കോമണ്‍വെല്‍ത്തിന്റെ പ്രസക്തി

World

 

m

മധു ശിവരാമന്‍

[email protected]

(സ്‌കോട്ട്‌ലാന്‍ഡില്‍നിന്നും തയാറാക്കിയ റിപ്പോര്‍ട്ട്‌)

ഈ മാസം 16 മുതല്‍ 20 വരെ ലണ്ടനില്‍ വച്ചായിരുന്നു 25-ാം കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ലീഡേഴ്സ് മീറ്റ് (CHOGM) നടന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും നടക്കുന്ന സമ്മേളനം ബ്രിട്ടനെ സംബന്ധിച്ച് ഇപ്രാവിശ്യം വളരെയേറെ പ്രാധാന്യമുള്ള ഒന്നായിരുന്നു. സമ്മേളനത്തിന് പ്രാധാന്യം കൈവരാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. 2019-മാര്‍ച്ചില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ പ്രസക്തിയും പ്രാധാന്യവും കോമണ്‍വെല്‍ത്തിലെ 53 രാജ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന നിഗമനമാണു അവയിലൊരു കാരണം.
1997 നു ശേഷം യോഗം ലണ്ടനില്‍ നടന്നു എന്നതും, സിംബാബ്‌വേ പോലുള്ള രാജ്യങ്ങളെ യോഗത്തിലേക്കു തിരികെ ക്ഷണിച്ചതുമൊക്കെ ഈ chogm ത്തിന്റെ മറ്റ് പ്രത്യേകതകളായിരുന്നു.

എന്തു കൊണ്ടാണ് കോമണ്‍വെല്‍ത്ത് ഇന്നും പ്രസക്തമെന്നു ചോദിച്ചാല്‍ പ്രധാനമായും അതിന് രണ്ട് ഉത്തരങ്ങളാണുള്ളത്. ഒന്നാമതായി അതിന്റെ പ്രവര്‍ത്തന മേഖല വിപുലമാണെന്നതാണ്. കോമണ്‍വെല്‍ത്തിന് ലോകമെങ്ങും സാന്നിധ്യമുണ്ട്. ആഫ്രിക്ക, ഏഷ്യ, കരീബിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, പസഫിക് എന്നിവിടങ്ങളിലായി 53 രാജ്യങ്ങള്‍ കോമണ്‍വെല്‍ത്ത് കൂട്ടായ്മയിലുണ്ട്. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയെന്ന പ്രത്യേകതയും കോമണ്‍വെല്‍ത്തിനുണ്ട്. ആഗോള തലത്തിലുള്ള ഈ വ്യാപ്തിയും(global reach) , വൈവിധ്യവും (diversity) കോമണ്‍വെല്‍ത്ത് എന്ന കൂട്ടായ്മയെയും, അതിലെ അംഗങ്ങളെയും, പൗരന്മാരെയും ശേഷി വികസിപ്പിക്കാനും (institutional development), ശേഷി വര്‍ധിപ്പിക്കാനും (capacity building) സഹായിക്കുന്നതിനൊപ്പം സാങ്കേതിക സഹകരണം(technical cooperation ), പ്രഫഷണല്‍ വികസനം ( professional development) തുടങ്ങിയവയിലൂടെ ശക്തിയാര്‍ജ്ജിക്കാനും പ്രേരിപ്പിക്കുന്നു എന്നതാണ്.

