Stimulus Package

ഉത്തേജന പാക്കേജിലെ പൊള്ളത്തരങ്ങള്‍

Top Stories

രാജ്യത്തെ 11 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന, ജിഡിപിയുടെ അഥവാ ആഭ്യന്തര ഉത്പാദനത്തിലേക്ക് 33% സംഭാവന ചെയ്യുന്ന, കയറ്റുമതിയുടെ 40% കൈകാര്യം ചെയ്യുന്ന എംഎസ്എംഇ (സൂക്ഷ്മ, ചെറിയ,ഇടത്തരം) സ്ഥാപനങ്ങളെ അവഗണിക്കാന്‍ ഇന്ത്യയില്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. കോവിഡ് 19 പ്രതിസന്ധിയില്‍ തകര്‍ന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജില്‍ വലിയ പങ്ക് ഈ മേഖലയ്ക്കായി സര്‍ക്കാര്‍ നീക്കി വയ്ക്കുമെന്നു പരക്കെ പ്രതീക്ഷിച്ചിരുന്നു.

മേയ് 13നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉത്തജന പാക്കേജിലെ 5.94 ലക്ഷം കോടി രൂപ ഏത് രീതിയില്‍ ചെലവഴിക്കുമെന്നു വിശദീകരിച്ചപ്പോള്‍, അതില്‍ എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കു വേണ്ടി 3 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്ന് പ്രഖ്യാപിക്കയുണ്ടായി. പാക്കേജിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഈ അവകാശവാദത്തിന്റെ പൊള്ളത്തരം പുറത്ത് വരുന്നത്. പ്രഖ്യാപിതമായ 3 ലക്ഷം കോടിയില്‍ 16,500 കോടി രൂപ മാത്രമേ നേരിട്ടുള്ള പണചിലവായി കേന്ദ്ര സര്‍ക്കാരിനുള്ളൂ എന്നതാണ് അമ്പരപ്പിക്കുന്ന ഒരു വസ്തുത.
ഈ മേഖലയ്ക്കു വേണ്ടി നേരിട്ടു പണം ഇറക്കാതെ ബാങ്കുകള്‍ വഴി 45 ലക്ഷം എംഎസ്എംഇ (സൂക്ഷ്മ, ചെറിയ,ഇടത്തരം) സ്ഥാപനങ്ങള്‍ക്ക് അധിക ഈടില്ലാതെ 4 വര്‍ഷത്തേക്ക് എമര്‍ജന്‍സി വായ്പ ഉറപ്പാക്കാനുള്ള നടപടികളും ക്രെഡിറ്റ് ഗാരന്റി നടപടികളുമാണു സര്‍ക്കാര്‍ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്, ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരിനു നേരിട്ടു വലിയ സാമ്പത്തിക ബാധ്യതയില്ല എന്നും കാണാം.

പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത് വായ്പ ലഭിക്കാനുള്ള മാനദണ്ഡം എന്നത് 25 കോടിയില്‍ താഴെ വായ്പയും 100 കോടി വരെ വിറ്റുവരവുള്ള സംരംഭമായിരിക്കണം എന്നതാണ്. ബാങ്കുകള്‍ സാധാരണഗതിയില്‍ ഓവര്‍ ഡ്രാഫ്റ്റ് അല്ലെങ്കില്‍ ടേം ലോണിനു പരിഗണിക്കുമ്പോള്‍ നിലവില്‍ അവര്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള വായ്പയുടെ 2 ഇരട്ടിവരുന്ന വാര്‍ഷിക വിറ്റുവരവുണ്ടെങ്കില്‍ മാത്രമാണു പുതിയ വായ്പ അനുവദിക്കുക. അതായത് ബാങ്ക് നല്‍കിയ വായ്പ തുക ഒരു സാമ്പത്തികവര്‍ഷത്തില്‍ 2 തവണയെങ്കിലും കമ്പനി വിപണിയില്‍ എത്തിച്ച് തിരികെ ലാഭ സഹിതം അക്കൗണ്ടില്‍ എത്തിച്ചിരിക്കണം. ഇങ്ങനെ വായ്പയുടെ 2 ഇരട്ടി വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളെയാണ് ആരോഗ്യമുള്ള കമ്പനികളായി ബാങ്കുകള്‍ കണക്കാക്കുന്നത്.

ഇവിടെ 25 കോടിയില്‍ താഴെ വായ്പയുള്ള കമ്പനി 100 കോടി വിറ്റുവരവ് എന്ന നിബന്ധന പറയുമ്പോള്‍ വായ്പ്പതുക 4 ഇരട്ടിയായി വിറ്റ് വരവ് നേടുന്ന കമ്പനി എന്നാണര്‍ഥം. ഈ ഉയര്‍ന്ന അനുപാതത്തില്‍ വിറ്റുവരവ് നേടുന്ന സംരംഭത്തിനു ഗവണ്‍മെന്റ് ഇടപെടല്‍ ഇല്ലാതെ തന്നെ ബാങ്കുകള്‍ നിലവില്‍ ലോണ്‍ നല്‍കും പിന്നെന്തിനാണ് ഉത്തേജന പാക്കേജ് ?

