സാമൂതിരിയുടെ തട്ടകത്തില്‍ ജനകീയരുടെ നേര്‍പ്പോര്

Top Stories

author

കലയുടേയും സാഹിത്യത്തിന്റെയും നാടാണു കോഴിക്കോട്. നഗര ഹൃദയത്തിലെ മാനാഞ്ചിറ മൈതാനം പോലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ മനസും ആവോളം സ്‌നേഹവുമുള്ളവരുടെ നാട്. പെരുമയേറിയ കോഴിക്കോടന്‍ ബിരിയാണിയും ഹല്‍വയും ഒരിക്കലെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. ആരെയും എപ്പോഴും സഹായിക്കാന്‍ ഒരു മടിയുമില്ലാത്തവരാണു കോഴിക്കോട്ടുകാര്‍. സായാഹ്നങ്ങളില്‍ ഗസല്‍ ആസ്വദിച്ചു കടപ്പുറത്തു കടലയും കോഴിക്കോടിന്റെ മാത്രം ഐസ് സിഞ്ചിബറീസും കഴിച്ച് നടക്കുമ്പോഴും നല്ലതും ചീത്തയും വേഗം തിരിച്ചറിയുന്ന ശരാശരി കോഴിക്കോടുകാരന്റെ മനസ് ഓരോ ഇലക്ഷന്‍ ഫലത്തിലും പ്രകടമാണ്.

മലബാറിന്റെ തലസ്ഥാനമെന്ന വിളിപ്പേര് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്ന നാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം സാമൂതിരിയുടെ തട്ടകത്തിലെത്തുമ്പോള്‍ ഇത്തവണ ചൂട് പതിലും അധികം. കോഴിക്കോട്ടുകാര്‍ ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം ആര്‍ക്ക് എന്ന് ഇനിയും തീരുമാനിച്ചിട്ടുണ്ടാകില്ല. ചൂടകറ്റാന്‍ നല്ലത് തണുത്ത ജൂസോ അതോ വത്തക്കയോ (തണ്ണിമത്തന്‍) എന്നു തീരുമാനിക്കാന്‍ അല്‍പ്പം ആലോചിക്കുന്ന കോഴിക്കോടുകാരന്റെ മനസാണ് ഈ തെരഞ്ഞെടുപ്പ് വോട്ടിങ്ങില്‍ പ്രകടമാകുന്നത്.

വിരുന്നുകാരനായി വന്നു വീട്ടുകാരനായി മാറിയ സിറ്റിങ് എംപി പയ്യന്നൂര്‍കാരന്‍ എം.കെ. രാഘവനെ കോണ്‍ഗ്രസ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി കളത്തിലിറക്കുമ്പോള്‍ ഇടതിന്റെ മറുപടി കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ്കുമാറാണ്. ശബരിമല വിഷയത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു കൂടിയെത്തുന്നതോടെ മണ്ഡലത്തിലെ പോരാട്ടത്തിന് ഉച്ചവെയിലിന്റെ കാഠിന്യം.

ജനകീയരായ രണ്ട് പേര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ജനമാണ് ആശയക്കുഴപ്പത്തിലായത്. 10 വര്‍ഷമായി കോഴിക്കോട്ടുകാരുടെ സ്‌നേഹം ആവോളം വാങ്ങിയതിനൊപ്പം വികസന കാര്യത്തില്‍ നാടിന് വേണ്ടതെല്ലാം ചെയ്ത എം.കെ. രാഘവന്‍, മറുവശത്ത് സംസ്ഥാനത്തിനാകെ മാതൃകയായി പ്രിസം പദ്ധതിയിലൂടെ കോഴിക്കോട്ടെ സ്‌കൂളുകളുടെ മുഖച്ഛായമാറ്റിയ എ. പ്രദീപ്കുമാര്‍. കൂട്ടലും കിഴിക്കലും നടത്തി ഇവരിലൊരാളെ കണ്ടെത്തുകയെന്നത് അത്രയെളുപ്പമല്ലെന്ന് കോഴിക്കോട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നേടിയ 16599 വോട്ടിന്റെ വന്‍മാര്‍ജ്ജിനാണ് എം.കെ. രാഘവന് തുണയായത്. ഇടതിന്റെ ശക്തികേന്ദ്രമായ ബാലുശേരിയിലും പ്രദീപ്കുമാറിന്റെ മണ്ഡലമായ കോഴിക്കോട് നോര്‍ത്തിലും ഇടതുപക്ഷം പിന്നിലായി. ഈ കോട്ടകളിലെ വോട്ടുചോര്‍ച്ച പരമാവധി കുറയ്ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിത്വമാണ് പ്രദീപ്കുമാറിന്റെത്.

