ദി ഷേപ് ഓഫ് വാട്ടര്‍ (ആസ്വാദനം)

Entertainment

ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന മിത്തിനെ പുനര്‍നിര്‍വചിച്ച ‘The Shape of Water ‘

2017-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ഷേ്പ് ഓഫ് വാട്ടര്‍. നിരവധി വിഭാഗങ്ങളില്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ ആസ്വാദനമാണ് ഈ ലേഖനം.
………………………………….
പാന്‍സ് ലാബ്രിന്ത് (Pan’s Labyrinth) എന്ന ചിത്രത്തേക്കാള്‍ മികച്ച ഒരു ചിത്രം 21-ാം നൂറ്റാണ്ട് സൃഷ്ടിച്ചിട്ടില്ലെന്നു നിസ്തര്‍ക്കം പറയാനാകും. മെക്സിക്കന്‍ ഫിലിം ഡയറക്ടറും, നിര്‍മാതാവും, തിരക്കഥാകൃത്തും, നോവലിസ്റ്റുമായ ഗുല്ലെര്‍മോ ദെല്‍ ടോറോ 2006-ല്‍ സംവിധാനം ചെയ്ത ചിത്രമാണു പാന്‍സ് ലാബ്രിന്ത്.

സ്പാനിഷ് ആഭ്യന്തരയുദ്ധം പ്രമേയമാക്കിയെടുത്ത The Devil’s Backbone ( 2001) എന്ന ചിത്രത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന പ്രമേയം തന്നെയാണു പാന്‍സ് ലാബ്രിന്ത് എന്ന ചിത്രത്തിന്റേതും. ദെല്‍ ടോറോ ആദ്യമായി ചിത്രം സംവിധാനം ചെയ്തത് 1993-ലാണ്. Cronos എന്നായിരുന്നു പ്രഥമ ചിത്രത്തിന്റെ പേര്. വേറിട്ട സിനിമാറ്റിക് ശബ്ദം കേള്‍പ്പിച്ച ചിത്രമാണു ക്രോണോസ്. ദെല്‍ ടോറോയുടെ ആദ്യ ചിത്രമായ ക്രോണോസ് (1993) പോലെ മികച്ചവയായിരുന്നു പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത The Devil’s Backbone ും, Pan’s Labyrinth-ും.

ദെല്‍ ടോറോയുടെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് Pacific Rim. വര്‍ഷങ്ങള്‍ നാല് പിന്നിട്ടെങ്കിലും പസഫിക് റിമ്മിന്റെ ഗര്‍ജ്ജനം ഇന്നും മുഴങ്ങി കേള്‍ക്കാം. ഈ മുഴക്കങ്ങള്‍ക്കിടയിലും, ക്രോണോസിലൂടെയും, പാന്‍സ് ലാബ്രിന്തിലും കേള്‍പ്പിച്ച സിനിമാറ്റിക് ശബ്ദത്തിന്റെ പ്രതിധ്വനി (echo) വിദൂരതയില്‍ എവിടെയോ കേള്‍ക്കാനാകുമെന്നതും ഒരു വസ്തുതയാണ്.

സാഹസികതലത്തില്‍ ഒരേ സമയം വ്യക്തിപരവും സാര്‍വലൗകികവുമായ ചില പൊളിച്ചെഴുത്തുകളും വ്യതിയാനങ്ങളുമാണ് ദെല്‍ ടോറോ ‘ ദി ഷേപ് ഓഫ് വാട്ടര്‍ ‘ എന്ന പുതിയ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ആരാധന തോന്നുന്ന അതേസമയം പലര്‍ക്കും ബോധക്ഷയം തന്നെ ഉണ്ടാക്കിയേക്കാവുന്ന ഒരു റൊമാന്റിക് മെലോഡ്രാമയാണിത്, അത് ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന ആ മിത്തിക്കല്‍ ആശയങ്ങളെ പുനര്‍നിര്‍വചിക്കുന്നു, മൃഗീയമായ എന്നാല്‍ രുചികരമായ ഒരു ദംശനത്തോടു കൂടി.

1962-കാലഘട്ടം. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ വന്‍ അകല്‍ച്ചയുണ്ടായ കാലം. ഇതേ കാലഘട്ടത്തിലാണല്ലോ ഏറ്റവും വലിയ ചാരപ്പണികള്‍ ഇരുരാജ്യങ്ങളും നടത്തിയിരുന്നത്. സ്പേസ് വാറിന് (ബഹിരാകാശ രംഗത്ത് നടക്കുന്ന യുദ്ധം) തുടക്കമിട്ടതും ഇതേ സമയത്താണ്. ഈ ചിത്രം പറയുന്നത് ശീതയുദ്ധകാലത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ്.