കോമണ്‍വെല്‍ത്തിനെ പ്രസക്തമാക്കുന്ന രണ്ടാമത്തെ കാര്യം അതിന്റെ ആദര്‍ശം തന്നെയാണെന്നു പറയാം. 2012 ഡിസംബര്‍ 14ന് അംഗീകരിച്ച കോമണ്‍വെല്‍ത്ത് ചാര്‍ട്ടറില്‍ 16 തത്വങ്ങള്‍ എടുത്തുപറയുന്നുണ്ട്. ജനാധിപത്യം, മനുഷ്യാവകാശം, സമാധാനം, സുരക്ഷ, ലിംഗ സമത്വം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയവയില്‍ കോമണ്‍വെല്‍ത്ത് അംഗങ്ങള്‍ പാലിക്കേണ്ട ചിട്ടകളാണ് ചാര്‍ട്ടറിലുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ കൂട്ടായ്മ മൂല്യവത്തായ പൊതു നന്മ പ്രദാനം ചെയ്യുന്നുണ്ട് എന്നതാണ്. പക്ഷേ, സാമൂഹികതലത്തില്‍ നന്മ പ്രദാനം ചെയ്യുമെന്നു വാഗ്ദാനം ചെയ്യുമ്പോഴും കോമണ്‍വെല്‍ത്തിനെ ഒരു സാമ്പത്തിക കൂട്ടായ്മയായി മാറ്റിയെടുക്കാന്‍ ബ്രിട്ടന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍, യുകെ ആഗ്രഹിക്കുന്നത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായി പരമാവധി വാണിജ്യകരാറുകള്‍ ഒപ്പിടുകയെന്നതായിരുന്നു. “Towards a common future” (സമാന ഭാവിയിലേക്ക് ഒരുമിച്ച്) എന്നായിരുന്നു ഈ വര്‍ഷത്തെ CHOGM ന്റെ theme. ഇതില്‍ നിന്നും മനസിലാക്കാം ഈ യോഗത്തിനു യുകെ നല്‍കുന്ന വാണിജ്യ താത്പര്യം. ഇപ്രാവിശ്യത്തെ CHOGM ന്റെ അജന്‍ഡയില്‍ തന്നെ വാണിജ്യ ചര്‍ച്ചകള്‍ക്ക് അമിത പ്രാധാന്യം നല്‍കാന്‍ ബ്രിട്ടീഷ് നേതാക്കള്‍ ശ്രമിച്ചെങ്കിലും മറ്റ് കോമണ്‍വെല്‍ത്ത് അംഗങ്ങള്‍ അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

ആഗോളതലത്തില്‍ യുകെയുടെ തന്ത്രപരമായ നിലനില്‍പ്പിനു കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പിന്തുണയും സഹകരണവും അത്യന്താപേക്ഷിതമാണെന്നതു ചില ഘടകങ്ങള്‍ വിലയിരുത്തിയാല്‍ മനസിലാവും. അവയിലൊന്നാണു കയറ്റുമതി. യുകെയുടെ 9% കയറ്റുമതി ഈ രാജ്യങ്ങളുമായിട്ടാണ്. എന്നാല്‍ പത്തു കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായിട്ടുള്ള യുകെയുടെ കയറ്റുമതിയുടെ കണക്ക് കൂട്ടിച്ചേര്‍ത്താല്‍ പോലും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട (ഇയു) ജര്‍മനിയെ (£48501 മില്യന്‍ ) അപേക്ഷിച്ചു കുറവാണ് എന്നുള്ളതും മറ്റൊരു യാഥാര്‍ഥ്യമാണ്.

കോമണ്‍വെല്‍ത്തിന്റെ പ്രത്യേക ചുമതലയുള്ള UK വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ബ്രിട്ടന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ വേണ്ട വിധം ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല, അവരെ പലപ്പോഴും തഴയുകയും ചെയ്തു’ എന്നതാണ്. ഈ തെറ്റ് തിരുത്താനുള്ള അവസരം കൂടിയായി ഇത്തവണത്തെ യോഗത്തെ മാറ്റാന്‍ ബ്രിട്ടന്‍ ശ്രമിച്ചു.

വ്യാപാര കമ്മിയും, നയതന്ത്രപരമായ ഇടപെടലുകളും (പ്രകോപനപരമായ ട്രംപ് ഭരണകൂടത്തിനു വിപരീതമായി) യുകെയുടെ മുന്നോട്ടുള്ള യാത്രകളെ സ്വാധീനിക്കും എന്നുള്ളതു നിസംശയം പറയാവുന്ന കാര്യമാണ്. അതു കൊണ്ടായിരിക്കണം, ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായ സുസ്ഥിര വികസനത്തില്‍ ഊന്നിയ സുദൃഢമായ ഭാവിയെ കുറിച്ചു യോഗത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ കോമണ്‍വെല്‍ത്ത് എന്നു പറയുന്ന ഒരു അനിബിഡമായ (loose) കൂട്ടായ്മയെ പറ്റി ബ്രിട്ടീഷുകാര്‍ക്കിടയില്‍ വേണ്ടത്ര മതിപ്പില്ലെന്നതാണു യാഥാര്‍ഥ്യം. ലോകത്തെ എന്നും അടക്കി ഭരിക്കണമെന്ന അവരുടെ കൊളോണിയല്‍ ചിന്താഗതി പൂര്‍ണമായിട്ടും ബ്രിട്ടീഷ് ചെറുപ്പകാര്‍ക്കിടയില്‍ നിന്നും ഇനിയും മാറിയിട്ടില്ല. ലേഖകന്‍ നടത്തിയ ഇടപെടലുകളില്‍ നിന്നും മനസിലായത്, അവര്‍ EU ന്റെ പ്രസക്തിയെപ്പറ്റി വാചാലരാവുമ്പോള്‍, കോമണ്‍വെല്‍ത്ത് എന്നത് ഒരു ബ്രിട്ടീഷ് രാജ് അഥവാ കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പായിട്ടു മാത്രമേ കണക്കാക്കുന്നുള്ളു. കോമണ്‍വെല്‍ത്തിനു സംഭവിച്ച കാലോചിതമായ പുരോഗതി അവര്‍ ഒന്നുകില്‍ അറിഞ്ഞിട്ടില്ല അല്ലെങ്കില്‍ അറിഞ്ഞിട്ടും അംഗീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

