Train service resumed

ട്രെയ്ന്‍ സര്‍വീസ് പുനരാരംഭിച്ചു: ആദ്യ ദിനം 8,121 യാത്രക്കാര്‍

Top Stories

ന്യൂഡല്‍ഹി: ഒന്നര മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച (മേയ് 12) പുനരാരംഭിച്ച ട്രെയ്ന്‍ സര്‍വീസിന്റെ ആദ്യ ദിനത്തില്‍ ലക്ഷ്യസ്ഥാനത്തേയ്ക്കായി ആകെ സഞ്ചരിച്ചത് 8,121 യാത്രക്കാരെന്ന് റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു. എട്ട് എസി ട്രെയ്‌നുകളാണു സര്‍വീസ് നടത്തിയത്. മൊത്തം 15 സര്‍വീസുകളാണു സര്‍വീസ് നടത്തുകയെന്ന് റെയ്ല്‍വേ അറിയിച്ചിരുന്നു.

ആദ്യ ദിനത്തില്‍ ഡല്‍ഹിയില്‍നിന്നും ഛത്തീസ്ഗഡ്ഡിലെ ഭിലാസ്പൂര്‍, ആസാമിലെ ദിബ്രുഗാര്‍ഗ്, കര്‍ണാടകയിലെ ബെംഗളുരു എന്നിവിടങ്ങളിലേക്കു മൂന്ന് ട്രെയ്‌നുകളാണു സര്‍വീസ് നടത്തിയത്. ഇതിനു പുറമേ പശ്ചിമ ബംഗാളിലെ ഹൗറ, ബിഹാറിലെ രാജേന്ദ്ര നഗര്‍, മഹാരാഷ്ട്രയിലെ മുംബൈ സെന്‍ട്രല്‍, ഗുജറാത്തിലെ അഹമ്മദാബാദ്, കര്‍ണാടകയിലെ ബെംഗളുരു എന്നിവിടിങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തി.

തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് റെയ്ല്‍വേ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഐആര്‍സിടിസി വഴിയായിരുന്നു ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനകം 1,69,039 പാസഞ്ചര്‍ ബുക്കിംഗാണ് ഉണ്ടായതെന്ന് റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു. ഏഴ് ദിവസം വരെ മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കു നാട്ടിലേക്ക് മടങ്ങുന്നതിനായി റെയ്ല്‍വേ നടത്തുന്ന ശ്രാമിക് സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് മേയ് 12 വരെയായി 575 സര്‍വീസ് നടത്തിയെന്ന് റെയ്ല്‍വേ അറിയിച്ചു. മേയ് ഒന്നിനാണു ശ്രാമിക് ട്രെയ്ന്‍ സര്‍വീസ് ആരംഭിച്ചത്.

Summary: Indian Railways resumed its passenger services 

Share this