തുക്കള്‍ ആവേശം നല്‍കാന്‍ സമീപമുണ്ടായിരുന്നു. ഇവര്‍ നയ്‌ദേവ് ചാടുന്ന വീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള നവമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. വീഡിയോ രണ്ട് ലക്ഷത്തിനടുത്ത് വ്യൂസ് ലഭിച്ചു. 2000ത്തിലേറെ കമന്റും ലഭിച്ചു. കമന്റില്‍ നിരവധി പേര്‍ നയ്ദേവിനെ മണ്ടന്‍ എന്നു വിളിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നയ്ദേവിനെയും സുഹൃത്തുക്കളെയും തുടര്‍ന്ന് കപ്പലില്‍ യാത്ര ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുകയായിരുന്നു. നിയമപരമായ നടപടികള്‍ തുടര്‍ന്നു സ്വീകരിക്കുന്നതിനെ കുറിച്ചു കപ്പല്‍ അധികൃതര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
‘ ഇത് അശ്രദ്ധ നിറഞ്ഞതും, വിവേകശൂന്യവുമായ പെരുമാറ്റമാണെന്നും നയ്ദേവിനെയും അയാളുടെ സുഹൃത്തുക്കളെയും ഞങ്ങളോടൊപ്പം തുടര്‍ന്നു യാത്ര ചെയ്യുന്നതില്‍നിന്നും വിലക്കിയിരിക്കുകയാണെന്നും റോയല്‍ കരീബിയന്‍സിന്റെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഫോക്സ് ന്യൂസിനോട് പറഞ്ഞു.
‘തലേ രാത്രിയില്‍ ഞാന്‍ മദ്യപിച്ചിരുന്നു. പിറ്റേ ദിവസം എണീറ്റപ്പോള്‍ വെള്ളത്തിലേക്കു ചാടാന്‍ തീരുമാനിക്കുകയായിരുന്നു’ നയ്ദേവ് ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ കുറിച്ചു.
നയ്ദേവ് വാഷിംഗ്ടണിലാണു താമസിക്കുന്നത്.

Share this