ഈ മനസ്ഥിതി മാറണമെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കിടയില്‍ വലിയ രീതിയില്‍ തന്നെ മാറ്റം സംഭവിക്കണം. ലോക സമ്പദ്ഘടനയില്‍ ഇന്ത്യയെ പോലെ മുന്നേറുന്ന രാജ്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും, ബ്രിട്ടീഷ്-ഇന്ത്യ ബന്ധങ്ങളെപ്പറ്റിയും അവബോധം കൈവരിക്കണം. ഇന്ത്യന്‍ കമ്പനിയായ ടാറ്റ, വര്‍ഷങ്ങള്‍ക്കു മുന്‍പു ജാഗ്വര്‍ ഏറ്റെടുത്തത് ഒഴിച്ചാല്‍, ഇന്ത്യ സാമ്പത്തികപരമായി കൈവരിച്ച ശക്തിയെ അവര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നതാണു വാസ്തവം. പക്ഷേ ബ്രിട്ടന്റെ ഈ ചിന്താഗതിയെ മാറ്റിയെടുക്കാന്‍ സ്വതന്ത്രവ്യാപാരത്തിനു (ഫ്രീ ട്രേഡ്) സാധിക്കുന്നുണ്ട്. ഇതു പക്ഷേ, പരസ്പര ധാരണയിലൂടെയും തുല്യ രീതിയിലുള്ള നയതന്ത്ര ബന്ധത്തെ ആശ്രയിച്ചുമിരിക്കും.

സാങ്കേതികവിദ്യ പകര്‍ന്നു നല്‍കുന്നതിലും, പങ്കാളിത്ത ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതും കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കിടയില്‍ ഒരു പരിധി വരെ ബ്രിട്ടന്റെ സ്ഥാനം സ്വീകാര്യമാക്കും. ഭാവിയില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നു വിശേഷിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനം, പ്ലാസ്റ്റിക് ഉപഭോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍,സമുദ്ര സംരക്ഷണം, സോളാര്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജസ്രോതസിനെ ഉപയോഗപ്പെടുത്തല്‍ എന്നീ മേഖലകളില്‍ ഊന്നി കൊണ്ട് പൊതുവായ പ്രശ്ങ്ങളെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയാറാവുകയും ചെയ്തു എന്നത് പ്രശംസയര്‍ഹിക്കുന്ന കാര്യമായി. യുകെയുടെ പിന്തുണയും നിക്ഷേപവും ഇതിനു മുതല്‍കൂട്ടാവുകയും ചെയ്യും. എന്നാല്‍ ഇക്കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന അകല്‍ച്ച ഇല്ലാതാക്കിയും, ഊര്‍ജ്ജസ്വലമായി കാര്യങ്ങള്‍ നിര്‍വഹിക്കാനും സാധിക്കണം.

