ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി പൃഥ്വിരാജ്

Entertainment

കൊച്ചി: തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അറ്റ്‌ലി- വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗില്‍’. പ്രഖ്യാപനം മുതല്‍ തന്നെ ആരാധകരും ചലച്ചിത്ര നിരൂപകരുമടക്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ബിഗിലിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സ്വന്താമാക്കിയതായാണ് റിപ്പോര്‍ട്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം.

എത്ര തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്യഭാഷാ ചിത്രങ്ങള്‍ പരമാവധി 125 കേന്ദ്രങ്ങളിലെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലുള്ളപ്പോള്‍ ബിഗിലിന്റെ റിലീസിലും ഇത് തടസ്സമായേക്കുമെന്നാണ് സൂചന.

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് ചിത്രത്തില്‍ വിജയ് വേഷമിടുന്നത്. രണ്ടു ഗെറ്റപ്പുകളിലായാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താരയാണ് നായിക. ബിഗിലിനു വേണ്ടി സംഗീതം ഒരുക്കുന്നത് എ. ആര്‍ റഹ്മാനാണ്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘സിങ്കപ്പെണ്ണെ’ എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. എ. ആര്‍ റഹ്മാന്‍ തന്നെയാണ് ഗാനം ആലപിച്ചതും.

കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഒക്ടോബര്‍ 27നാണ് ചിത്രത്തിന്റെ റിലീസ്.

Share this