മറുവശത്ത് വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ യുഡിഎഫിന് ലഭിക്കുന്ന മൈലേജ് കോഴിക്കോടിനും ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇടതുമുന്നണിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള ഇവിടെ ലോക്‌സഭയിലേക്ക് കൂടുതല്‍ തവണ യുഡിഎഫിനെ പിന്തുണച്ച ചരിത്രവും തങ്ങള്‍ക്ക് അനുകൂലമാണെന്ന് അവര്‍ അവകാശപ്പെടുന്നു.

ശബരിമല വിഷയത്തില്‍ നേടിയ മുന്‍തൂക്കവും ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷവും വര്‍ദ്ധിച്ചു വരുന്ന വോട്ട് ഷെയറുമാണ് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ പ്രകാശ്ബാബുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം നടന്ന അറസ്റ്റ് രാഷ്ട്രീയമായി തങ്ങള്‍ക്ക് ഗുണമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
കോഴിക്കോടിന്റെ ലോക്‌സഭീ മത്സര ചരിത്രം വലതുപക്ഷ ആഭിമുഖ്യത്തിന്റെതാണ്. ഇടതുമുന്നണിക്ക് നിയമസഭ തെരഞ്ഞെടുപ്പിലും മറ്റ് എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്‍തൂക്കം നല്‍കുന്ന കോഴിക്കോട്ടുകാര്‍ പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ അല്‍പ്പം വത്യസ്തരാണ്.
1951 ലെ തെരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ അച്യുതന്‍ ദാമോദരന്‍ മേനോനാണ് വിജയിച്ചത്. 1957 ല്‍ കോണ്‍ഗ്രസിലെ കെ.പി കുട്ടികൃഷ്ണന്‍ നായര്‍, 1962ല്‍ – മുന്‍ മുഖ്യമന്ത്രി മുസ്ലീംലീഗിലെ സി. എച്ച്. മുഹമ്മദ്‌കോയ, 1967 ല്‍ സിപിഎമ്മിന്റെ ഇ.കെ. ഇമ്പിച്ചിബാവ, 1971 ല്‍ ലീഗിലെ ഇബ്രഹിം സുലൈമാന്‍ സേഠ് എന്നിവര്‍ കോഴിക്കോടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു.

1977 ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി.എ. സെയ്ദ്മുഹമ്മദ് ഭാരതീയ ലോക്ദളിലെ എം. കമലത്തെ 13704 വോട്ടിന് പരാജയപ്പെടുത്തി. 1980 ല്‍ സിപിഎമ്മിലെ ഇ.കെ. ഇമ്പിച്ചിബാവ ജനതാപാര്‍ട്ടിയിലെ അരങ്ങില്‍ ശ്രീധരനെ 40695 വോട്ടിന് മറികടന്നു. 1984 ല്‍ കോണ്‍ഗ്രസിലെ കെ.ജി. അടിയോടി അഖിലേന്ത്യ ലീഗിലെ മൊയ്തീന്‍കുട്ടി ഹാജിയെ 54061 വോട്ടിന് തോല്‍പ്പിച്ചു. 1989 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ സിപിഎമ്മിലെ ഇ.കെ. ഇമ്പിച്ചിബാവയെ 28957 വോട്ടിന് പരാജയപ്പെടുത്തി. 1991 ല്‍ വിജയം ആവര്‍ത്തിച്ച മുരളീധരന്‍ പരാജയപ്പെടുത്തിയത് ജനതാദളിലെ എം.പി. വീരേന്ദ്രകുമാറിനെ. ഭൂരിപക്ഷം- 15884. 1996 ല്‍ വീരേന്ദ്രകുമാര്‍ കണക്കു തീര്‍ത്തു. 38703 വോട്ടിന് മുരളീധരനെ മറികടന്നു. 1998 ല്‍ കോണ്‍ഗ്രസിലെ പി. ശങ്കരന്‍ എം.പി വീരേന്ദ്രകുമാറിനെ 18657 വോട്ടിനും 1999 ല്‍ കെ. മുരളീധരന്‍ 50402 വോട്ടിന് ജനതാദളിലെ സി.എം ഇബ്രഹാമിനെയും 2004 ല്‍ എം.പി. വീരേന്ദ്രകുമാര്‍ 65324 വോട്ടിന് കോണ്‍ഗ്രസിലെ വി. ബലറാമിനെയും പരാജയപ്പെടുത്തി.
മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം 2009 ല്‍ നടന്ന തെരഞ്ഞെടുപ്പ് കോഴിക്കോട് സംഭവ ബഹുലമായിരുന്നു. ജനതാദളില്‍ നിന്ന് സിപിഎം ഏകപക്ഷീയമായി സീറ്റ് ഏറ്റെടുത്തതില്‍ പ്രതിക്ഷേധിച്ച് വീരേന്ദ്രകുമാറും കൂട്ടരും യുഡിഎഫില്‍ ചേക്കേറി. കോഴിക്കോടിന്‍ രാഷ്ട്രീയത്തില്‍ ഇടത് ബദല്‍ സൃഷ്ടിച്ച് ആര്‍എംപി രൂപീകൃതമായ സമയം. ഈ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിനായി പോരിനിറങ്ങിയ പി.എ. മുഹമ്മദ് റിയാസ് കോണ്‍ഗ്രസിലെ എം.കെ. രാഘവനോട് 838 വോട്ടിന് പരാജയപ്പെട്ടു.

