ബിനാലെയില്‍ ഇന്ന് ഇന്തോ-ആഫ്രിക്കന്‍ സംഗീത പരിച്ഛേദം ‘റിസറക്ഷന്‍സ് എന്‍സെംബിള്‍’

Uncategorized

കൊച്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായുള്ള സാമൂഹ്യ രാഷ്ട്രിയ ബന്ധത്തെ വാക്കുകളാലും ശബ്ദങ്ങളാലും ഭാവങ്ങളാലും പ്രതിധ്വനിപ്പിക്കുന്ന ‘റിസറക്ഷന്‍സ് എന്‍സെംബിള്‍’ എന്ന സംഗീത പരിപാടിക്ക് കൊച്ചി മുസിരിസ് ബിനാലെ ഇന്ന് വേദിയാകുന്നു. മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരമ്പരാഗതവും നൂതനവുമായ പ്രവണതകള്‍ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന പരിപാടിയില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഗോത്ര ഭാഷയായ സൂലുവിലെ രാഗാധിഷ്ഠിത സംഗീതം മുതല്‍ ആധുനിക സംഗീതം വരെ ഇഴചേര്‍ത്തിട്ടുണ്ട്. വ്യത്യസ്തമായ പ്രതീക്ഷകളോടെ പഴയകാലത്ത് പാടിയിരുന്നവര്‍ നേരിട്ട ദുഖാനുഭവങ്ങളും അവയില്‍നിന്ന് സംസ്‌കാരത്തിലൂടെയും കലയിലൂടെയും മോചനം നേടുന്നതുമായ ദര്‍ശനം മറ്റൊരു ലോകത്തില്‍ സാധ്യമാവുന്നതുമാണ് പരിപാടിയുടെ സന്ദേശമെന്ന് ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാല അദ്ധ്യാപിക പ്രൊഫസര്‍ സുമംഗല പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ കവി അരി സിതാസും ഇന്ത്യന്‍ ഗായിക സുമംഗല ദാമോദരനുമായുള്ള ആശയവിനിമയത്തിലൂടെയാണ് 2010ല്‍ ഇതു സംബന്ധിച്ച ആശയമുണ്ടായത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ അരിസിതാസും പിതീകാ എന്‍ടൂളിയും ഇന്ത്യയില്‍ നിന്നുള്ള സബിതാ ടിപിയും വിവേക് നാരായണനും ചേര്‍ന്ന് പ്രമേയത്തിലധിഷ്ഠിതമായ കവിതാ സമാഹാരം ഉണ്ടാക്കി.
പതിനാറു പേരാണ് എന്‍സെംബിളില്‍ പങ്കാളികളാകുന്നത്. ഇവരില്‍ ‘ത്രെഡ്‌സ് ഓഫ് സോറോ’ എന്ന അവതരണത്തില്‍ 13 പേര്‍ അണിനിരക്കും.
കലാവിദ്യാഭ്യാസത്തില്‍ മുന്നേറ്റം കുറിക്കുന്നതിന്റെ ഭാഗമായി യുവ കലാപ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി ഡിസംബര്‍ 18 മുതല്‍ 23 വരെ രണ്ട് ശില്‍പശാലകള്‍ നടത്തുന്നുണ്ട്. എല്ലാ വര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഡിസംബര്‍ 18,19 തീയതികളില്‍ നടക്കുന്ന ആദ്യ ‘ഓല കളരി’ എന്ന ശില്‍പശാലയ്ക്ക് കലാകാരനായ ജോണ്‍ ബേബി നേതൃത്വം നല്‍കും. ഓല മെടയുന്നതിനും അതില്‍ കലാസൃഷ്ടികള്‍ രൂപപ്പെടുത്തുന്നതിനുമാണ് പരിശീലനം നല്‍കുക. ഡിസംബര്‍ 21 മുതല്‍ 23 വരെ നടക്കുന്ന ‘കളിമണ്‍കളരി’ എന്ന ശില്‍പശാലയ്ക്ക് ആര്‍ട്ടിസ്റ്റ് ജയന്‍ വികെ നേതൃത്വം നല്‍കും. ശില്‍പ നിര്‍മ്മാണത്തിനാണ് പ്രമുഖ്യം നല്‍കുക. സമകാലീന ശൈലിയിലുള്ള ജയന്റെ കലാരൂപങ്ങള്‍ പരമ്പരാഗത തനിമ നിറഞ്ഞതാണ്.

Share this