സാധാരണ ടേം ലോണുകള്‍ 7-15 വര്‍ഷത്തേക്കാണ് കമ്പനികള്‍ എടുക്കുക, പലിശ ഇളവില്ലാതെ 1 വര്‍ഷത്തേക്ക് മൊറട്ടോറിയം മാത്രമുള്ള 4 വര്‍ഷം മാത്രം കാലാവധിയുളള ഇപ്പോഴത്തെ വായ്പയുടെ തിരിച്ചടവ് നാളെ കമ്പനികള്‍ക്ക് വലിയ ബാധ്യതയാകും എന്ന് ഒരു വാദവുമുണ്ട്. കൂടുതല്‍ വായ്പ നല്‍കുന്നതിന് പകരം ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും വായ്പകളുടെ പലിശ പൂര്‍ണ്ണമായി ബാങ്കുകള്‍ ഇളവ് ചെയ്യുകയും ഈ നഷ്ടം സര്‍ക്കാര്‍ അവര്‍ക്ക് നികത്തുകയും ചെയ്യുന്നതായിരിക്കും കുറച്ച് കൂടി നല്ലതെന്ന് വ്യവസായികള്‍ ചൂണ്ടി കാട്ടുന്നുണ്ട് .

പുതിയ വായ്പ നല്‍കുന്നതിനെപ്പറ്റി പറയുമ്പോഴും പഴയ വായ്പകളെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല ആശ്വാസ നടപടികളുമില്ല.

കടക്കെണിയിലായ 2 ലക്ഷത്തോളം വരുന്ന സംരഭങ്ങള്‍ക്കായി 20000 കോടി സബോര്‍ഡിനേറ്റ് വായ്പ നല്‍കുമെന്ന് കേന്ദ്രം പറയുമ്പോഴും യഥാര്‍ഥത്തില്‍ 4000 കോടി ക്രെഡിറ്റ് ഗാരന്റ്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസിനു നല്‍കി അവര്‍ ബാങ്കുകള്‍ക്ക് ഈ മേഖലയ്ക്കു നല്‍കുന്ന വായ്പകള്‍ക്കു ഭാഗികമായി ക്രെഡിറ്റ് ഗാരന്റി നല്‍കുകയുമാണു ചെയ്യുന്നത്.ഈ നടപടി കൊണ്ട് കിട്ടാക്കട കാറ്റഗറിയില്‍ കിടക്കുന്ന കമ്പനികള്‍ക്ക് ബാങ്കുകള്‍ ഇനിയും കടം നല്‍കുമോ എന്ന് കണ്ടറിയണം.

നല്ല രീതിയില്‍ ബിസിനസ്സ് നടത്തുന്ന കമ്പനികളും,കിട്ടാക്കടം ഉള്ള കമ്പനികളും പാക്കേജില്‍ ഇടം കണ്ടെത്തിയിട്ടുണ്ടെങ്കിലും നോട്ട് നിരോധനവും,പീന്നീട് ജിഎസ്ടിയും മൂലം കഴിഞ്ഞ 2 – 3 വര്‍ഷത്തെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തളര്‍ച്ച കാരണം ശരാശരി രീതിയിലോ, ശരാശരിക്ക് താഴെയോ പ്രകടനം കാഴ്ച വയ്ക്കുന്ന സംരംഭങ്ങള്‍ക്ക് ഒരു പരിഗണനയും ഈ പാക്കേജ് നല്‍കുന്നില്ല എന്നത് ദു:ഖകരമാണ്. ഈ കമ്പനികള്‍ വായ്പകള്‍ മുടങ്ങാതെ തിരിച്ചടക്കുന്നവരാണ്, പക്ഷെ സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന വളര്‍ച്ച കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരാണ്. ഇപ്പോള്‍ സഹായിച്ചില്ലെങ്കില്‍ നാളെ ബാങ്കുകളുടെ നോണ്‍ പെര്‍ഫോമിംഗ് അസറ്റ് ലിസ്റ്റിലേക്ക് ഇവര്‍ ഇടം പിടിക്കും. ലക്ഷക്കണക്കിന് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ഉണ്ട് അവരേയും സര്‍ക്കാര്‍ പരിഗണിക്കണം എന്ന് ആവശ്യം ഉയരുന്നുണ്ട്.

മറ്റൊരു നടപടി 200 കോടി വരെയുള്ള സര്‍ക്കാര്‍ സംഭരണത്തിനു വിദേശകമ്പനികളെ ഒഴിവാക്കി ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കും എന്നതാണ്. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരങ്ങള്‍ നല്‍കും പക്ഷെ ഈ നടപടി നടപ്പിലാകാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണച്ചിലവില്ല.
ചുരുക്കത്തില്‍ കണക്കുകള്‍ കൊണ്ട് അമ്പരിപ്പിച്ച് കാര്യമായി കൈ നനയാതെ വലിയ ഉത്തേജന പാക്കേജ് കൊണ്ട് വന്നു എന്ന പ്രതീതി ഉണ്ടാക്കലാണ് എംഎസ് എംഇ സെക്ടറിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഇടപെടല്‍.

(ലേഖകന്‍ മുന്‍ കേന്ദ്രമന്ത്രി ഹെന്റി ഓസ്റ്റിന്റെ ചെറുമകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റുമാണ്).

Summary: Analysis of stimulus package by central government.

Share this