അപരിചിതനായെത്തി വിജയം കൈപ്പിടിയിലാക്കിയ രാഘവന്‍ ജനകീയ മുഖത്തോടെ 2014 ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടത് ഇപ്പോഴത്തെ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍. 838 ല്‍ നിന്നും 16883 വോട്ടായി രാഘവന്‍ ഭൂരിപക്ഷം ഉയര്‍ത്തി.
2016 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് ഇടതുമുന്നണി കാഴ്ച്ചവച്ചത്. കോഴിക്കോട് ലോക്‌സഭാ അതിര്‍ത്തിയില്‍ കോഴിക്കോട് സൗത്തില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. നിയമസഭ കണക്ക്പ്രകാരം 92208 വോട്ടിന്റെ മുന്‍തൂക്കം ഇടതുപക്ഷത്തിനുണ്ട്.
കോഴിക്കോടിന്റെ രാഷ്ട്രീയത്തില്‍ പുതിയ സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞ ശേഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യുഡിഎഫിനൊപ്പമായിരുന്ന ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഇത്തവണ ഇടതിനൊപ്പമാണ്. സോഷ്യലിസ്റ്റ് ചേരിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കോഴിക്കോട് ഇത്തവണ ഇവരെല്ലാം പൂര്‍ണ്ണമായും എല്‍ഡിഎഫിനെ തുണയ്ക്കുന്നു. എന്നിരുന്നാലും എം.കെ. രാഘവന്റെ മികവ് ഗുണം ചെയ്യുമെന്ന് യുഡിഎഫ്.

2014 ലെ തെരഞ്ഞെടുപ്പ് ഫലം

എം.കെ. രാഘവന്‍ (കോണ്‍ഗ്രസ്)- 397615
എ. വിജയരാഘവന്‍ (സിപിഎം)- 380732
സി.കെ. പത്മനാഭന്‍ (ബി.ജെ.പി)- 115760
കെ.പി. രതീഷ് (ആംആദ്മി)- 13934
മുസ്തഫ കൊമ്മേരി (എസ്.ഡി.പി.ഐ)- 10596
എന്‍.പി. പ്രതാപ്കുമാര്‍ (ആര്‍.എം.പി)- 6993
എം. വിജയരാഘവന്‍ (സ്വത)- 2665
എം. രാഘവന്‍ (സ്വത) 2331
കെ. വിജയരാഘവന്‍ (സ്വത) 1991
കെ.പി. വേലായുധന്‍ (ബി.എസ്.പി) 1909
വി.എം. രാഘവന്‍ (സ്വത) 964
ത്രിച്ചൂര്‍ നസീര്‍ (സ്വത) 664
മുഹമ്മദ് റിയാസ് (സ്വത) 473
നോട്ട 6381

Share this