പന്ത് പുറത്ത്; പകരമെത്തുന്നത് വൃദ്ധിമാന്‍ സാഹ

Sports

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിനു പകരം വൃദ്ധിമാന്‍ സാഹയെ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലോകകപ്പിനുശേഷം ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണിപ്പോള്‍ സാഹയ്ക്ക് നറുക്ക് വീണിരിക്കുന്നത്.

ധോണിയ്ക്കു ശേഷം ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടതില്‍ അധികവും പന്തിന്റെ പേരായിരുന്നു. ഇന്ത്യന്‍ ടീമിന് പന്തിലുണ്ടായിരുന്ന പ്രതീക്ഷയും വളരെ വലുതായിരുന്നു. എന്നാല്‍ ലോകകപ്പിനുശേഷം ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും പന്ത് നേരിടുകയുണ്ടായി. ഇതിനു പിന്നാലെയാണിപ്പോള്‍ പന്തിനു പകരം സാഹയെത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ഇതുവരെ താരം 32 ടെസ്റ്റുകള്‍ സാഹ കളിച്ചിട്ടുണ്ട്. മൈസൂരുവില്‍ വച്ചു നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചതും.

ഒക്ടോബര്‍ രണ്ടു മുതല്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ മൊത്തം മൂന്നു മത്സരങ്ങളാണുള്ളത്. വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ആര്‍. അശ്വിന്‍ കളിച്ചേക്കുമെന്ന സൂചനയും കൊഹ്ലി നല്‍കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍.

Share this