കള്ളനെന്നു കരുതി റഷ്യക്കാരനെ അടിച്ചു പതം വരുത്തി; സംഭവം തെലങ്കാനയില്‍

Uncategorized

 

ഹൈദരാബാദ്: കള്ളനെന്നു കരുതി റഷ്യക്കാരന്‍ സൈക്ലിസ്റ്റും 44-കാരനുമായ വി ഒലഗിനെ തെലങ്കാനയിലെ കര്‍ഷകനും ഗ്രാമവാസികളും ചേര്‍ന്നു അടിച്ചു പതം വരുത്തി. തെലങ്കാനയിലെ കമാറെഡ്ഢി ജില്ലയില്‍ കഴിഞ്ഞ ദിവസമാണു സംഭവമുണ്ടായത്. സൈക്കിള്‍ ഓട്ടക്കാരനായ ഒലഗ് ഇന്ത്യയില്‍ പര്യടനത്തിനെത്തിയതാണ്. നിസാമാബാദില്‍നിന്നും മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലേക്കു സൈക്കളില്‍ സഞ്ചരിക്കുകയായിരുന്നു ഒലഗ്. എന്നാല്‍ ഇടിമുഴക്കം വന്നതോടെ അദ്ദേഹം സമീപമുള്ള കൃഷിയിടത്തില്‍ ടെന്റ് അടിച്ചു കെട്ടി വിശ്രമിച്ചു. ഈ സമയമാണു കര്‍ഷകന്‍ കൃഷിയിടത്തില്‍ റോന്ത് ചുറ്റാനിറങ്ങിയത്. അപ്പോള്‍ ടെന്റ് അടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ ടെന്റിനു സമീപമെത്തി. തെലുങ്ക് ഭാഷയില്‍ രൂക്ഷമായി സംസാരിച്ചു. ഇതിനര്‍ഥം മനസിലാകാത്തതിനെ തുടര്‍ന്ന് റഷ്യക്കാരനായ ഒലഗ്, ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ആപ്പ് ഓണ്‍ ചെയ്യാനായി ഫോണ്‍ എടുത്ത നിമിഷം തന്നെ കര്‍ഷകന്‍ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് എടുത്ത് ഒലഗിനെ അടിച്ചു. അധികം താമസിയാതെ തന്നെ ഗ്രാമവാസികളും ഓടിക്കൂടി ഒലഗിന്റെ മുതുകില്‍ പൊതുയോഗം നടത്തി.

അന്തരീക്ഷത്തില്‍ ഇടിമിന്നലുണ്ടായപ്പോള്‍ സുരക്ഷ ലഭിക്കാനാണ് ഒലഗ് ടെന്റ് അടിച്ച് അതിനുള്ളില്‍ കയറിയിരുന്നതെങ്കിലും, ടെന്റിനുള്ളിലായിരുന്നു പിന്നീട് ശരിക്കുമുള്ള ഇടിയും മിന്നലും.
സംഭവ ശേഷം ഒലഗിനെ ഹൈദരാബാദിലുള്ള ഇസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലത് കൈയ്ക്കും തലയ്ക്കും, താടിയെല്ലിനും ക്ഷതമേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

Share this