സച്ചിന്‍  ബാര്‍ബര്‍ ഷോപ്പിലെത്തി ഷേവ് ചെയ്തു, കാരണം അറിയുമോ ?

India

 

ന്യൂഡല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുപിയിലുള്ള ഒരു ബാര്‍ബര്‍ ഷോപ്പിലെത്തി കഴിഞ്ഞ ദിവസം ഷേവ് ചെയ്യുകയുണ്ടായി. ഇതിന്റെ ചിത്രം മേയ് മൂന്നിന് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് എന്തു കൊണ്ടാണു സച്ചിന്‍ യുപിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യാനെത്തിയത് എന്ന ചോദ്യം ഉയര്‍ന്നത്.
യുപിയിലെ ബന്‍വാരി ടോല ഗ്രാമത്തിലുള്ള നേഹ, ജ്യോതി എന്നിവര്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണു സച്ചിന്‍ ഷേവ് ചെയ്തത്. നേഹയുടെയും ജ്യോതിയുടെയും പിതാവായിരുന്നു ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നത്. എന്നാല്‍ 2014-ല്‍ അദ്ദേഹത്തിന് അനാരോഗ്യം കാരണം ജോലിയില്‍നിന്നും വിട്ടുനില്‍ക്കേണ്ടി വന്നു. ഇതേ തുടര്‍ന്നാണു നേഹയും ജ്യോതിയും ബാര്‍ബര്‍ ഷോപ്പിന്റെ ചുമതലയേറ്റത്. എങ്കിലും നേഹയ്ക്കും ജ്യോതിക്കും ജോലിയില്‍ തുടരുകയെന്നത് എളുപ്പമായിരുന്നില്ല. കാരണം ബാര്‍ബറിന്റെ ജോലി പൊതുവേ ചെയ്യുന്നത് ആണുങ്ങളാണ്. ബന്‍വാരി ടോല പോലൊരു ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ ബാര്‍ബറിന്റെ ജോലി ചെയ്യുന്നത് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. അല്ലെങ്കില്‍ അവര്‍ പെണ്‍കുട്ടികള്‍ ഈ ജോലി ചെയ്യുന്നത് സന്ദേഹത്തോടെയാണു നോക്കി കാണുന്നത്. ഈയൊരു കാരണത്താല്‍ നേഹയ്ക്കും ജ്യോതിക്കും ബാര്‍ബര്‍ ഷോപ്പില്‍ ആണ്‍കുട്ടികളുടെ വേഷം ധരിക്കേണ്ടി വന്നു. എന്നാല്‍ നാല് വര്‍ഷത്തോളം വേഷം മാറി ജീവിച്ചെങ്കിലും പിന്നീട് ഇവര്‍ ലോകത്തിനു മുന്‍പില്‍ ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തി. ജീവിക്കാന്‍ വേണ്ടി നേഹയും ജ്യോതിയും അനുഭവിച്ച ബുദ്ധിമുട്ട് മാധ്യമങ്ങളിലൂടെ സച്ചിന്‍ അറിഞ്ഞു. ഇതേ തുടര്‍ന്നാണു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സച്ചിന്‍ കഴിഞ്ഞ ദിവസം ഷേവ് ചെയ്യാനെത്തിയത്.
ഷേവിംഗ് കഴിഞ്ഞതിനു ശേഷം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ഷേവിംഗിനെ പ്രശംസിച്ച് കുറിപ്പിടുകയും ചെയ്തു.

 

Share this