one lakh covid 19 cases in india

3 എംപിമാരോടും 2 എംഎല്‍എമാരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം

Top Stories

പാലക്കാട്: 3 എംപിമാര്‍, 2 എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത മെഡിക്കല്‍ ബോര്‍ഡാണു എംപിമാരായ രമ്യ ഹരിദാസ്, ടി.എന്‍. പ്രതാപന്‍, വി.കെ. ശ്രീകണ്ഠന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്.

12ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഈ മാസം ഒന്‍പതിന് വാളയാര്‍ ചെക്ക് പോസ്റ്റിലെത്തി. ആ ദിവസം വാളയാറിലുണ്ടായിരുന്ന ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരെല്ലാം ക്വാറന്റീനില്‍ പോകണമെന്നാണു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന 172 പേരുടെ പട്ടികയാണു തയാറാക്കിയിട്ടുള്ളത്.


അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്കു കേരളത്തിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ചായിരുന്നു തൃശൂര്‍ കളക്ട്രേറ്റിനു മുന്‍പില്‍ ശനിയാഴ്ച കോണ്‍ഗ്രസ് എംപിമാര്‍ സമരം നടത്തിയത്.തുടര്‍ന്ന് ഇവര്‍ വാളയാറിലേക്ക് എത്തി. വാളയാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത് അന്യസംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്കു വരാനുള്ള പാസ് അനുവദിക്കുന്നില്ലെന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുന്നതിനിടെയാണു മലപ്പുറം സ്വദേശി വാളയാറിലെത്തിയത്. ഇയാള്‍ക്ക് 12 ന് കോവിഡ് 19 പോസിറ്റീവാണെന്നു പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണു എംപി, എംഎല്‍എ അടക്കമുള്ളവരോട് ക്വാറന്റീനില്‍ പ്രവേശിക്കണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്.


എന്നാല്‍ ജനപ്രതിനിധികളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Summary: Five Congress leaders asked to go quarantine

Share this