ബാള്‍ട്ടിമോറിലുള്ള സര്‍ക്കാരിന്റെ ഒരു രഹസ്യ പരീക്ഷണശാലയില്‍ ശുചിയാക്കുന്ന ജോലിയാണു എലിസക്ക് (സാലി ഹാക്കിന്‍സ്). അവര്‍ ഊമയാണ്. ഒരു മൂവി തിയേറ്ററിനു മുകളില്‍ ഒറ്റയ്ക്കാണ് എലിസയുടെ താമസം. എലിസയുടെ അയല്‍വാസിയാണു ഗൈല്‍സ് (റിച്ചാര്‍ഡ് ജെന്‍കിങ്സ്). ഇയാള്‍ സ്വവര്‍ഗാനുരാഗിയാണ്. പരീക്ഷണശാലയില്‍ എലിസയുടെ സഹപ്രവര്‍ത്തകയും കറുത്ത വംശജയുമായ സെല്‍ദയും, ഗൈല്‍സുമാണ് എലിസയുടെ അടുത്ത സുഹൃത്തുക്കള്‍.

ഒരു ദിവസം എലിസ മോശം സാഹചര്യത്തില്‍ എത്തപ്പെടുകയാണ്. ദക്ഷിണ അമേരിക്കയില്‍ നിന്നും അജ്ഞാതമായ ടാങ്ക് അവര്‍ ജോലി ചെയ്യുന്ന പരീക്ഷണശാലയിലേക്കു വരുന്നു. ആ ടാങ്കില്‍ ഒരു മിണ്ടാപ്രാണിയുണ്ട്. അതു മനുഷ്യനെ പോലെയിരിക്കുന്ന ഒരു ഉഭയജീവിയാണ് (കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തു). ആ ജീവി മനുഷ്യനെക്കാള്‍ ഉയരത്തിലുള്ളതാണ്. മത്സ്യത്തില്‍ മനുഷ്യനുണ്ടായ ഒരു സന്താനമെന്നു തോന്നിപ്പിക്കും ഈ ജീവിയെ കണ്ടാല്‍. എലിസ ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വച്ചു വലിയ ജീവി. ആ ജീവിയുടെ പച്ചനിറമുള്ള തോട് തിളിങ്ങുന്നതായിരുന്നു. വലുതും ഭയാനകവുമായ കണ്ണുകളുണ്ടായിരുന്നു. ആ ജീവിയോടു യാതൊരു കാരണവശാലും ആശയവിനിമയം നടത്തരുതെന്ന് എലിസയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും മനുഷ്യരോട് അടുക്കാന്‍ ഭയപ്പെട്ടിരുന്ന എലിസ ഈ ജീവിയോട് അടുക്കുന്നു. സൗഹൃദത്തിലാവുന്നു. മനുഷ്യരില്‍നിന്നും കിട്ടാത്ത സ്‌നേഹം ഈ ജീവിയില്‍നിന്നും എലിസയ്ക്ക് ലഭിക്കുന്നു. പിന്നീട്
ലൈംഗിക ബന്ധത്തില്‍ വരെ ഏര്‍പ്പെടുന്നുമുണ്ട്.

ഒരാള്‍ പറയത്തക്ക സൗന്ദര്യമൊന്നും ഇല്ലാത്ത കഥാനായിക. രണ്ടാമത്തെയാള്‍ വിരൂപമായ പ്രകൃതവും. എങ്കിലും ഇരുവരും അവരുടെ കുറവുകളെ മറന്ന് സ്നേഹിക്കുന്നു. സുന്ദരനും, അപരിഷ്‌കൃതനും, കറുത്തതും, വെളുത്തതും…ഇതാണല്ലോ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന കാല്‍പനിക കഥയുടെ ആധാരം. ദി ഷേഫ് ഓഫ് വാട്ടറും ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് എന്ന മിത്തിനെ ആധാരമാക്കിയതാണ്. കുറവുകളും കുറ്റങ്ങളും ഏറിയും കുറഞ്ഞുമൊക്കെയിരിക്കുമെങ്കിലും മനുഷ്യരുടെ മനസിലെ വികാരങ്ങള്‍ തുല്യമായിരിക്കുമെന്നു വരച്ചുകാട്ടുന്നുണ്ട് ദി ഷേപ് ഓഫ് വാട്ടര്‍.