രാജ്ഞിയും കോമണ്‍വെല്‍ത്തും

വൈകാരികമായ ഓര്‍മപ്പെടുത്തല്‍ കൂടെയായിരുന്നു 92-ാം പിറന്നാള്‍ ആഘോഷിച്ച എലിസബത്ത് രാജ്ഞി chogm ഉദ്ഘടനം നിര്‍വഹിച്ചത്. 8 രാജ്യങ്ങളില്‍ നിന്ന് 53 ഇലേക്കുള്ള പ്രയാണം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അനുസ്മരിച്ചതും രാജ്ഞിയുടെ പങ്കിനെ ഓര്‍മിച്ചു കൊണ്ടായിരുന്നു. എന്നാല്‍ ഭാവിയിലേക്കുള്ള യാത്രയില്‍ ഈ രാജ് (രാജ്ഞി) ഭരണം എത്രത്തോളം ഉപകരിക്കും വിഷയമാണ്. അതിനാല്‍ തന്നെ ചാള്‍സ് രാജകുമാരനെ കോമണ്‍വെല്‍ത്തിന്റെ ബാറ്റണ്‍ കൈമാറാന്‍ രാജ്ഞി താല്പര്യം പ്രകടിച്ചിപ്പോള്‍ പലവരും അതിനെ പൂര്‍ണ താല്പര്യത്തോടെ അല്ല സ്വീകരിച്ചത്. ലേഖകന്റെ അഭിപ്രായത്തില്‍, രാജ് ഭരണകൂടത്തിന്റെ ശേഷിപ്പില്‍ നിന്നു കോമണ്‍വെല്‍ത്തിനെ മോചിപ്പിക്കേണ്ട ചുമതല ആണു ചാള്‍സ് രാജകുമാരന്‍ നടത്തേണ്ടത്. അല്ലാത്തപക്ഷം പക്ഷപാതവും വേര്‍തിരിവും തുടര്‍ന്നു കൊണ്ടേയിരിക്കും. സാമ്പത്തിക, നയതന്ത്ര ഇടപാടുകളില്‍ വിള്ളലുകളും പിന്മാറ്റങ്ങളും ഉണ്ടാവാന്‍ സാധ്യത കൂടുകയും ചെയ്യും. സാമ്പത്തികമായി താഴോട്ട് പോകുന്ന രാജ്യങ്ങളെ മുന്‍പോട്ടു കുതിക്കുന്ന രാജ്യങ്ങളുടെ കൂട്ടമായ പ്രവര്‍ത്തികള്‍ ആണ് കോമണ്‍വെല്‍ത്തിന്റെ മുതല്‍കൂട്ടാവേണ്ടത്. അതിനായി ബ്രിട്ടനേക്കാള്‍ ഉപരി ഇന്ത്യ ചേര്‍ന്നിട്ടുള്ള എല്ലാ ചെറു-വലിയ രാജ്യങ്ങളും ഒറ്റ കെട്ടായി സ്വതന്ത്ര വ്യാപാരവും, ജനാധിപത്യവും, ന്യായ നീതികളിലും ഊന്നല്‍ നല്‍കികൊണ്ട് ഉള്ള ശൃഖലയായി അതിനെ വളര്‍ത്തി കൊണ്ടുവരേണ്ടത്.

ബ്രെക്‌സിറ്റിനു ശേഷം ഉള്ള ബ്രിട്ടന്‍ ഈ അവസരങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ് chogm ത്തില്‍ നിന്ന് നാം മനസിലാക്കേണ്ടത്. നരേന്ദ്ര മോദി തെരേസ മേ കൂടികാഴ്ചയില്‍ നിന്ന് ഉള്ള പ്രതീക്ഷകള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉടമ്പടികള്‍ നിന്ന് ‘സാമാന്യ ഉത്തരവാദിത്തം ‘ എന്ന ആശയം ആണ് കൂടുതല്‍ ഇരു രാജ്യങ്ങളും കോമണ്‍വെല്‍ത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്. ചൈന ഇല്ലാത്ത ഒരു സംഘടന എന്ന രീതിയിലും യുകയുടെ നേതൃത്വം അംഗീകരിക്കുന്നതുമായ കൂട്ടായ്മ എന്നതിലും ഇതിനു പ്രത്യേക പരിവേഷം ഉണ്ട്. നയതന്ത്രമായ കാര്യങ്ങളില്‍ എങ്ങെനെ സമാധാനപരമായതും ഫലപ്രദമായ രീതിയിലും ബ്രിട്ടന്‍ ഇടപെടും എന്നുള്ളത് നാം നോക്കി കാണേണ്ടതുണ്ട്.
……………….

(യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയില്‍ ഷെവനിംഗ് സ്‌കോളറാണ് ലേഖകന്‍)

Share this