തന്നെ വകവരുത്തിയേക്കുമെന്ന മകളുടെ പ്രസ്താവനയോട് പ്രതികരിച്ച് എംഎല്‍എ

India

ലക്നൗ: തന്നെയും ഭര്‍ത്താവിനെയും പിതാവും എംഎല്‍എയുമായ രാജേഷ് മിശ്ര വകവരുത്താന്‍ സാധ്യതയുണ്ടെന്ന മകള്‍ സാക്ഷി മിശ്രയുടെ പ്രസ്താവനയോട് പ്രതികരിച്ചു രാജേഷ് മിശ്ര രംഗത്ത്. മകള്‍ ഒരു ദളിതനുമായി വിവാഹം കഴിച്ചതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ആശങ്ക മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മകളെക്കാള്‍ ഒന്‍പതിലധികം വയസിന് മൂത്തതാണു വിവാഹം ചെയ്തിരിക്കുന്ന ആള്‍. അവരുടെ ഭാവിയില്‍ തനിക്ക് ആശങ്കയുണ്ട്. കാരണം ഭര്‍ത്താവിന് ചെലവ് വഹിക്കാനുള്ള വരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിതാരി ചെയ്ന്‍പൂരിലെ എംഎല്‍എയാണ് രാജേഷ് മിശ്ര.
തന്റെ മകളെ വകവരുത്തുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും, ദമ്പതികള്‍ എത്രയും വേഗം വീട്ടില്‍ തിരിച്ചെത്തണമെന്നുമാണു താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച നവമാധ്യമത്തില്‍ സാക്ഷി മിശ്ര(23) പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സ്വന്തം പിതാവിനെ കുറിച്ച് ആരോപണം ഉന്നയിച്ചത്. 29 കാരനും ദളിതനുമായ അജിതേഷ് കുമാറിനെ വിവാഹം ചെയ്തതിനാല്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷയ്ക്കു പൊലീസിനെ ഏര്‍പ്പെടുത്തണമെന്നും സാക്ഷി അഭ്യര്‍ഥിച്ചിരുന്നു. തന്നെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും വീഡിയോയില്‍ അഭ്യര്‍ഥിച്ചിരുന്നു.

Share this