മെക്കല്‍ ഷാനന്‍ അവതരിപ്പിക്കുന്ന ക്രൂരനായ കഥാപാത്രം ഓരോ ദിവസവും ആ ജീവിയെ ഉപദ്രവിക്കുന്ന കാഴ്ച എലിസ കാണാനിടവരികയാണ്. ഒരു ദിവസം എലിസ, തന്റെ സുഹൃത്തുക്കളായ ഗൈല്‍സിനും,സെല്‍ദയ്ക്കുമൊപ്പം ഉഭയജീവിയെ രക്ഷിക്കാന്‍ തീരുമാനിക്കുന്നു.
………………………………

ദെല്‍ ടോറോയുടെ ഏറ്റവും മികച്ച ചിത്രമാണു ദി ഷേപ് ഓഫ് വാട്ടര്‍ എന്ന് ആരും പറയില്ല. പക്ഷേ ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള ചിത്രം തന്നെയായിരുന്നു ഇത്. ദി ഷേപ് ഓഫ് വാട്ടറിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ഊമയായ ഒരു സ്ത്രീയാണ്, ഒരു കറുത്ത വംശജയാണ്, ഒരു സ്വവര്‍ഗാനുരാഗിയാണ്, മനുഷ്യനല്ലാത്ത ഒരു ജീവിയാണ്. പക്ഷേ കഥ പറച്ചിലിന് ഇവയൊന്നും ഒരു പ്രതിബന്ധമാകുന്നില്ല. എല്ലാ കുറവുകളോടും താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് ഈ കഥാപാത്രങ്ങള്‍ക്കു സംവിധായകന്‍ ദെല്‍ ടോറോ പകര്‍ന്നു നല്‍കിയിരിക്കുന്നു.
സാധാരണഗതിയില്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് ലഭിക്കാത്ത ശബ്ദം ചിത്രത്തില്‍ ദെല്‍ ടോറോ അവര്‍ക്കു നല്‍കിയിരിക്കുന്നു.

സൂത്രശാലിയായ, കാമാതുരയായ എലിസയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാലി ഹാക്കിന്‍സ്, തന്റെ കരിയറിലെ മികച്ച പ്രകടനമാണു ചിത്രത്തിലൂടെ പുറത്തെടുത്തിരിക്കുന്നത്. ദെല്‍ ടോറോയുടെ പസഫിക് റിം (2013) എന്ന ചിത്രത്തിന്റെ പത്തിലൊന്നു പോലും ചെലവ് വന്നിട്ടുണ്ടാകില്ല ദി ഷേപ് ഓഫ് വാട്ടര്‍ എന്ന ചിത്രം നിര്‍മിക്കാന്‍. പക്ഷേ ഈ ചിത്രം കണ്ടാല്‍ പസഫിക് റിമ്മിനേക്കാള്‍ മൂന്നിരട്ടി ചെലവഴിച്ചു നിര്‍മിച്ചതാണെന്നു തോന്നും.

ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കു ചുറ്റും, മുറികള്‍ക്കുള്ളിലും, ഇടനാഴികളും കാമറ ചലിക്കുന്നത് കണ്ടാല്‍ വെള്ളത്തിലൂടെ ചലിക്കുന്നതു പോലെയാണോ എന്നു തോന്നും. അത്രയ്ക്കു മനോഹരമാണ് ഇതിലെ ദൃശ്യങ്ങള്‍. അലക്സാണ്ടര്‍ ഡസ്പ്ലാട്ടിന്റെ വിചിത്രവും അത്ഭുതവും നിറഞ്ഞ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആകര്‍ഷണങ്ങളാണ്.

തീര്‍ച്ചയായും ഇത് എളുപ്പം ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമല്ല. ഇത് പ്രേക്ഷകനെ നിരന്തരം വെല്ലുവിളിക്കുകയും ചിന്താകുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്. ലോകവിദ്വേഷം വളര്‍ന്നു വരുന്ന, പ്രായോഗികതാവാദങ്ങള്‍ ബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന കാലഘട്ടത്തില്‍, യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഈ കെട്ടുകഥ അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിതമാക്കുന്നുണ്ട്.
………………………………….
ദി ഷേപ് ഓഫ് വാട്ടര്‍

സംവിധാനം: ഗുല്ലെര്‍മോ ദെല്‍ ടോറോ
അഭിനേതാക്കള്‍: സാലി ഹാക്കിന്‍സ്, റിച്ചാര്‍ഡ് ജെന്‍കിംഗ്സ്, മൈക്കള്‍ ഷാനന്‍, ഒക്ടേവിയ സ്പെന്‍സര്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 4 മിനിറ്റ്

Share this